ഭരണങ്ങാനം വാര്‍ഡിന്റെ പേരുമാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധം; വെറുതെ വെറുപ്പിക്കാന്‍ 'അറവക്കുളം വാര്‍ഡ്''



സുനില്‍ പാലാ

ആയിരത്താണ്ടുകള്‍ പഴക്കമുള്ള ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഭരണങ്ങാനം വാര്‍ഡിനെ ''അറവക്കുളത്തില്‍'' മുക്കാന്‍ ആര്‍ക്കാണിത്ര തിടുക്കം. ഭരണങ്ങാനം പഞ്ചായത്തിലെ ഭരണങ്ങാനം വാര്‍ഡിനെ പുതിയ വാര്‍ഡ് വിഭജനത്തിന്റെ പേരില്‍ ''അറവക്കുളം വാര്‍ഡ്'' എന്നാക്കുന്നതിന് ചിലര്‍ ധൃതിപിടിച്ച് നീക്കം നടത്തുന്നുവെന്നാണ് ആരോപണമുയര്‍ന്നിട്ടുള്ളത്. 



അയ്യായിരത്തിലേറെ വര്‍ഷം പഴക്കമുണ്ട് ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് എന്നാണ് ഐതീഹ്യം. ഹൈന്ദവ ജനവിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള അമ്പലത്തിന് ചുറ്റുമുള്ള ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന പഞ്ചായത്ത് വാര്‍ഡിനെ ഇതേവരെ ഭരണങ്ങാനം വാര്‍ഡ് എന്നായിരുന്നു വിളിച്ചിരുന്നത്. രേഖകളിലും ഇപ്രകാരം തന്നെയാണ്. ഭരണങ്ങാനം എന്ന സ്ഥലനാമം തന്നെ ഇവിടെയുള്ള പ്രസിദ്ധമായ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്.

പുതിയ വാര്‍ഡ് വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ ഭരണങ്ങാനം പഞ്ചായത്തില്‍ ഒരു വാര്‍ഡാണ് കൂടുതലായി ഉണ്ടാകുന്നത്. ഇതിനായുള്ള വിശദമായ മാപ്പും മറ്റും പഞ്ചായത്ത് അധികൃതര്‍ തയ്യാറാക്കി കഴിഞ്ഞു. ഇതേ തുടര്‍ന്ന് പുതുതായി വരുന്ന വാര്‍ഡിന് ഭരണങ്ങാനം എന്ന പേര് മാറ്റി അറവക്കുളം എന്നാക്കുമെന്നാണ് സൂചന. ഇതിനെതിരെ ഭരണങ്ങാനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ഭരണസമിതി ഉള്‍പ്പെടെ ഭക്തര്‍ രേഖാമൂലം ഭരണങ്ങാനം പഞ്ചായത്തിന് പരാതി നല്‍കി കഴിഞ്ഞു.

പഞ്ചപാണ്ഡവര്‍ പാരണവീടിയ സ്ഥലം ഭരണങ്ങാനം

''ഭരണങ്ങാനം'' എന്ന സ്ഥലനാമം തന്നെ ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്. പഞ്ചപാണ്ഡവന്മാരുടെ വനവാസകാലത്തില്‍ വനപ്രദേശമായിരുന്ന ഇവിടെ താമസിക്കുകയും ഏകാദശി നൊയമ്പിന് പാരണ വീട്ടുകയും ചെയ്തു എന്നാണ് ഐതീഹ്യം. അങ്ങനെ ''പാരണവീടിയ കാനം'' ആദ്യം പാരണംകാനമായും പിന്നീട് ഭരണങ്ങാനമായും മാറുകയായിരുന്നു. ഭീമന്‍ തീര്‍ത്ത കിണര്‍ ഇപ്പോഴും ഭരണങ്ങാനം ക്ഷേത്രത്തിലുണ്ട്. ഭരണങ്ങാനത്തെ അല്‍ഫോന്‍സാ പള്ളി ഉള്‍പ്പെടെ ദേവാലയങ്ങളെല്ലാം ഭരണങ്ങാനം വാര്‍ഡിലാണ്. ഇത് മാറ്റി അറവക്കുളം എന്ന് വാര്‍ഡിന് പേരിടുന്നത് ധാര്‍മ്മികപരമായി നീതീകരിക്കാവുന്നതല്ലെന്ന് വിശ്വാസികള്‍ ചൂണ്ടിക്കാട്ടുന്നു.


ഇത് ക്ഷേത്രത്തെ അവഹേളിക്കുന്നതിന് തുല്യം

ഭരണങ്ങാനം വാര്‍ഡിനെ അറവക്കുളം വാര്‍ഡ് എന്ന് പുനര്‍നാമകരണം ചെയ്യുന്നത് പ്രസിദ്ധമായ ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ദേവസ്വം അധികൃതര്‍ പഞ്ചായത്ത് അധികാരികള്‍ക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പേരുമാറ്റാനുള്ള നടപടിയില്‍ നിന്ന് പഞ്ചായത്ത് അധികൃതര്‍ പിന്‍മാറണമെന്നാണ് ദേവസ്വം ഭരണസമിതിയുടെ ആവശ്യം.

പേരുമാറ്റാനുള്ള നീക്കം നടക്കുന്നില്ല

വാര്‍ഡ് വിഭജനത്തിന്റെ ഭാഗമായി വാര്‍ഡുകള്‍ പുനക്രമീകരിച്ച് മാപ്പും മറ്റും തയ്യാറാക്കിയിട്ടുണ്ടെങ്കിലും ഭരണങ്ങാനം വാര്‍ഡിന്റെ പേര് മാറ്റുന്നത് സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി ജെസിയ ബീവി പറഞ്ഞു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments