സത്യം വിജയിച്ചതിന് ദൈവത്തിനു നന്ദിയെന്ന് മാണി സി.കാപ്പൻ



 തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തു കൊണ്ട് ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയതിൽ സന്തോഷമുണ്ടെന്നും സത്യം വിജയിച്ചതിൽ ദൈവത്തിനു നന്ദി പറയുന്നുവെന്നും മാണി സി കാപ്പൻ എം.എൽ.എ.
തനിക്ക് അനുകൂലമായ ജനവിധിയിൽ അസൂയ പൂണ്ടവരാണ്  കേസുകളുടെ പിന്നിലുള്ളത്. . 


തന്നോടുള്ള വ്യക്തിവിരോധം മൂലം നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുകയും തുരങ്കം വെക്കുകയും ചെയ്യുന്നതിൽ സങ്കടവും പ്രതിഷേധവുമുണ്ട്.19 കോടി 80 ലക്ഷം രൂപ വക കൊള്ളിച്ച് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിൻ്റെ അവസാന കാലത്ത് ടെണ്ടർ നടപടികളിലേക്ക് കടന്ന അരുണാപുരം റഗുലേറ്റർ കം ബ്രിഡ്ജ് നടപ്പാക്കിയിരുന്നെങ്കിൽ അമ്പാറഭാഗം വരെ മീനച്ചിൽ ആറ്റിൽ എല്ലാ സമയവും ഇഷ്ടം പോലെ വെള്ളമുണ്ടാകുമായിരുന്നു. 


ബൈപ്പാസ് , റിവർവ്യൂ റോഡ്,  മുത്തോലിയിലെ കാറ്ററിംഗ് കോളേജ് തുടങ്ങിയ എത്രയോ പദ്ധതികളാണ് വ്യക്തിവിരോധം മൂലം തടസ്സപ്പെടുത്തിയിരിക്കുന്നത്. 14 വർഷങ്ങൾക്കു മുമ്പ് കോടികൾ മുടക്കി പണിത കളരിയാമാക്കൽ പാലത്തിന് അപ്രോച്ച് റോഡില്ലാത്തതിന് നാലര വർഷം മുമ്പ് മാത്രം എം.എൽ.എയായ തന്നെ കുറ്റപ്പെടുത്തുന്നത് എത്രയോ ബാലിശമാണ്. ജനങ്ങളുടെ കോടതിയിൽ പരാജയപ്പെട്ടതിന് മറ്റുള്ളവരെക്കൊണ്ട് കേസ് കൊടുപ്പിക്കുന്നത് അപഹാസ്യമാണ്. 


മാണി സാറിൻ്റെ അഭ്യർത്ഥനപ്രകാരം താൻ ചെയ്തതുപോലെ അവശേഷിക്കുന്ന കേസ് കൂടി പിൻവലിക്കാൻ ജോസ് കെ. മാണി തയ്യാറാകണം. തന്നെ തെരഞ്ഞെടുത്ത മണ്ഡലത്തിലെ ജനങ്ങളോട് കടപ്പാടുണ്ടെന്നും സങ്കചിതരാഷ്ട്രീയ ചിന്തകൾക്കതീതമായി നാടിൻ്റെ സർവ്വതോമുഖമായ പുരോഗതിക്കു വേണ്ടി അക്ഷീണം പരിശ്രമിക്കുമെന്നും അതിനായി എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നതായും മാണി സി.കാപ്പൻ പറഞ്ഞു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments