സുനില്‍ പാലാ
സംസ്ഥാന വെറ്ററന്‍സ് മീറ്റില്‍ ''കണ്ടനാട്ടെ കുടുംബവിശേഷം''. പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഇന്നലെ തുടങ്ങിയ വെറ്ററന്‍സ് അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (വാഫി) സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ കണ്ടനാട്ടെ കൊച്ചേട്ടനും മകന്‍ ഫെലിക്‌സും അനിയന്‍ ചാണ്ടി എന്ന കുഞ്ഞൂഞ്ഞിന്റെ മകന്‍ ടോബിനും ടോബിന്റെ ഭാര്യ ആശയുമൊക്കെ മത്സരിക്കാനിറങ്ങി.
മുത്തോലി കണ്ടനാട്ടെ കുടുംബക്കാര്‍ പണ്ടുമുതലേ കായിക മത്സരങ്ങളോട് ആഭിമുഖ്യമുള്ളവരും പങ്കെടുത്തുവരുന്നവരുമാണ്. ഇന്നലെ കണ്ടനാട്ടെ കൊച്ചേട്ടനെന്ന കെ.സി. ജോസഫ് നൂറ് മീറ്ററിലും എണ്ണൂറ് മീറ്ററിലും സ്വര്‍ണ്ണക്കുതിപ്പ് നടത്തി. 85 വയസ്സിന് മുകളിലുള്ള വിഭാഗത്തിലാണ് കെ.സി. ജോസഫ് മത്സരിച്ചത്.
മുന്‍ ദേശീയ, അന്തര്‍ദേശീയ വെറ്ററന്‍സ് മത്സരങ്ങളില്‍ തുടര്‍ച്ചയായി പങ്കെടുക്കുകയും സമ്മാനം നേടുകയും ചെയ്തിട്ടുള്ള കൊച്ചേട്ടന് 87 വയസ്സായി. പ്രായത്തിന്റെ വരകുറികള്‍ മുഖത്തും ദേഹത്തുമുണ്ടെങ്കിലും കായികക്ഷമതയില്‍ കൊച്ചേട്ടനെ വെല്ലാന്‍ ഈ പ്രായത്തില്‍ മറ്റാരും ഉണ്ടെന്ന് തോന്നുന്നില്ല.
കഴിഞ്ഞ വര്‍ഷം മലേഷ്യയില്‍ നടന്ന അന്തര്‍ദേശീയ വെറ്ററന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ നടത്തത്തില്‍ രണ്ടാംസ്ഥാനം ഈ മുത്തോലിക്കാരനായിരുന്നു. മൂന്ന് ടേമില്‍ മുത്തോലി പഞ്ചായത്ത് മെമ്പര്‍ പദവിയും അഞ്ച് ടേം മുത്തോലി സഹകരണ ബാങ്ക് ഭരണസമിതിയിലും അംഗമായിട്ടുള്ള കൊച്ചേട്ടന്‍ പൊതുജനസേവന രംഗത്തും സജീവമാണ്. ഭാര്യ മേരിക്കുട്ടി രണ്ട് വര്‍ഷം മുമ്പ് മരണപ്പെട്ടു.
ഇത്തവണ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ മകന്‍ ഫെലിക്‌സ് അയ്യായിരം മീറ്റര്‍ നടത്തത്തില്‍ (50 വയസിന് മുകളിലുള്ളവര്‍) മൂന്നാം സ്ഥാനം നേടി. കൊച്ചേട്ടന്റെ അനുജന്‍ ചാണ്ടി എന്ന കുഞ്ഞൂഞ്ഞിന്റെ മകന്‍ ടോബിന്‍ കെ. അലക്‌സ് അയ്യായിരം മീറ്റര്‍ നടത്തത്തില്‍ (40 വയസിന് മേല്‍ പ്രായമുള്ളവര്‍) മൂന്നാം സ്ഥാനവും നേടി. ടോബിന്റെ ഭാര്യ ആശയും മത്സരിക്കാനുണ്ടായിരുന്നു. മുത്തോലി ബാങ്ക് പ്രസിഡന്റും കേരളാ കോണ്‍ഗ്രസ് (എം) പാലാ നിയോജകമണ്ഡലം പ്രസിഡന്റുമായ ടോബിന്‍ കെ. അലക്‌സും പൊതുരംഗത്ത് സജീവമാണ്. കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണിയുമായി ഏറ്റവും അടുപ്പമുള്ളവരിലൊരാളുമാണ് ടോബിന്‍.
87-ലെത്തിയെങ്കിലും കൊച്ചേട്ടന്‍ പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഇപ്പോഴും നിരന്തര പരിശീലനം നടത്തുന്നുണ്ട്. മറ്റ് വിവിധ ദേശീയ മത്സരങ്ങളില്‍ കൂടി പങ്കെടുക്കാനുള്ള പരിശീലനമാണിത്. അലക്‌സ്, ഫെലിക്‌സ്, ബെന്‍സണ്‍, ബിജു, ബീന എന്നിവരാണ് മക്കള്‍.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments