പാലാ നഗരസഭയിലെ പൊതു ശ്മശാനത്തിലെ കുഴികൾ നിറഞ്ഞ വിഷയം കൗൺസിൽ ഹാളിൽ ഉന്നയിച്ചതിന്റെ പേരിൽ തന്നെ പരിഹസിക്കുന്ന ചെയർമാനോട് തനിക്ക് സഹതാപം മാത്രമാണെന്ന് പ്രതിപക്ഷ കൗൺസിലർ സിജി ടോണി പറഞ്ഞു. ഹൈന്ദവ മത വിഭാഗത്തിൽ പെട്ടവരാണ് പൊതു ശ്മശാനം കൂടുതലായും ഉപയോഗിച്ച് വരുന്നത്....... പൊതു ശ്മശാന വിഷയത്തിൽ ചെയർമാനുമായി പരസ്യ സംവാദത്തിനു തയ്യാറാണെന്നും സിജി ടോണി പ്രസ്താവനയിൽ അറിയിച്ചു.
പൊതുശ്മശാനത്തിൽ മൃതശരീരം ദഹിപ്പിക്കുന്നത് സംബന്ധിച്ചല്ല മറിച്ച് കുഴിച്ച് മറവ് ചെയ്യുന്നത് സംബന്ധിച്ചാണ് ഗുരുതരമായ വീഴ്ചയുള്ളത്.
കൊച്ചിടപ്പാടി വാർഡിലുള്ള പൈകട ആതുരാലയത്തിലെ അന്തേവാസിയായ ഒരു ഹൈന്ദവ സഹോദരിയുടെ ഭൗതിക ശരീരം ഇക്കഴിഞ്ഞ ദിവസം പൊതു ശ്മശാനത്തിൽ മറവ് ചെയ്യാനെത്തിയപ്പോഴാണ് വിഷയത്തിന്റെ ഗൗരവം പിടികിട്ടിയത്. തന്നോടൊപ്പമുണ്ടായിരുന്ന സ്നേഹഗിരി സന്യസ്ത സമൂഹത്തിലെ മദറും സ്നഹാരാം സ്പെഷ്യൽ സ്കൂളിലെ പ്രിൻസിപ്പാളും സംഭവങ്ങൾക്കെല്ലാം സാക്ഷിയാണ്. അവർ കൂടി ആവശ്യപ്പെട്ട പ്രകാരമാണ് താൻ വിഷയം ഉത്തരവാദിത്വപ്പെട്ട കൗൺസിൽ യോഗത്തിൽ മാന്യമായി ഉന്നയിച്ചത്. തന്നെ വ്യക്തിഹത്യ ചെയ്തതിലൂടെ ഹൈന്ദവ സമൂഹത്തെയും തന്റെ വാർഡിലെ സന്യസ്തരെയുമാണ് ചെയർമാൻ അപമാനിച്ചിരിക്കുന്നത്.
പൊതു ശ്മശാനത്തിലെ അഞ്ച് കല്ലറകളിൽ നാലും കൂട്ടിയിട്ട മൃതശരീരങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കേവലം ഒന്നരയടി താഴ്ച്ചയിലാണ് താൻ കൊണ്ട് ചെന്ന ഭൗതിക ശരീരം ഇട്ടിരിക്കുന്നത്. ഇത് മൃതശരീരത്തോടുള്ള അനാദരവും പാവപ്പെട്ടവരോടുള്ള അവഹേളനവുമാണ്.
കൗൺസിലിൽ പാവപ്പെട്ടവരുടെ വിഷയം ഉന്നയിച്ച തന്നോട് അത്രക്ക് വിഷമമാണെങ്കിൽ അനാഥ മൃതശരീരങ്ങൾ കൊണ്ട് പോയി സ്വന്തം വീടിന്റെ മിറ്റത്ത് കുഴിച്ചിട്ടോ എന്ന് പറഞ്ഞ ചെയർമാന്റെ ധാർഷ്ട്യത്തിന് കാലം മറുപടി നൽകും.
മരിയസദനത്തിന് പാലാ നഗരസഭ മുഖേന മാത്രമേ സംഭാവനകൾ നൽകാവു എന്ന് നിയമമുള്ളതായി തനിക്ക് അറിയില്ല. തന്റെ വാർഡിൽ നിന്നും ലക്ഷത്തിൽ പരം രൂപ മരിയസദനത്തിന് കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ നൽകിയിട്ടുണ്ട്. അത് നഗരസഭ വഴിയല്ല നൽകിയത്. സംശയമുണ്ടെങ്കിൽ തെളിവ് പുറത്ത് വിടാൻ തയ്യാറാണ്.
വിമർശനങ്ങളിൽ അസഹിഷ്ണുത പൂണ്ട് വിവേകം നഷ്ടപ്പെട്ട ഷാജു തുരുത്തന്റെ കയ്യിലിരിപ്പ് കാരണമാണ് ചെയർമാൻ പദവി ഇരുപത്തി അഞ്ച് വർഷത്തോളം വൈകിയത്.അതിൽ സഹതാപമുണ്ട്. കേവലം നാല് വർഷം മാത്രം പ്രവർത്തന പാരമ്പര്യമുള്ള തനിക്കെതിരെ പരിഹാസത്തോടെയുള്ള ചെയർപേഴ്സൺ പദവി എന്ന പ്രയോഗം അംഗീകാരമായി കാണുന്നു.
നഗരസഭയിലേക്കുള്ള ചായയും വടയും തുരുത്തേൽ തറവാട്ടിൽ നിന്നും തയ്യാറാക്കി ഫ്ലാസ്ക്കിലാണ് കൊണ്ട് വരുന്നതെന്ന് കൗൺസിൽ യോഗങ്ങളിൽ കട്ടൻ കാപ്പി മാത്രം കുടിക്കുന്ന താനടക്കമുള്ളവർ ഇന്നാണ് മനസ്സിലാക്കിയതെന്ന് സിജി പരിഹസിക്കുന്നു
വിഷയത്തിൽ വാക്കുകളാൽ ഏറ്റുമുട്ടുന്നതിന് പകരം അധികാരം കയ്യാളുന്ന ചെയർമാൻ പ്രവർത്തിച്ച് കാണിക്കുകയാണ് വേണ്ടത്. മർക്കട മുഷ്ടിയും മാടമ്പിത്തരവും ഇറക്കി വിരട്ടാൻ വന്നാൽ കൃത്യമായ മറുപടി സമയത്ത് തന്നെ നൽകും.
വിഷയത്തിൽ ചെയർമാനുമായി പൊതു ശ്മശാനത്തിൽ വച്ച് മാധ്യമ പ്രവർത്തകരുടെ സാന്നിദ്ധ്യത്തിൽ പരസ്യ സംവാദത്തിന് തയ്യാറാണെന്നും സിജി ടോണി അറിയിച്ചു.
0 Comments