ശബരിമല തീര്‍ഥാടകരില്‍ നിന്നും കൊള്ള വില ഈടാക്കാനുളള ഏരുമേലിയിലെ താല്‍ക്കാലിക കച്ചവടക്കാരുടെ നീക്കം അനുവദിക്കരുതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ജി.ലിജിന്‍ലാല്‍ ആവശ്യപ്പെട്ടു. പേട്ടതുള്ളലിനും തീര്‍ഥാടനത്തിനും അയ്യപ്പഭക്തര്‍ വന്‍വില നല്‍കി സാധന- സാമഗ്രികള്‍ വാങ്ങേണ്ട സാഹചര്യം ഉണ്ടാകരുത്. ചൂഷണ രഹിതമായ ഒരു തീര്‍ഥാടന കാലം സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഉറപ്പാക്കണം. ലക്ഷക്കണക്കിന് അയ്യപ്പഭക്തരാണ് പ്രധാന ഇടത്താവളമായ ഏരുമേലിവഴി ശബരിമലയിലെത്തുന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ശബരിമലയില്‍ നിശ്ചയിച്ചതിനേക്കാൽ അഞ്ചിരട്ടി തുകയാണ് ശരക്കോല്‍, പേട്ടക്കമ്പ്, അരക്കച്ച, കിരീടം, ഗദ എന്നിവയ്ക്ക് വാങ്ങാനുളള നീക്കം വിശ്വാസത്തെ ചൂഷണം ചെയ്യലാണ്. ഇതിനെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ത്തും.
പത്തു രൂപ ദേവസ്വം ബോര്‍ഡ് നിശ്ചയിച്ച ഇവിടെ ഒരു ശരക്കോലിന് അന്‍പതു രൂപ വേണമെന്ന് ആവശ്യപ്പെടുന്നത് അമിത ചൂഷമാണ്. അയ്യപ്പഭക്തരെ കൊള്ളയടിക്കാനുളള ഏതു ശ്രമത്തെയും അതിശക്തമായ പ്രതിഷേധത്തിലൂടെ എതിര്‍ത്തു പരാജയപ്പെടുത്തും. ആചാരപരമായ പേട്ട തുള്ളലിനുള്ള സാധനങ്ങള്‍ വില്‍ക്കുന്നതിന് എരുമേലിയിലെ കച്ചവടക്കാര്‍ ആവശ്യപ്പെടുന്നത് അഞ്ചിരട്ടി തുകയാണ്. താല്‍ക്കാലിക കച്ചവടക്കാരുടെ സമ്മര്‍ദ തന്ത്രത്തിനു മുന്നില്‍ അധികാരികള്‍ മുട്ടുമടക്കരുത്.
വ്രതവിശുദ്ധിയോടെ അയ്യപ്പസന്നിധിയിലേക്ക് നഗ്നപാദരായി നടന്നുപോകുന്ന ഭക്തരുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് ലാഭം കൊയ്യാനുളള താല്‍ക്കാലിക കച്ചവടക്കാരുടെ നീക്കത്തിനെതിരെ ഇതിനകം തന്നെ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. ഇവിടെ വില നിര്‍ണയിക്കുമ്പോള്‍ തീര്‍ഥാടകര്‍ ചൂഷണം ചെയ്യപ്പെടുന്നില്ലെന്ന് അധികൃതര്‍ ഉറപ്പുവരുത്തണം. ശബരിമല മണ്ഡല മകരവിളക്കു സമയത്ത് എരുമേലിയിലെ വ്യാപാരസ്ഥാപനങ്ങളിലെ വില ഏകീകരണം നടപ്പാക്കാന്‍ വൈകുന്നതാണ് പ്രധാന പ്രശ്‌നം. ഇതിനായി വിളി്ച്ചു ചേര്‍ത്ത യോഗത്തില്‍ ഒരു വിഭാഗത്തിന്റെ അന്യായ വില വര്‍ധനവിനായുളള നിലപാടുകാരണം തീരുമാനത്തിലെത്തിയിട്ടില്ല.
പല സാധനങ്ങള്‍ക്കും തീവെട്ടികൊളളയാണ്. ഗുണനിലവാരമുളള ഭക്ഷണവും ശുചിമുറി സൗകര്യവും തീര്‍ഥാടകര്‍ക്ക് എരുമേലിയില്‍ ലഭിക്കുന്നില്ലെന്ന പരാതിക്കും പരിഹാരം ആയിട്ടില്ല. ശൗചാലയങ്ങളിലെ നിരക്ക് ഏകീകരിക്കണം. കാനനപാതയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കണം അതുപോലെ കാനനപാതയിലെ അനാവശ്യ നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്നും BJP ജില്ലാ പ്രസിഡൻ്റ് ആവശ്യപ്പെട്ടു. ഹൈന്ദവ വിശ്വാസികളെ താല്‍ക്കാലിക കച്ചവടക്കാരുടെ അമിത വില വര്‍ധനയില്‍ നിന്നും സംരക്ഷിക്കാനും ന്യായ വില ഉറപ്പാക്കാനും അധികൃതര്‍ ഉടന്‍ രംഗത്തുവരണമെന്നും BJP ആവശ്യപ്പെട്ടു.
0 Comments