ഇടുക്കിയിലും ജലവിമാനമിറങ്ങും ; ആദ്യ ലാന്‍ഡിംഗ് മാട്ടുപ്പെട്ടിയില്‍



ഇടുക്കി ജില്ലയില്‍ ആദ്യമായി ജലവിമാനമെത്തുന്നു. മൂന്നാര്‍ മാട്ടുപ്പെട്ടി ജലാശയത്തിലാണ് 11ന് സീപ്ലെയിന്‍ പറന്നിറങ്ങുക. മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ജലവിമാനത്തിന് സ്വീകരണം നല്‍കും. കൊച്ചി ബോള്‍ഗാട്ടി പാലസില്‍ രാവിലെ 9.30ന് മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് മാട്ടുപ്പെട്ടി ജലാശയത്തിലേക്കുള്ള ജലവിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ ഫ്‌ളാഗ് ഓഫ് ചെയ്യുക.


 കെഎസ്ഇബിയുടെ പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ജലാശയമാണ് മാട്ടുപ്പെട്ടിയിലേത്. സീപ്ലെയിനിന്റെ പരീക്ഷണപ്പറക്കല്‍ ടൂറിസം രംഗത്ത് ജില്ലയ്ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. കൊച്ചിയില്‍നിന്നും കോഴിക്കോടുനിന്നുമൊക്കെ നേരിട്ട് പറന്നിറങ്ങാമെന്നത് വിദേശ വിനോദസഞ്ചാരികളെ ഇടുക്കിയിലേക്ക് ആകര്‍ഷിക്കും.


 കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫീബിയന്‍ വിമാനങ്ങളാണ് സീ പ്ലെയിനുകള്‍. വലിയ ജനാലകള്‍ ഉള്ളതിനാല്‍ കാഴ്ചകള്‍ നന്നായി ആസ്വദിക്കാനുമാകും. മൂന്നാറിന്റെയും പശ്ചിമഘട്ടത്തിന്റെയും ആകാശക്കാഴ്ചകളിലൂടെയുള്ള സഞ്ചാരം യാത്രികര്‍ക്ക് മികച്ച അനുഭവമായിരിക്കും സമ്മാനിക്കുക. 


എയര്‍ സ്ട്രിപ്പുകള്‍ നിര്‍മ്മിച്ച് പരിപാലിക്കുന്നതിനുള്ള വലിയ ചെലവ് ഒഴിവാകുന്നുവെന്നതും ജലവിമാനങ്ങളുടെ ആകര്‍ഷണീയതയാണ്. മാട്ടുപ്പെട്ടിക്കു പുറമേ മലമ്പുഴ, വേമ്പനാട്ട് കായല്‍, അഷ്ടമുടിക്കായല്‍, ചന്ദ്രഗിരിപ്പുഴ, കോവളം തുടങ്ങി കേരളത്തിലെ പ്രമുഖ ജലാശയങ്ങളെയും വിവിധ വിമാനത്താവളങ്ങളെയും ബന്ധപ്പെടുത്തി സീപ്ലെയിന്‍ ടൂറിസം സര്‍ക്യൂട്ട് രൂപപ്പെടുത്താനും സര്‍ക്കാര്‍ തലത്തില്‍ ആലോചന നടന്നു വരികയാണ്. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments