മൃദംഗമാണ് തലനാട് മനുവിന്റെ ജീവിതം; താളം മുറിയാത്ത സപര്യ



സുനില്‍ പാലാ


തലനാട് മനുവിന്റെ മാന്ത്രിക വിരലുകള്‍ മൃദംഗത്തില്‍ നൃത്തമാടുമ്പോള്‍ കലാകാരന്റെ ശിരസ്സിലെ ആ ചുരുണ്ട മുടിയിഴകളും ഒപ്പംകൂടും. പിന്നെയൊരു താളപ്പെരുക്കമാണ്. വിരല്‍തൊട്ട് മുടിയോളം കാണികളും താളംപിടിക്കുന്ന തനിയാവര്‍ത്തനം. മനുവിന്റെ ഈ കലാസപര്യ തുടങ്ങിയിട്ട് നാല് പതിറ്റാണ്ടാവുകയാണ്. ഇതിനോടകം എത്രയോ വേദികള്‍, എത്രയോ പുരസ്‌കാരങ്ങള്‍, ഗുരുതുല്യരായ എത്രയോ സംഗീതജ്ഞര്‍ക്ക് പക്കമൊരുക്കിയ പുണ്യം, കലയുടെ പവിത്രത. ഷഷ്ഠ്യബ്ദ പൂര്‍ത്തിയിലേക്ക് കടക്കുന്ന ഈ കലാകാരന് മൃദംഗമാണ് ജീവിതം, കലയും.

പാരമ്പര്യ യാഥാസ്ഥിതിക ക്രൈസ്തവ കുടുംബത്തില്‍ ജനനം. കുടുംബാംഗങ്ങളുടെ എതിര്‍പ്പുകള്‍ക്കിടയിലും കലയോടുള്ള അഭിനിവേശം. അഞ്ചാം ക്ലാസില്‍ പഠിക്കവേ കലയുടെ താളവേദിയിലേക്ക് തബലയുമായി കയറി ചെന്ന തലനാട് മനുവിന് ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ തികഞ്ഞ ധന്യത. കേരളത്തിന്റെ കലാസപര്യയില്‍ തന്റേതായൊരു വഴി വെട്ടിത്തുറക്കാന്‍ കഴിഞ്ഞല്ലോയെന്നതിന്റെ അഭിമാനം, പ്രാര്‍ത്ഥന. 

തലനാട് മനു ക്രിസ്ത്യാനിയാണെന്നറിയാവുന്നവര്‍ തന്നെ വളരെ ചുരുക്കം. 1964 ല്‍ തലനാട്ടിലെ പുരാതന ക്രൈസ്തവ കുടുംബമായ നെല്ലിയേക്കുന്നേല്‍ എന്‍.ഡി. മാത്യുവെന്ന അപ്പച്ചന്റെയും ഏലിക്കുട്ടിയുടെയും ആറുമക്കളില്‍ അഞ്ചാമനായി ജനിച്ച മനു മാത്യുവിന്റെ ഓര്‍മ്മകളില്‍ നാട്ടിലെ പഴയ പെരുന്നാള്‍ - ഉത്സവ കാലം. ചെണ്ടപ്പുറത്ത് കോലുവയ്ക്കുന്നിടത്ത് കൊച്ചുമനു ഓടിച്ചെല്ലും. ആ താളമേളങ്ങള്‍ മുഴുവന്‍ കേട്ടുനില്‍ക്കും. തിരികെ വീട്ടില്‍ വന്ന് മേശയിലും കസേരയിലും അലുമിനിയപാത്രങ്ങളിലുമൊക്കെ താളമിടും. ഇതുകണ്ട് മാതാപിതാക്കളും സഹോദരങ്ങളുമൊക്കെ പറഞ്ഞു; ''നിന്നെ കൊട്ടുപഠിപ്പിക്കാന്‍ വിട്ടേക്കാം''. അവര്‍ തമാശയ്ക്ക് പറഞ്ഞതാണെങ്കിലും ആ വാക്കുകള്‍ പിന്നീട് പൊന്നായി. മൃദംഗത്തില്‍ മനു ഉയര്‍ത്തിയ താളപ്രപഞ്ചം ഇന്ന് കേരളത്തിലും പുറത്തും ധ്വനികളുയര്‍ത്തുമ്പോള്‍ ആരാധകരും ശിഷ്യരും ഒട്ടേറെ. 
 




മനു അങ്ങനെ മൃദംഗ കലാകാരനായി.

അന്ന് മനുവിന്റെ അയ്യമ്പാറ ഇടവകയില്‍ വൈദികനായെത്തിയ റവ. ഫാ. തോമസ് വെടിക്കുന്നേല്‍ ഇടവകയിലെ കുട്ടികള്‍ക്കായി ഒരു കലാപഠന കേന്ദ്രം ആരംഭിച്ചു. അന്ന് തീക്കോയി സ്‌കൂളിലെ അധ്യാപകനായിരുന്ന പ്രമുഖ ജലതരംഗം ആര്‍ട്ടിസ്റ്റ് തോമസ് തീക്കോയി ആയിരുന്നു ഗുരു. ഇവിടെ തബല പഠിക്കാനാണ് മനുവെത്തിയത്. അമ്മാവന്‍ വി.റ്റി. ജോര്‍ജ്ജാണ് തബല വാങ്ങി നല്‍കിയത്. സ്‌കൂള്‍ പഠനം കഴിയുന്നതുവരെ വിരലുകള്‍ തബലയ്‌ക്കൊപ്പമായിരുന്നു. അന്നത്തെ പ്രീഡിഗ്രി കഴിഞ്ഞ് വീട്ടില്‍ നിന്നപ്പോള്‍ തോമസ് തീക്കോയി സാര്‍ വീണ്ടും സമീപിച്ചു. തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളേജില്‍ മനുവിനെ ഗാനഭൂഷണത്തിന് ചേര്‍ക്കാനുള്ള പ്രധാന കാരണക്കാരന്‍ തബലയിലെ ഗുരുവായിരുന്ന തോമസ് തീക്കോയി സാറാണ്. 1984 ല്‍ പ്രസിദ്ധ കലാപഠന കേന്ദ്രമായ തൃപ്പൂണിത്തുറ ആര്‍.എല്‍.വി.യിലേക്ക് വണ്ടികയറിയത് മനു ഒറ്റയ്ക്കായിരുന്നു. മനുവിന്റെ കലാവഴിയോട് വീട്ടുകാര്‍ മുഖംതിരിച്ച സമയം. കോളേജ് അധ്യാപികയായിരുന്ന മൂത്ത സഹോദരി പ്രൊഫ. മേരി നെല്ലിയേക്കുന്നേല്‍ മാസംതോറും അയച്ചുനല്‍കിയിരുന്ന തുക കൊണ്ടായിരുന്നു മനുവിന്റെ മൃദംഗ പരിശീലനം. 1988 ല്‍ മൃദംഗത്തില്‍ ഒന്നാം ക്ലാസോടെ ഗാനഭൂഷണം പാസായ മനുവിന് സ്വന്തം നാട്ടിലെ ക്ഷേത്രത്തില്‍ അരങ്ങേറ്റം കുറിക്കണമെന്നാഗ്രഹം. അതിന് മുന്നേതന്നെ പരിചയപ്പെട്ടിരുന്ന സംഗീത കുലപതി നെയ്യാറ്റിന്‍കര വാസുദേവന്‍ പാടാന്‍ വരാമെന്നേറ്റു. അങ്ങനെ തലനാട് ശ്രീജ്ഞാനേശ്വര ക്ഷേത്രത്തിന്റെ കലാവേദിയില്‍ മനുവിന്റെ മൃദംഗ ചൊല്ലുകള്‍ വിടര്‍ന്നു. മഹാദേവന്റെ അനുഗ്രഹം, നാടിന്റെയും. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.  
 

1991 ല്‍ തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ നിന്നും ഗാനപ്രവീണ്‍ ഒന്നാംക്ലാസില്‍ പാസായതോടെ അന്നത്തെ പ്രമുഖ സംഗീതജ്ഞന്‍ ഇരണിയില്‍ പി.എന്‍. പെരുമ്മാളിന്റെ സംഘത്തിലെ മൃദംഗകലാകാരനായി. ശുചീന്ദ്രം, കന്യാകുമാരി, ബൂതപ്പാണ്ടി, നാഗര്‍കോവില്‍, തിരിച്ചന്തൂര്‍ തുടങ്ങി കലാവേദികളിലെല്ലാം കൈവിരലുകള്‍ മുദ്രചാര്‍ത്തിയ കാലം. പെരുമ്മാളിന്റെ തന്നെ നിര്‍ദ്ദേശപ്രകാരം ഇവിടെങ്ങളില്‍ മൃദംഗ അധ്യാപകനായും അന്നത്തെ 25കാരനായ മനു തിളങ്ങി. ധാരാളം ശിഷ്യസമ്പത്തുണ്ടായി. 1999 മുതല്‍ 2003 വരെ പാലക്കാട് ചെമ്പൈ സംഗീത കോളേജിലെ അധ്യാപകനായി. മാവേലിക്കര വേലുക്കുട്ടി നായര്‍, പാറശ്ശാല രവി, വൈക്കം പി.എസ്. വേണുഗോപാല്‍, കടനാട് വി.കെ. ഗോപി... അതിപ്രഗത്ഭരായ ഗുരുക്കന്‍മാരുടെ വിരലുകള്‍ മൃദംഗത്തിലെന്നപോലെ നെറുകയിലും പതിച്ചപ്പോള്‍ മനുവിന്റെ പ്രശസ്തി വര്‍ദ്ധിച്ചു. ഇന്ന് തലനാട് മനുവിനെ അറിയാത്ത സംഗീതജ്ഞരില്ല. കലാകേരളമില്ല.


മിന്നുകെട്ടിനോടൊപ്പമൊരു മധുരകച്ചേരി

കറുകച്ചാല്‍ കുളത്തൂര്‍മുഴിയിലെ പുരാതന ക്രൈസ്തവ കുടുംബമായ ആലുങ്കലെ ജയ തിരുവനന്തപുരം സ്വാതി തിരുനാള്‍ കോളേജില്‍ നിന്ന് ഗാനപ്രവീണ (വോക്കല്‍) പാസായി നില്‍ക്കുന്നു. ബന്ധുക്കളുടെ വിവാഹക്കുറിപ്പ് പത്രത്തില്‍. മനു ഇത് കണ്ടു. വീട്ടുകാര്‍ ആലോചിച്ചു. അതൊരു ജീവിതയാത്രയ്ക്ക് തുടക്കമായി. വായ്പ്പാട്ടും മൃദംഗവും ഒത്തുചേര്‍ന്നു. അയ്യമ്പാറ ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍ മിന്നുകെട്ട്. തൊട്ടടുത്ത തലനാട് ജ്ഞാനേശ്വര ക്ഷേത്രത്തില്‍ വിവാഹ സല്‍ക്കാര പാര്‍ട്ടി. അതിപ്രശസ്തനായ നെയ്യാറ്റിന്‍കര വാസുദേവന്റെ സംഗീത കച്ചേരി. ഈ കലാജീവിതം ഒരുമിച്ചൊഴുകാന്‍ തുടങ്ങിയിട്ട് 22 വര്‍ഷമായി. മകള്‍ ആദിത്യ മനു കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജില്‍ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ബിരുദ വിദ്യാര്‍ത്ഥിനി, മകന്‍ ആദിഷ് മനു ചെമ്മലമറ്റം സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥി. 



തലനാട് മനുവിന്റെ ഷഷ്ഠ്യബ്ധ പൂര്‍ത്തി ആഘോഷം പാലായില്‍


നാല് പതിറ്റാണ്ട് നീളുന്ന തലനാട് മനുവിന്റെ ഷഷ്ഠ്യബ്ധ പൂര്‍ത്തി ആഘോഷം ഡിസംബര്‍ 22 ന് പാലാ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുകയാണ്. ആശംസകള്‍ നേരാനും അനുഗ്രഹം ചൊരിയാനും ഗുരുക്കന്‍മാരും പാദപൂജ ചെയ്യാന്‍ ശിഷ്യരും അന്ന് ഒരുമിച്ച് അണിചേരുന്ന ദിവസം. കലാകേരളം കണ്ട പ്രശസ്ത സംഗീത കലാകാരന്‍മാരായ പാറശ്ശാല രവി, വൈക്കം പി.എസ്. വേണുഗോപാല്‍, കടനാട് വി.കെ. ഗോപി തുടങ്ങിയ ഗുരുക്കന്‍മാരും ശങ്കരന്‍ നമ്പൂതിരി, മാതംഗി സത്യമൂര്‍ത്തി, പ്രൊഫ. ആയാംകുടി മണി, മുല്ലക്കര സുഗുണന്‍, കാവാലം ശ്രീകുമാര്‍, ഉഡുപ്പി ശ്രീധര്‍, നെല്ലായി വിശ്വനാഥന്‍, ആര്‍. സ്വാമിനാഥന്‍, താമരക്കാട് ഗോവിന്ദന്‍ നമ്പൂതിരി, താമരക്കാട് വിഷ്ണു നമ്പൂതിരി, ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യം തുടങ്ങി കേരള ശാസ്ത്രീയ സംഗീത ലോകം അന്ന് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ഒരുമിക്കും.


 
നൂറുകണക്കിന് ശിഷ്യരുടെ പ്രിയ ഗുരു

കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ നൂറുകണക്കിന് ശിഷ്യര്‍ക്ക് മൃദംഗപാഠങ്ങള്‍ ചൊല്ലിക്കൊടുത്ത തലനാട് മനു കഴിഞ്ഞ 30 വര്‍ഷമായി ആകാശവാണിയിലെ ഗ്രേഡ് ആര്‍ട്ടിസ്റ്റാണ്. ഇതിനോടകം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഭാര്യ ജയ മനു കാളകെട്ടി അസീസ്സി എയ്ഡഡ് സ്‌കൂളിലെ സംഗീത അധ്യാപികയാണ്. ഇരുവരും ചേര്‍ന്ന് സംഗീത കച്ചേരികളും അവതരിപ്പിച്ച് വരുന്നു.


ഇത് എനിക്ക് ലഭിച്ച ഈശ്വരനിയോഗം, കഴിയുന്നിടത്തോളം ഈ കലയില്‍ ഞാന്‍ ജീവിക്കും.

''പുരാതന ക്രൈസ്തവ കുടുംബത്തില്‍ പിറന്ന എനിക്ക് ഈ ക്ഷേത്രകല ലഭിച്ചത് ഈശ്വരനിയോഗം തന്നെയാണ്. കഴിയുന്നിടത്തോളം കാലം ഈ കലയുമായി ഞാന്‍ ജീവിക്കും. 1984 ല്‍ തൃപ്പൂണിത്തുറ കോളേജില്‍ മൃദംഗ വിദ്യാര്‍ത്ഥിയായി ഞാന്‍ ഒറ്റയ്ക്കാണ് ചെന്ന് ചേര്‍ന്നതെങ്കില്‍ 1989 ല്‍ തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ എന്നെ ചേര്‍ക്കാന്‍ പിതാവ് മാത്യുവും എന്നോടൊപ്പം വന്നിരുന്നു. ഏത് വേര്‍തിരിവുകളെയും വിഭിന്നാഭിപ്രായങ്ങളെയും വിളക്കിച്ചേര്‍ക്കാന്‍ കലയ്ക്കല്ലാതെ പിന്നെന്തിന് കഴിയും...?'' മനുവിന്റെ വാക്കുകള്‍ ആനുകാലിക മലയാള ജീവിതത്തിനും ഒരുമയുടെ താളം തീര്‍ക്കുകയാണ്. വര്‍ണ്ണത്തില്‍ തുടങ്ങി തില്ലാനയിലൂടെ മംഗളം പാടിത്തീര്‍ക്കുന്ന മനോഹരമായൊരു സംഗീതകച്ചേരി പോലെ. 
 
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി 
കപ്പാട് സ്ഥിരതാമസമാക്കിയ 
തലനാട് മനുവിന്റെ ഫോണ്‍: 9744387353








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments