മഹാത്മാഗാന്ധി സർവ്വകലാശാല നീന്തൽ മത്സരം
എം. എ. കോതമംഗലം മുന്നിൽ
സ്വന്തം ലേഖകൻ
പാലാ സെന്റ് തോമസ് കോളേജിൽ ഇന്നലെ ആരംഭിച്ച 41മത് എംജി സർവ്വകലാശാല സിമ്മിംഗ്, വാട്ടർ പോളോ ചാമ്പ്യൻഷിപ്പിൽ ആദ്യദിനം കോതമംഗലം മാർ അത്തനേഷസ് കോളേജ് പുരുഷ വനിതാ വിഭാഗങ്ങളിൽ മുന്നിട്ട് നിൽക്കുന്നു.
പുരുഷ വിഭാഗത്തിൽ 61 പോയിന്റുമായും വനിതാ വിഭാഗത്തിൽ 58 പോയിന്റുമായും ആണ് എം.എ മുന്നേറുന്നത്. പുരുഷ വിഭാഗത്തിൽ പാലാ സെന്റ് തോമസ് കോളേജ് 37 പോയിന്റുമായും വനിതാ വിഭാഗത്തിൽ പാലാ അൽഫോൻസാ കോളേജ് 36 പോയിന്റുമായും രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. വനിതാ വിഭാഗത്തിൽ പാലാ സെന്റ് തോമസ് കോളേജ് ആണ് മൂന്നാം സ്ഥാനത്ത്.
മഹാത്മാഗാന്ധി സർവ്വകലാശാലയുടെ കീഴിലുള്ള വിവിധ കോളേജുകളിൽ നിന്നായി 200 ഓളം പുരുഷ വനിതാ താരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്. മഹാത്മാഗാന്ധി സർവ്വകലാശാലയെ പ്രതിനിധീകരിച്ച് അഖിലേന്ത്യ അന്തർ സർവകലാശാല മത്സരങ്ങളിൽ പങ്കെടുക്കാനുള്ള പുരുഷ വനിത സ്വിമ്മിംഗ് ടീമിന്റെയും പുരുഷ വിഭാഗം വാട്ടർ പോളോ ടീമിന്റെയും സിലക്ഷൻ ഇന്ന് നടത്തുന്നതാണ്.
തിങ്കളാഴ്ച രാവിലെ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ പാലാ സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജെയിംസ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ കാപ്പിലിപറമ്പിൽ, കായിക വകുപ്പ് മേധാവി ആശിഷ് ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പാലാ സെന്റ് തോമസ് കോളേജ് ഇന്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സിലെ സിമ്മിംഗ് പൂളിൽ വച്ച് നടക്കുന്ന ചാമ്പ്യൻഷിപ്പ് ചൊവ്വാഴ്ച അവസാനിക്കും.
0 Comments