കോടിക്കുളം പഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗം ഓവര്‍സിയറെ ആക്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ കാളിയാര്‍ പോലീസ് അറസ്റ്റ് ചെയ്തു. കാരിക്കോട് രണ്ടുപാലം സ്വദേശി കാരക്കുന്നേല്‍ ഷിനില്‍ റസാക്കിനെയാണ് (27) ബംഗളുരുവില്‍നിന്നു പിടികൂടിയത്. കഴിഞ്ഞ ജൂലൈ 31ന് വൈകിട്ട് വയനാട്ടിലേക്കുള്ള ദുരിതാശ്വാസ സാധനങ്ങള്‍ വാങ്ങി കാറില്‍ വന്ന കോടിക്കുളം പഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗം ഓവര്‍സിയര്‍ കോടിക്കുളം കണ്ണംപുഴ ദീപുവിനെ ഒരു സംഘം ആളുകള്‍ അക്രമിച്ചതായാണ് പരാതി.
ആക്രമണത്തില്‍ ദീപുവിന് പരിക്കേറ്റിരുന്നു. നാലുപേര്‍ക്കെതിരേ കാളിയാര്‍ പോലീസ് കേസെടുത്തു. കുമാരമംഗലം ഏഴല്ലൂര്‍ ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന സഹോദരങ്ങളായ പെരുമ്പാറയില്‍ ഫ്‌ളമന്റ് (23), ഷെമന്റ് (23), ഏഴല്ലൂര്‍ ഈട്ടിക്കല്‍ സുബിന്‍ (24) എന്നിവരെ നേരത്തേ പിടികൂടിയിരുന്നു. ഇവരെ നേര്യമംഗലത്തുനിന്നാണ് പിടികൂടിയത് .
അന്ന് ഒന്നാം പ്രതിയായ ഷിനില്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെയാണ് പ്രതി ബംഗളൂരുവിലെ ഹുസൂരില്‍ ഉണ്ടെന്ന് പോലീസിന് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് എസ്‌ഐ. ഷംസുദ്ദീന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജോബിന്‍ ജോസഫ് എന്നിവര്‍ ഹുസൂരില്‍ എത്തി പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
0 Comments