ഔസേപ്പച്ചന്‍ തകിടിയേല്‍... സമയത്തിന്റെ കാവല്‍ക്കാരന്‍




സുനില്‍ പാലാ

അരനൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള സ്ഥാപനത്തിന്റെ ഉടമയായ തകിടിയേല്‍ ഔസേപ്പച്ചന്‍ എന്ന ജോസഫ് സെബാസ്റ്റ്യന്‍ സമയത്തെ പ്രണയിച്ചും, സമയത്തോട് മത്സരിച്ചും, സമയത്തെ തോല്‍പ്പിച്ചും, സമയത്തെ ഓര്‍മ്മിപ്പിച്ചും, സമയത്തിന്റെ കാവല്‍ക്കാരനായും, വില്‍പ്പനക്കാരനായും വിലയേറിയ വാച്ചുകളുടെ ബിസിനസ് ലോകത്ത് ഏറെത്തിരക്കിലാണ്; ഒട്ടും സമയം കളയാനില്ലെന്ന കാഴ്ചപ്പാടോടെ.

കോട്ടയം ജില്ലയില്‍ പാലാ കുരിശുപള്ളി ജംഗ്ഷന് സമീപം 5000 ചതുരശ്ര അടി വിസ്തൃതിയുള്ള വിശാലമായ തകിടിയേല്‍ വാച്ച് വേള്‍ഡിലെ ശീതീകരിച്ച ഓഫീസ് മുറിയിലിരുന്ന് ''യെസ് വാര്‍ത്ത'യോട് സംസാരിക്കുമ്പോള്‍ ഔസേപ്പച്ചന് ഏറെ ചുറുചുറുക്കും വാചാലതയും.

* ഇന്ത്യയിലെ ഏറ്റവും വലിയ വാച്ചുകടയുടമ തകടിയേല്‍ ഔസേപ്പച്ചനെന്ന ജോസഫ് സെബാസ്റ്റ്യന്‍
* അരകോടി രൂപയിലേറെ വിലവരുന്ന ആഡംബര വാച്ചുകള്‍ വരെ അലങ്കരിച്ച പാലായിലെ തകടിയേല്‍ വാച്ച് വേള്‍ഡ്
* ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വാച്ചുഷോറും എന്ന നിലയില്‍ പ്രശസ്തമാണ്.



ദൈവത്തേയും സമയത്തേയും സ്തുതിച്ച് ഔസേപ്പച്ചന്‍ തകിടിയേല്‍ തന്റെ നല്ല സമയത്തെക്കുറിച്ചും ആഡംബരവാച്ചുകളെക്കുറിച്ചും ബിസിനസ്സിനെക്കുറിച്ചും മറ്റും ''യെസ് വാര്‍ത്ത''യോട് വിശദമായി സംസാരിച്ചു.

? പാലായില്‍ അമലോത്ഭവ മാതാവിന്റെ തിരുനാളിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. കുരിശുപള്ളിയെ സാക്ഷിനിര്‍ത്തിത്തന്നെ ആദ്യമേ ചോദിക്കട്ടെ; കുരിശിന്റെ അനുഗ്രഹം സമ്മാനിച്ച താങ്കളുടെ ജീവിതത്തിലെ നല്ല സമയത്തെ എങ്ങനെ നോക്കിക്കാണുന്നു.
*  സുനില്‍ പറഞ്ഞതുപോലെ ''നല്ലസമയം സമ്മാനിച്ച'' കുരിശിനോടും കര്‍ത്താവിനോടും എന്നും നന്ദിയോടെ മാത്രമേ ഞാന്‍ ജീവിച്ചിട്ടുള്ളൂ. ദൈവത്തോട് കൈ കൂപ്പിത്തന്നെ ഞാന്‍ പറഞ്ഞു തുടങ്ങാം. വാച്ചുകളുടെ സമയസൂചികകള്‍ക്കൊപ്പം അതിവേഗം പായുന്നതാണ് എന്റെ ജീവിതവും, സ്വപ്നവും, ബിസിനസ്സും മറ്റും. എന്റെ ഹൃദയമിടിപ്പ് പോലെ ജീവനില്‍ ചേര്‍ത്തുവച്ചതാണ് വാച്ചുകളും, അവയുടെ ''ഹൃദയമിടിപ്പും'' എന്നുകൂടി പറയാം. നേട്ടത്തിന്റെ ഓരോ കാലഘട്ടത്തിലും ദൈവത്തിന്റെ ഇടപെടല്‍ പുലര്‍ച്ചയിലെ അലാറം പോലെ എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്.

?  അതിവിശാലവും, വിപുലവുമായ തകിടിയേല്‍ വാച്ച് വേള്‍ഡ് തേടിവരുന്നവരെ സ്വീകരിക്കുന്നത് ആഡംബര വാച്ചുകള്‍ക്കൊണ്ടാണ്. ഇവയുടെ വില്പന എങ്ങനെ.
*  അരക്കോടി രൂപയുടെ റോളക്‌സ് വാച്ച് മുതല്‍ 25 ലക്ഷം രൂപയുടെ വജ്രത്തില്‍ നിര്‍മ്മിച്ച കാര്‍ട്ടിയര്‍ വാച്ച്, 12 ലക്ഷം രൂപയുടെ റോളക്‌സ് റഫ് ഗോള്‍ഡ് വാച്ച്, 10 ലക്ഷം രൂപയുടെ ഒമേഗ വാച്ച് തുടങ്ങി വിലയേറിയതും പ്രൗഢിത്തിളക്കവുമുള്ള വാച്ചുകള്‍ മുതല്‍ ആയിരം രൂപയുടെ വാച്ചുകള്‍ വരെ ഞങ്ങളുടെ ഷോറൂമിലുണ്ട്.

വിവിധതരം പോക്കറ്റ് വാച്ചുകള്‍, 800 ഗ്രാം ഭാരം വരുന്ന വലിയ ഡയലുള്ള ഡീസല്‍ കമ്പനിയുടെ വാച്ച്, പിന്നോട്ട് ഓടുന്ന ഇംപീരിയല്‍ സ്വിസ് കമ്പനിയുടെ വാച്ച് തുടങ്ങിയ അപൂര്‍വ്വവും അമൂല്യവുമായ വാച്ചുകളും സ്വന്തം ശേഖരത്തിലുണ്ട്. വിലപ്ന ലക്ഷ്യമാക്കി മാത്രമല്ല, വാച്ചുകളോടുള്ള ഇഷ്ടം കാരണം കൊണ്ടും ഇവ സൂക്ഷിക്കുന്നതാണ്. സിനിമാ രംഗത്തേയും മറ്റും സെലിബ്രിറ്റികള്‍ മുതല്‍ ബിസിനസ് പ്രമുഖര്‍ വരെ പാലായിലെ ഷോറൂമിലെത്തി ഇത്തരം വാച്ചുകള്‍ സ്വന്തമാക്കുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുവരെ വാച്ച് വാങ്ങാന്‍ പാലായുടെ റബര്‍ മണമുള്ള മണ്ണ് തേടി സെലിബ്രിറ്റികളും മറ്റും വരുന്നതിന് കാരണം ഈ ഷോറൂം അണെന്ന് പറയുന്നതില്‍ ഏറെ സന്തോഷമുണ്ട്. 


? കാലത്തിന്റെ സൂചികള്‍ ഓടിയോടി താങ്കളുടെ വാച്ചുകടയും വ്യാപാരവും സുവര്‍ണ്ണ ജൂബിലി പിന്നിട്ടിരിക്കുന്നു. ഇംപീരിയല്‍ സ്വിസ് കമ്പനിയുടെ വാച്ചുപോലെ ഓര്‍മ്മകളുടെ സൂചികള്‍ പിന്നിലേക്ക് ഓടിയാല്‍ താങ്കളുടെ മനസ്സില്‍ തെളിയുന്നതെന്തായിരിക്കും?

* നമ്മുടെ മനസ്സിന്റെ സൂചികളും ചിലനേരം വാച്ചുകളേപ്പോലെ തന്നെ പിന്നിലേക്ക് ഓടിയും, സമയം തെറ്റിയുമൊക്കെ ഓര്‍മ്മകളെ പുണരും. ബിസിനസ് രംഗത്ത് സുവര്‍ണ്ണജൂബിലി പിന്നിട്ട സ്ഥാപനം എന്ന നിലയില്‍ അമ്പത് വര്‍ഷത്തെ ഭൂതകാലമുണ്ട് ഓര്‍ത്തെടുക്കാന്‍. കാലത്തിന്റെ സൂചികള്‍ ഓടുന്നത് അതിവേഗമാണിപ്പോള്‍. പാലായില്‍ ഫോട്ടോഗ്രാഫി മേഖലയിലായിരുന്നു ഞങ്ങളുടെ തകടിയേല്‍ കുടുംബത്തിന്റെ ബിസിനസ്സ് തുടക്കം. പിതാവ് തകടിയേല്‍ പാപ്പച്ചന് ഫോട്ടോഗ്രാഫി, എക്‌സറേ ഫിലിം എന്നിവയുടെ ബിസിനസ്സിലായിരുന്നു ആദ്യകാലത്ത് പ്രധാന ശ്രദ്ധ. 1952 മുതല്‍ വാച്ച് ബിസിനസ്സും ആരംഭിച്ചിരുന്നു. ഇതോടെ ഞാന്‍ സമയത്തിന്റെ ലോകത്ത് ഓടുന്ന സൂചികള്‍ക്കൊപ്പം സഞ്ചരിക്കാന്‍ തുടങ്ങി.

സമയത്തിന്റെ ശാസ്ത്രീയ പഠനശാഖയായ ഹോറോളജിക്കല്‍ എഞ്ചിനീയറിംഗ് മേഖലയില്‍ എത്തിച്ചേരാനായത് ജീവിതത്തില്‍ വലിയ നേട്ടമായി. ഫോട്ടോഗ്രാഫറായി ജോലി ചെയ്തിരുന്നപ്പോഴാണ് സമയത്തെക്കുറിച്ച് ശാസ്ത്രീയമായും ആധികാരികമായും പഠിക്കാന്‍ അവസരം കിട്ടുന്നത്. 
 


? ഹോറോളജിക്കല്‍ എഞ്ചിനീയറിംഗ് അക്കാലത്ത് നേടിയെടുക്കുക എന്നത് ഏറെ അപ്രാപ്യമായ ഒന്നായിരുന്നില്ലേ?
*  ശരിയാണ്. അന്ന് സ്വിറ്റ്‌സര്‍ലണ്ട് യൂണിവേഴ്‌സിറ്റി മാത്രം നടത്തുന്ന ഈ കോഴ്‌സ് ബംഗ്ലൂരുവില്‍ സീഷേലര്‍ ട്രസ്റ്റ് നടത്തിയിരുന്നു. നാലുവര്‍ഷ കോഴ്‌സിനൊടുവില്‍ സ്വിറ്റ്‌സര്‍ലണ്ടില്‍ പോയി പരീക്ഷ എഴുതി പാസാകുവാന്‍ സാധിച്ചു. നാട്ടില്‍ മടങ്ങിയെത്തി ബിസിനസ്സില്‍ വലിയ രീതിയില്‍ മുന്നേറാന്‍ ഇത് സഹായിച്ചു.

? തുടക്കം എച്ച്.എം.ടി.യോടൊപ്പമായിരുന്നല്ലോ?
* അതേ; ആദ്യം എച്ച്.എം.ടി.യിലും പിന്നീട് ടൈറ്റനിലും ജോലി ചെയ്തു. ഈ അനുഭവ പരിചയംകൂടി നല്‍കിയ പിന്‍ബലത്തില്‍ സ്വന്തമായി വാച്ചുനിര്‍മ്മാണമെന്ന ചിന്തയുടെ സൂചി എന്റെ യൗവന മനസ്സില്‍ ജന്‍മം കൊണ്ടു. ആദ്യം വാച്ച് നിര്‍മ്മാണ മേഖലയിലേക്കും പിന്നീട് വ്യാപാര രംഗത്തേക്കും കാലുവച്ചു. ഇപ്പോള്‍ സഹോദരനാണ് ഫോട്ടോഗ്രഫി ബിസിനസ്സ് നടത്തുന്നത്.

? പാലാ പോലൊരു പട്ടണത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വാച്ചുകട ആരംഭിക്കാനുണ്ടായ ധൈര്യം സമ്മതിക്കണം..
* പാലാ എന്ന ജന്‍മനാടിനോടുള്ള ആത്മബന്ധം നല്‍കിയ ധൈര്യമാണിത്. കൊച്ചിയിലോ കോട്ടയത്തോ മറ്റോ ആരംഭിക്കാതെ പാലാ പട്ടണത്തില്‍ തന്നെ ഇന്ത്യയിലെ ഏറ്റവും വലിയതും പ്രൗഢവുമായ വാച്ച് ഷോറും നാടിനുള്ള എന്റെ സമര്‍പ്പണമാണ്. പാലായുടെ മണ്ണില്‍ കുരിശുപള്ളി മാതാവിന് തൊട്ടടുത്തുതന്നെ തലയെടുപ്പായി തകിടിയേല്‍ വാച്ച് വേള്‍ഡ് നിര്‍മ്മിക്കാനായതും ദൈവ വിധി.

? വാച്ചുകളെ അത്രമേല്‍ അടുത്തറിഞ്ഞ ആളെന്ന നിലയില്‍ എന്താണ് പങ്കിടാനുള്ളത്.
*  മികച്ച വാച്ചുകളുടെ ഉല്പാദന കാര്യത്തില്‍ സ്വിറ്റ്‌സര്‍ലാണ്ടാണ് മുന്നില്‍. എന്നാല്‍ ഏറ്റവും നന്നായി ഈ വ്യാപാരം നടത്തുന്നത് ഹോംകോങ്ങാണ്. വിവിധ രാജ്യങ്ങളിലെ വില താരതമ്യപ്പെടുത്തി പറഞ്ഞാല്‍, ഇന്ത്യയിലാണ് ഏറ്റവും വിലക്കുറവുള്ള വാച്ചുകള്‍ ലഭിക്കുന്നതെന്ന് പറയാം.

? നൂറോളം രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞ ലോകപരിചയം ഉണ്ടല്ലോ. ഒരു കൗതുകത്തിന് പറയുകയാണെങ്കില്‍ സമയത്തിന്റെ കാര്യത്തില്‍ ഏറ്റക്കുറച്ചിലിനുള്ള വ്യത്യസ്ത സമയ മേഖലകളാണല്ലോ എല്ലാം.
* അതേ; വാച്ച് ബിസിനസ്സുമായി ബന്ധപ്പെട്ട് ലോകത്തെ നൂറോളം രാജ്യങ്ങളിലൂടെ സഞ്ചരിക്കാന്‍ സാധിച്ചിട്ടുണ്ട്. സമയത്തിന്റെ കാര്യമെടുത്താല്‍ പകലും രാത്രിയും തമ്മിലുള്ള വ്യത്യാസം പോലും ഓരോ രാജ്യത്തും നമ്മുടെ സമയഘടനയില്‍ നിന്ന് എത്രയോ വ്യത്യാസം അനുഭവിച്ചറിയാം. വിവിധ രാജ്യങ്ങളിലെ സമയവ്യതിയാനം പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പല രാജ്യത്തെയും സമയം കാണിക്കുന്ന വാച്ചുകളും ഘടികാരങ്ങളും ശേഖരത്തില്‍ സ്വന്തമായിട്ടുണ്ട്. വയസ്സ് 70 പിന്നിട്ടെങ്കിലും യാത്രകളോട് ഇന്നും പ്രണയം തന്നെയാണ്. ബഹുവിധ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ് കിട്ടിയതും ലോകയാത്രകളില്‍ നിന്നാണ്.

? സിനിമ, രാഷട്രീയം, സാമൂഹ്യപ്രവര്‍ത്തനം... ബിസിനസ്സിനൊപ്പം പല മേഖലകളിലേക്കും പടര്‍ന്നുകയറിയ താങ്കളുടെ താല്പര്യങ്ങളെക്കുറിച്ച്.
* സിനിമയും പാട്ടും ഏറെ ഇഷ്ടമാണ്. പക്ഷേ തീയേറ്ററില്‍ പോകാറില്ല. മലയാളം, തമിഴ്, ഹിന്ദി എന്നിങ്ങനെ എല്ലാ സിനിമകളും കാണും. ചിലപ്പോള്‍ പുലര്‍ച്ചേ വരെ സിനിമാ കണ്ടിരിക്കുന്ന പതിവുമുണ്ട്. പല ഭാഷകളിലെ പാട്ടുകളും ആസ്വദിക്കാറുണ്ട്.

രാഷ്ട്രീയത്തെക്കുറിച്ച് പറഞ്ഞാല്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനം മുതല്‍ രാഷ്ട്രീയത്തില്‍ ആവേശം ആരംഭിച്ചതാണ്. നിലവില്‍ കോണ്‍ഗ്രസ് (എസ്) സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും കോട്ടയം ജില്ലാ പ്രസിഡന്റുമാണ്. ചെറിയൊരു ഇടവേള ഒഴിച്ചാല്‍ വ്യാപാരി വ്യവസായി സമിതിയുടെ ജില്ലാ പ്രസിഡന്റുമാണ്. ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗമാണ്. ഒരു തവണ ജില്ലാ പഞ്ചായത്ത് ഏറ്റുമാനൂര്‍ ഡിവിഷനില്‍ നിന്ന് മത്സരിച്ചിട്ടുമുണ്ട്. രാജ്യത്തെ രാഷ്ട്രീയ രംഗത്തെ പ്രമുഖരുമായി മികച്ച വ്യക്തിബന്ധം നിലനിര്‍ത്താന്‍ കഴിയുന്നതും ഭാഗ്യം തന്നെ. 
 


? താങ്കളുടെ കുടുംബചിത്രവും മനോഹരമാണല്ലോ. മണിക്കൂര്‍ സൂചിയും മിനിറ്റ് സൂചിയും സെക്കന്റ് സൂചിയും ചേര്‍ന്ന് ലോകം തീര്‍ക്കുന്നതുപോലെ മനോഹരം...
*  ഭാര്യ ആനീസ് ജോസഫ്, മകള്‍ ഡോ. യമുന ജോസഫ് അമേരിക്കയിലെ സാന്‍ഫോര്‍ഡില്‍ ന്യൂറോളജിസ്റ്റാണ്. നൈക്ക് കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളായ സോണിയാണ് മരുമകന്‍. ഇവരുടെ ഏക മകന്‍ എഡ്വിന്‍ സോണി തോമസ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ്. മകളെയും കുടുംബത്തെയും കാണാന്‍ ഞാനും ഭാര്യയും നടത്തുന്ന അമേരിക്കന്‍ സന്ദര്‍ശനം പതിവുള്ളതാണ്. സൈബര്‍ ഡോമില്‍ പോലീസിനടക്കം ക്ലാസെടുക്കുന്ന ദേവസ്യ ജോസഫാണ് മകന്‍. ശാസ്ത്രജ്ഞയായ ടിന്റുവാണ് ദേവസ്യയായുടെ ഭാര്യ. ഇവരുടെ മക്കള്‍ ബെന്‍, ക്രിസ്.

? അവസാനമായുള്ള ഈ ചോദ്യം സമയത്തെക്കുറിച്ച് തന്നെയാണ്. സമയത്തിന്റെ കാവല്‍ക്കാരനും, കച്ചവടക്കാരനുമായ തകിടിയേല്‍ ഔസേപ്പച്ചന്‍ സമയത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്.
* ഓരോരുത്തര്‍ക്കും ഓരോ സമയവും ഏറെ വിലപ്പെട്ടതാണ്. സുനിലിന് പത്രപ്രവര്‍ത്തനത്തില്‍ ഓരോ വാര്‍ത്തയും റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സമയത്തെക്കുറിച്ച് കൃത്യമായി നിശ്ചയമുണ്ടാകും. ഈ സെക്കന്റുകള്‍ എല്ലാവരുടെയും ജീവിതത്തില്‍ വളരെ വലുതാണ്. അതുകൊണ്ടാണ് വാച്ചുകളുടെ സെക്കന്റ് സൂചികളുടെ വലിയ പ്രാധാന്യവും. സമയം ആരെയും കാത്തുനില്‍ക്കില്ല. സമയത്തിന്റെ വില മനസ്സിലാക്കി എല്ലാവരും ജീവിക്കണം. എല്ലാവര്‍ക്കും ഒരു ദിവസമെന്നത് 24 മണിക്കൂര്‍ സമയം മാത്രമാണ്. പക്ഷേ ആ സമയത്തെ ഓരോരുത്തരും എങ്ങനെ വിനിയോഗിക്കുന്നു എന്നതിലാണ് ഓരോ വ്യക്തികളുടെയും ജീവിത വിജയം.

സമയം എല്ലാവരെയും അനുഗ്രഹിക്കട്ടെയെന്ന ആശംസയോടെ ഔസേപ്പച്ചന്‍ പറഞ്ഞു നിര്‍ത്തുമ്പോള്‍ അമലോത്ഭവ മാതാവിന്റെ ജൂബിലി കപ്പേളയില്‍ നിന്ന് മണി മുഴങ്ങി. സമയം ദൈവാധീനത്തിന്റേതാണ്.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments