ഇടുക്കി മെഡിക്കല്‍ കോളേജ് അവഗണനയില്‍ ; യുഡിഎഫ് സമരത്തിലേക്ക്

 

ഇടുക്കി ജില്ലയിലെ ആയിരക്കണക്കിന് രോഗികള്‍ക്ക് ആശ്രയമായ ഇടുക്കി മെഡിക്കല്‍ കോളേജിനോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കാത്ത പക്ഷം സമരങ്ങളാരംഭിക്കുന്നതിന് യുഡിഎഫ് ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റിയോഗം തീരുമാനിച്ചു. ഇടുക്കിയില്‍ മെഡിക്കല്‍ കോളേജ് ആരംഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കാര്‍ഡിയോളജി, ന്യൂറോ ഉള്‍പ്പെടെയുള്ള സ്‌പെക്ഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ലഭ്യമായിട്ടില്ല. 


ഒപി വിഭാഗങ്ങളില്‍ പല ദിവസങ്ങളിലും ഡോക്ടര്‍മാരുടെ എണ്ണം കുറവാണ്. ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാരും രോഗികളും ഇതുമൂലം വളരെയേറെ കഷ്ടപ്പെടുകയാണ്. പാരാമെഡിക്കല്‍ സ്റ്റാഫുകളുടെ എണ്ണക്കുറവ് പലപ്പോഴും ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായും യോഗം ചൂണ്ടിക്കാട്ടി. കരാര്‍ അടിസ്ഥാനത്തിലുള്ള ഡോക്ടര്‍മാരോടൊപ്പം സീനിയേഴ്‌സായ പ്രൊഫസര്‍മാരേയും ആവശ്യമായ പാരാമെഡിക്കല്‍ സ്റ്റാഫുകളെയും നിയമിക്കണം. എംആര്‍ഐ സ്‌ക്വാനിംഗ് സംവിധാനം ഉടന്‍ ആരംഭിക്കണം. 


കിടപ്പു രോഗികള്‍ക്കു പുറമേ ആവശ്യമായ എല്ലാ രോഗികള്‍ക്കും സിടി സ്‌ക്വാന്‍ സൗകര്യം പ്രയോജനപ്പെടുത്തണം. മരുന്നുകളുടെ കുറവുമൂലം രോഗികളെ വിവിധ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യേണ്ടിവരുന്ന അവസ്ഥ പരിഹരിക്കുവാന്‍ ആവശ്യമായ മരുന്നുകളെത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 
 ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്നും സിഎച്ച്ആര്‍ വിഷയത്തില്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് നയം തിരുത്തി ജനപക്ഷ നിലപാടുകള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് 16ന് രാവിലെ 10.30ന് ചെറുതോണി ടൗണ്‍ഹാളില്‍ യുഡിഎഫ് ജില്ലാ കമ്മിറ്റി നടത്തുന്ന സമരപ്രഖ്യാപന കണ്‍വന്‍ഷനില്‍ 400 പ്രതിനിധികളെ പങ്കെടുപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. 


യുഡിഎഫ് മണ്ഡലം കമ്മിറ്റി യോഗങ്ങള്‍ 11, 12 തീയതികളില്‍ കൂടുന്നതിനും നിശ്ചയിച്ചു. ഇടുക്കി ഡിസിസി ഓഫീസില്‍ ചേര്‍ന്ന യോഗം യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയര്‍മാന്‍ എം.കെ. പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കണ്‍വീനര്‍ പ്രഫ.എം.ജെ. ജേക്കബ്, കണ്‍വീനര്‍ ജോയി കൊച്ചുകരോട്ട്, തോമസ് മൈക്കിള്‍, നോബിള്‍ ജോസഫ്, വര്‍ഗീസ് വെട്ടിയാങ്കല്‍, എം.കെ. നവാസ്, സാം ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments