ഇത്തവണത്തെ ശബരിമല തീർത്ഥാടന കാലം പൂർത്തിയായാലുടൻ ഏരുമേലിയിലെ ഭവന നിർമ്മാണ ബോർഡിൻ്റെ സ്ഥലത്ത് കൺവെൻഷൻ സെൻ്റർ അടക്കമുള്ള സൗകര്യങ്ങളോടു കൂടിയ ഡിവോഷണൽ ഹബ്ബിൻ്റെ നിർമാണ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കുമെന്ന് റവന്യൂഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ.
എരുമേലി ചെറിയമ്പലത്തിന് സമീപം ഭവനനിർമാണ ബോർഡിൻ്റെ ശബരിമല മണ്ഡലകാല തീർഥാടന വാഹന പാർക്കിങ് പദ്ധതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി .
പാർക്കിംഗ് ഗ്രൗണ്ടിന്റെ ഇരുവശത്തേക്കുമുള്ള റോഡ് ഗതാഗതയോഗ്യമാക്കുന്നതിനായി വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന ഭവനനിർമാണ ബോർഡിന്റെ ഉടമസ്ഥതയിൽ എരുമേലി ചെറിയമ്പലത്തിന് സമീപമുള്ള ആറര ഏക്കർ സ്ഥലത്തിൻ്റെ പകുതി സ്ഥലത്താണ് പാർക്കിങ് സംവിധാനം ഒരുക്കിയിട്ടുള്ളത്.
എരുമേലിയിൽ രാജ്യാന്തരനിലവാരത്തിലുള്ള ഡിവോഷണൽ ഹബ്ബ് നടപ്പാക്കുന്നതിനുള്ള പദ്ധതികൾ ഭവനനിർമാണ ബോർഡ് ആവിഷ്‌കരിച്ചിട്ടുണ്ട്. മൂന്നു ഘട്ടമായാണ് പദ്ധതി നടപ്പാക്കുക. ഇതിന്റെ പ്രാരംഭഘട്ടമായാണ് മിതമായ നിരക്കിൽ വാഹനപാർക്കിങ് സൗകര്യം ഒരുക്കുന്നത്. താൽക്കാലിക ടോയ്‌ലറ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. രണ്ടാംഘട്ടത്തിൽ ഭക്ഷണശാലകൾ, റിഫ്രഷ്‌മെന്റ് സെന്റർ, കഫെറ്റീരിയ, ടോയ്‌ലറ്റ് എന്നിവയും മൂന്നാംഘട്ടത്തിൽ ഗസ്റ്റ് ഹൗസ്, കോട്ടേജുകൾ, ഡോർമെറ്ററി, അനുബന്ധ കെട്ടിടങ്ങളും പദ്ധതിയിൽ ഉൾപ്പെടുന്നു.
ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ. അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, സംസ്ഥാന ഭവനനിർമാണ ബോർഡ് ചെയർമാൻ ടി.വി. ബാലൻ, സംസ്ഥാന ഭവനനിർമാണ ബോർഡ് സെക്രട്ടറി ഷീബ ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ജില്ലാ പഞ്ചായത്തംഗം അഡ്വ. ശുഭേഷ് സുധാകരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സുജി സണ്ണി, ബ്ലോക്ക് പഞ്ചായത്തംഗം ജൂബി അഷറഫ്, ഗ്രാമപഞ്ചായത്തംഗം പി.എ. ഷാനവാസ്, ഭവനനിർമാണ ബോർഡംഗം സുഭാഷ് പുഞ്ചക്കോട്ടിൽ, കെ.എസ്.എച്ച്.ബി. ടെക്‌നിക്കൽ അംഗം വി. ഉണ്ണിക്കൃഷ്ണൻ, ചീഫ് എൻജിനീയർ എസ്. ഗോപകുമാർ ,രാഷ്ട്രീയ കക്ഷി പ്രതിനിധിയായ പി.എ. താഹ എന്നിവർ പ്രസംഗിച്ചു.
0 Comments