തൊടുപുഴ നഗരമധ്യത്തിലെ പ്രധാന പാതയായ വടക്കുംമുറി റോഡ് കൂരാകൂരിട്ടിലായി. പരിസരത്തെ വ്യാപാര സ്ഥാപനങ്ങളുടെ വെളിച്ചമാണ് ഒരു പരിധിവരെ ഇതുവഴി യാത്രചെയ്യുന്നവര്‍ക്ക് വഴികാട്ടിയാകുന്നത്. നാലുവരി പാതയില്‍ നിന്ന് തൊടുപുഴ ടൗണിലേക്കുള്ള വടക്കുംമുറി റോഡിലെ തെരുവിളക്കുകള്‍ കത്താത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. വൈകിട്ട് 7ന് ശേഷം ഇതുവഴി കാല്‍നടയാത്ര ചെയ്യണമെന്ന് ആഗ്രഹിച്ചാല്‍ കുഴയും. പൊതുവഴിയിലൂടെ ടോര്‍ച്ചിന്റെയോമൊബൈല്‍ ലൈറ്റിന്റെയോ സഹായത്തോടെ മാത്രമേ യാത്ര സാധ്യമാകൂ. മങ്ങാട്ടുകവലയക്ക് ഉള്‍പ്പെടെ പോകാനായി വാഹനയാത്രികര്‍ ഉപയോഗിക്കുന്ന റൂട്ടിലെ സ്ഥിതിയാണിത്.
തൊടുപുഴയില്‍ നിന്നും ഉടുമ്പന്നൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് പോകാനായി ഉപയോഗിക്കുന്ന എളുപ്പവഴിയാണിത്. കൂടാതെ നഗരമധ്യത്തിലേക്ക് പ്രവേശിക്കാനും സാധിക്കും.
അതിനാല്‍ തന്നെ നിത്യേന അനവധി വാഹനങ്ങളാണ് ഇടതടവില്ലാതെ ഇതുവഴിപായുന്നത്. കാല്‍ നടയാത്രികരെ കാണാന്‍ പോലും സാധിക്കാത്തത്ര ഇരുട്ടാണ്. റോഡിന്റെ വശങ്ങളിലായി സ്ഥിതി ചെയ്യുന്ന വ്യാപാരസ്ഥാപനങ്ങളില്‍ നിന്നുള്ള വെളിച്ചവും സമീപത്തെ വീടുകളിലെ വെളിച്ചവുമാണ് ഇതു വഴി യാത്രചെയ്യുന്നവരുടെ ആകെയുള്ള ആശ്രയം. 7ന് ശേഷം ഇതുവഴി യാത്രചെയ്യുന്നവരുടെ എണ്ണം പൊതുവേ കുറവാണ്. പക്ഷേ, ജോലി കഴിഞ്ഞ് ഇത് വഴി മടങ്ങുന്ന സ്ത്രീകളടക്കമുള്ളവരുടെ അവസ്ഥ വളരെ പരിതാപകരമാണ്. ഇഴജന്തു ശല്യമുള്‍പ്പെടെയുള്ളവ ഇതുവഴി യാത്രചെയ്യുന്നവരുടെ പേടിസ്വപ്നമാണ്. നഗരത്തിലെ പലയിടങ്ങളിലെയും അവസ്ഥ ഇതുതന്നെയാണ്.
നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇടമായ മുല്ലക്കല്‍ ജംഗ്ഷനിലൂടെ യാത്രചെയ്യുന്നവരും സമാന സാഹചര്യമാണ് തരണം ചെയ്യുന്നത്. തെരുവിളക്കുകള്‍ പ്രകാശിക്കാത്തതുമൂലം ഇരുചക്രവാഹനയാത്രികരുള്‍പ്പെടെ ഇതിലൂടെ കടന്നുപോകാന്‍ പെടാപ്പാടുപെടുകയാണ്. ഇത് ഇവിടുത്തെ അപകടത്തിന്റെ തോത് വര്‍ധിപ്പിക്കുന്നതിലെ പ്രധാന കാരണവുമാകുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. എത്രയും വേഗത്തില്‍ തെരുവിളക്കുകളുടെ അറ്റകുറ്റപണി ചെയ്യണമെന്നാണ് ജനങ്ങളുടെ ആവശ്യം.
0 Comments