ആലപ്പുഴ ജില്ലയിൽ വീണ്ടും കുറുവ സംഘം. കോമളപുരത്ത് വീടുകളിൽ കവർച്ച നടത്തി കുറുവ സംഘം. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പുലർച്ചെ വാതിൽ പൊളിച്ച് അകത്തു കടന്ന സംഘം വീട്ടമ്മയുടെ കഴുത്തിൽ കിടന്നിരുന്ന മാലകവർന്നു. മണ്ണഞ്ചേരി പഞ്ചായത്തിലെ താമസക്കാരനായ കുഞ്ഞുമോന്റെ ഭാര്യയുടെ മാലയാണ് സംഘം മോഷ്ടിച്ചത്. പുലർച്ച് ഒരു മണിക്കും രണ്ടു മണിക്ക് ഇടയിലാണ് സംഭവം.
ഇതിന് പുറമെ പ്രദേശത്ത് മൂന്നു വീടുകളിലായി മോഷണശ്രമം നടന്നതായി പറയുന്നു. ഈ ഭാഗത്ത് നേരത്തേയും കുറുവാസംഘം എത്തിയതായിട്ടുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മുഖം മറച്ച് അര്‍ധ നഗ്നരായാണ് സാധാരണഗതിയിൽ കുറുവ സംഘം എത്താറുള്ളതെന്ന് പൊലീസ് പറഞ്ഞു. പകല്‍ ചെറിയ ജോലികളുമായി ചുറ്റിക്കറങ്ങുന്ന കുറുവ സംഘം രാത്രിയാണ് മോഷണത്തിനിറങ്ങുക. എതിര്‍ത്താല്‍ ക്രൂരമായി ആക്രമിക്കുകയും ചെയ്യും.
സംസ്ഥാനത്തു പലയിടത്തും ഈ സംഘം മോഷണം നടത്തിയിട്ടുണ്ട്. കേരള – തമിഴ്‌നാട് അതിര്‍ത്തിയിലാണ് ഇവരുടെ താവളം. കോയമ്പത്തൂര്‍, മധുര, തഞ്ചാവൂര്‍ എന്നിവിടങ്ങളും ഇവരുടെ കേന്ദ്രങ്ങളാണ്. വീടുകളുടെ പിന്‍വാതില്‍ തകര്‍ത്ത് അകത്തു കയറുന്നതാണ് ഇവരുടെ രീതി. ശരീരത്തില്‍ എണ്ണയും കരിയും പുരട്ടും. പിടികൂടിയാല്‍ വഴുതി രക്ഷപ്പെടാനാണിത്. വീടിനു പുറത്തെത്തി കുട്ടികളുടെ കരച്ചില്‍ പോലുള്ള ശബ്ദം ഉണ്ടാക്കുകയോ ടാപ്പ് തുറന്നു വെള്ളം ഒഴുക്കുകയോ ചെയ്തു വാതില്‍ തുറക്കാന്‍ വീട്ടുകാരെ പ്രേരിപ്പിക്കാറുണ്ട്. പുറത്തിറങ്ങുന്നവരെ ആക്രമിച്ച ശേഷം അകത്തേക്ക് കയറും.
0 Comments