നാടികുന്ന് ഭാഗത്ത് ഡ്രൈവര്‍മാരുടെ കാഴ്ച മറച്ച് ആകെ കാടും പടലവും, അപകടത്തിന് മറയില്ല.




സുനില്‍ പാലാ

ഈ കാട്ടുപള്ളകള്‍ കാഴ്ച മറയ്ക്കുന്നത് ''ആരും കാണുന്നില്ല''. ഇതിന് സമീപം ഇപ്പോള്‍ എത്രയോ അപകടങ്ങള്‍ ഉണ്ടായി. ഇനിയെങ്കിലും അധികാരികള്‍ ഇതൊന്നു കണ്ണുതുറന്ന് കാണണം പ്ലീസ്. കുറവിലങ്ങാട് പഞ്ചായത്തിലെ കോഴ - നാടികുന്ന് പഞ്ചായത്ത് റോഡില്‍ നിന്ന് പാലാ റോഡിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതിനോട് ചേര്‍ന്നാണ് കാട്ടുപള്ളകള്‍ പടര്‍ന്നുപന്തലിച്ച് നില്‍ക്കുന്നത്. ഈ ഭാഗത്തൊരു കൈത്തോടുമുണ്ട്.

നാടികുന്ന് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ മെയിന്‍ റോഡിലേക്ക് പ്രവേശിക്കുമ്പോള്‍ കോഴാ കവലയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയില്ല. ഇതോടെ ഇടി ഉറപ്പാകും. കോഴ സീഡ് ഫാമിന്റെ വരമ്പത്തുനില്‍ക്കുന്ന ഈ കാട്ടുപള്ളകള്‍ ആര് വെട്ടിമാറ്റണമെന്നാണിപ്പോള്‍ തര്‍ക്കം. നാട്ടുകാര്‍ കുറവിലങ്ങാട് പഞ്ചായത്ത് ഓഫീസിലും കോഴ ഫാം ഓഫീസിലും പി.ഡബ്ല്യു.ഡി. അധികാരികള്‍ക്കുമൊക്കെ നിവേദനം കൊടുത്തിട്ട് നാളുകളായി. പക്ഷേ കാട്ടുപള്ളകള്‍ ഇപ്പോഴും വളര്‍ന്നുകൊണ്ടേയിരിക്കുന്നു.

കാട്ടുപള്ളകള്‍ക്ക് തൊട്ടുതാഴെ ഒരു കൈത്തോടുണ്ട്. ഇവിടെ മണ്ണെടുത്തിട്ടതോടുകൂടി വെള്ളമൊഴുകാതെയായി. ഈ എക്കല്‍മണ്ണിലാണ് കാട്ടുപള്ളകള്‍ തഴച്ചുവളരുന്നത്. മഴക്കാലത്ത് മുകളില്‍ നിന്നും ഒഴുകിവരുന്ന വെള്ളം ഇവിടെ കെട്ടിക്കിടക്കുകയുമാണ്. ഇതോടെ ഈ മേഖലയില്‍ വെള്ളക്കെട്ടുമുണ്ടാകുന്നു. 


മണ്ണ് എത്രയും വേഗം കോരിനീക്കി തോട്ടിലെ ഒഴുക്ക് സുഗമമാക്കേണ്ടതുണ്ട്. ഒപ്പം കാട്ടുപള്ളകള്‍ അടിയന്തിരമായി വെട്ടിനീക്കുകയും ചെയ്യണം. പലതവണ അപകടമുണ്ടായെങ്കിലും ഭാഗ്യത്താല്‍ ആളുകള്‍ക്ക് കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപെടുകയായിരുന്നു. ഈ സ്ഥിതി ഇനിയും ആവര്‍ത്തിച്ച് കൂടാ.



അടിയന്തിരമായി കാട്ടുപള്ളകള്‍ വെട്ടിനീക്കണം 
 

നാടികുന്ന് റോഡില്‍ നിന്നും കോഴാ-പാലാ റോഡിലേക്ക് വാഹനങ്ങള്‍ ഇപ്പോള്‍ കയറുന്നത് വളരെയധികം ഭീതിയോടെയാണ്. ഏത് നിമിഷവും അപകടം സംഭവിക്കാം. ഇതൊഴിവാക്കാന്‍ അടിയന്തിരമായി കാട്ടുപള്ളകള്‍ പൂര്‍ണ്ണമായും വെട്ടിനീക്കിയേ പറ്റു. ഇതുസംബന്ധിച്ച് പരിസരവാസികള്‍ കൂട്ടായി പരാതി നല്‍കിയിട്ടുണ്ട്. ഇതെങ്കിലും പരിഗണിക്കണം. 

- കെ.എം. കുമാരന്‍, മുന്‍ എസ്.എന്‍.ഡി.പി. ശാഖാ ഭാരവാഹി, മാധവനിവാസ്, കോഴ






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments