എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആശ്വാസം നല്‍കിയ ലൂക്കാ സാര്‍ യാത്രയായി.


എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആശ്വാസം നല്‍കിയ ലൂക്കാ സാര്‍ യാത്രയായി. 

കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പുനരധിവാസകേന്ദ്രത്തിനായി 15 ഏക്കര്‍ സ്ഥലം സൗജന്യമായി വിട്ടുനല്‍കിയ കോട്ടയം ബി.സി.എം. കോളേജിലെ മുന്‍ പ്രൊഫസറും പ്രമുഖ സാമൂഹിക ജീവകാരുണ്യപ്രവര്‍ത്തകനുമായ എം.കെ. ലൂക്കാ ഓര്‍മ്മയായി. ഇടുക്കി ജില്ലയിലെ രാജാക്കാടില്‍ നിന്നും ആരംഭിച്ച അദ്ദേഹത്തിന്റെ സന്നദ്ധ പ്രവര്‍ത്തനം കേരളത്തിലുടനീളം നൂറുകണക്കിന് ആളുകള്‍ക്ക് ആശ്വാസമായി. രാജാക്കാട് പ്രദേശത്ത് വിവിധ സന്നദ്ധ സംഘടനകളിലൂടെയും വിന്‍സെന്റ് ഡിപോളിലൂടെയും അമ്പതില്‍പരം ആളുകള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതിക്ക് സാമ്പത്തിക സഹായം നല്‍കുകയുണ്ടായി. 


ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്‍കുന്ന സ്‌നേഹദീപം ഭവനപദ്ധതിയില്‍ നിര്‍മ്മിച്ച രണ്ടാം സ്‌നേഹവീടിന്റെ തുക പൂര്‍ണ്ണമായും നല്കിയതും എം.കെ. ലൂക്കാസാറാണ്. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് ആവശ്യമായ പണം സ്വന്തം വരുമാനത്തില്‍നിന്നും നല്‍കുന്ന കാര്യത്തിലും അദ്ദേഹം ഏറെ താത്പര്യം കാണിച്ചിരുന്നു. 
തന്റെ കാലശേഷവും വിദ്യാഭ്യാസ സഹായം തുടരുന്നതിനായി ഹെല്‍പിംഗ് ഹാന്റ്‌സ് എഡ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍ ഒരു ട്രസ്റ്റിനു രൂപം നല്‍കി. തന്റെ സ്വത്തുക്കള്‍ അതിന്റെ പേരില്‍ എഴുതിവെച്ചു. ന്യൂയോര്‍ക്കില്‍നിന്നും മുഴുവന്‍ സമയ സന്നദ്ധപ്രവര്‍ത്തനത്തിനായി കേരളത്തില്‍ വന്ന് ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റിയായി പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് അന്ത്യം. 1982-ല്‍ പാലാ സെന്റ് തോമസ് കോളേജിന്റെ യൂണിയന്‍ ചെയര്‍മാനായിരുന്നു എം.കെ. ലൂക്ക. 


തൊടുപുഴ കരിങ്കുന്നത്ത് ഓലിയാനിക്കല്‍ കുര്യാക്കോസിന്റെയും മറിയാമ്മയുടെയും മകനായാണ് ജനനം. വിദ്യാഭ്യാസത്തിനുശേഷം കോട്ടയം ബി.സി.എം. കോളേജില്‍ അധ്യാപകന്‍. തുടര്‍ന്ന് വോളണ്ടറി റിയട്ടയര്‍മെന്റ് എഴുത്ത് അമേരിക്കയിലെ റോക്‌ലാന്റ് സൈക്കാട്രി സെന്ററില്‍ തെറാപ്പി എയ്ഡായി 65 വയസ്സുവരെ സേവനം. ഭാര്യ കോട്ടയം കൊച്ചുപുരയക്കല്‍ ലാലി അലക്‌സാണ്ടര്‍. മക്കള്‍ അരുണ്‍ കുര്യന്‍ ലൂക്കോസ്, അമല്‍ സൈമണ്‍ ലൂക്കോസ്, അലക്‌സാണ്ടര്‍ കുരുവിള (എല്ലാവരും അമേരിക്ക). ആദ്യഭാര്യ പരേതയായ കരിങ്കുന്നം വെണ്‍മറ്റത്തില്‍ കൊച്ചുത്രേസ്യാ. 

ജീവകാരുണ്യപ്രവര്‍ത്തകനായ എം.കെ. ലൂക്കായുടെ നിര്യാണത്തില്‍ കിടങ്ങൂര്‍ സ്‌നേഹദീപം ചാരിറ്റബിള്‍ സൊസൈറ്റി അനുശോചനം രേഖപ്പെടുത്തി. യോഗത്തില്‍ പ്രസിഡന്റ് പ്രൊഫ. ഡോ. മേഴ്‌സി ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അശോക് കുമാര്‍ പൂതമന, സ്‌നേഹദീപം സൊസൈറ്റി ഭാരവാഹികളായ ഗിരിഷ്‌കുമാര്‍ ഇലവുങ്കല്‍,  എന്‍. എസ്. ഗോപാലകൃഷ്ണന്‍ നായര്‍ നിരവത്ത്, എം.ദിലീപ്കുമാര്‍ തെക്കുംചേരില്‍, ഷോണി പി. ജേക്കബ്, വി.കെ. സുരേന്ദ്രന്‍, ബേബി മുളവേലിപ്പുറം, പി.റ്റി. ജോസ് പാരിപ്പള്ളില്‍, സുനില്‍ ഇല്ലിമൂട്ടില്‍, സാജു കാരാമയില്‍,  രാജേഷ് തിരുമല എന്നിവര്‍ പ്രസംഗിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments