വയല്‍വാരത്തപ്പന് ദീപം തെളിക്കും... ലീലചേച്ചിക്ക് വെളിച്ചമാകും...




സുനില്‍ പാലാ

ലീലചേച്ചിക്ക് ''വയല്‍വാരത്തപ്പനാണ്'' എല്ലാം. കഴിഞ്ഞ ഏഴ് വര്‍ഷമായി വയല്‍വാരത്തപ്പന് ദീപം കൊളുത്താത്ത ഒരു പ്രഭാതം പോലും കോഴ മാധവനിവാസിലെ സി.ആര്‍. ലീല എന്ന നാട്ടുകാരുടെ ലീലചേച്ചിക്കില്ല. 
 
കുറവിലങ്ങാട് 5353-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖയിലെ പ്രാര്‍ത്ഥനാ മന്ദിരത്തിലാണിപ്പോള്‍ ശ്രീനാരായണ ഗുരുദേവന്റെ സവിശേഷമായ വയല്‍വാരത്തപ്പന്‍ സ്വരൂപം ഉള്ളത്. റിക്ഷയിലിരിക്കുന്ന ഗുരുദേവനാണ് സാക്ഷാല്‍ വയല്‍വാരത്തപ്പന്‍. മറ്റൊരു ഗുരുദേവക്ഷേത്രത്തിലും കാണാന്‍ കഴിയാത്ത അത്യപൂര്‍വ്വ പ്രതിഷ്ഠ. ഈ പ്രതിഷ്ഠയ്ക്ക് മുന്നില്‍ അഞ്ച് തിരിയിട്ട് നെയ് നിറച്ച നിലവിളക്കില്‍ എന്നും പുലര്‍ച്ചയില്‍ ദീപം പകരുന്നത് ലീലചേച്ചിയാണ്.

നിത്യേനയുള്ള ഈ ദീപപ്രോജ്വലനത്തിന് പിന്നില്‍ ലീലയ്‌ക്കൊരു കഥപറയാനുണ്ട്. വിശ്വാസത്താല്‍ നിറഞ്ഞ് ഭക്തിലഹരിയില്‍ മതിമറക്കുന്നൊരു അനുഭവകഥ. ഗുരുദേവന്‍ സഞ്ചരിച്ചിരുന്നതുപോലത്തെ ഒരു റിക്ഷ അന്നത്തെ ശാഖാഭാരവാഹികള്‍ വാങ്ങിച്ചു. എന്നാല്‍ ഇത് സൂക്ഷിക്കാന്‍ അന്ന് സ്ഥലസൗകര്യമില്ലാതിരുന്നതിനാല്‍ കോഴ ജംഗ്ഷന് സമീപമുള്ള മുന്‍ശാഖാ നേതാവും ലീലയുടെ ഭര്‍ത്താവുമായ കെ.എം. കുമാരനെ ശാഖാനേതാക്കള്‍ സമീപിച്ചു. 
 

 
തന്റെ വീട്ടില്‍ റിക്ഷ സൂക്ഷിച്ചുകൊള്ളാമെന്ന് കുമാരന്‍ അപ്പോഴെ സമ്മതിച്ചു. ഭാര്യ ലീലയ്ക്കും ഇത് നൂറുവട്ടം സമ്മതമായി. അങ്ങനെയാണ് കുമാരന്റെ മാധവനിവാസിന്റെ പൂമുഖത്ത് ആ റിക്ഷായെത്തുന്നത്. പിന്നീട് ശാഖയ്ക്ക് പ്രാര്‍ത്ഥനാ മന്ദിരത്തിന് സ്ഥലം കൊടുക്കാനും കുമാരന്‍ മുന്നോട്ട് വന്നു. ഇവിടേയ്ക്കുള്ള വഴി തന്റെ പുരയിടത്തില്‍ നിന്നും സൗജന്യമായി കൊടുക്കുകയും ചെയ്തു ഈ ഗുരുഭക്തന്‍. അങ്ങനെ റിക്ഷ പ്രാര്‍ത്ഥനാ മന്ദിരത്തിലേക്ക് മാറ്റി. അന്നുമുതല്‍ വീട്ടില്‍ നിന്നും 200 മീറ്റര്‍ അപ്പുറമുള്ള പ്രാര്‍ത്ഥനാ മന്ദിരത്തിലേക്ക് എന്നും പുലര്‍ച്ചെ ഒരു കുടന്ന പൂക്കളുമായി ലീലചേച്ചിയെത്തും. ഗുരുദേവന് മുന്നില്‍ ദീപം പകരും. ദൈവദശകം ചൊല്ലും. മറ്റാരും അവിടെ ഉണ്ടാകാറില്ല.


ഇതെന്റെ ഗുരുനിയോഗം

''ഇത് മഹാഗുരുവിന്റെ നിയോഗമായി ഞാന്‍ കരുതുന്നു. എനിക്ക് നടക്കാന്‍ കഴിയുന്നത്ര കാലത്തോളം എന്നും പുലര്‍ച്ചെ ഞാന്‍ വയല്‍വാരത്തപ്പന് മുന്നില്‍ വിളക്ക് തെളിച്ചിരിക്കും''. നിറകണ്ണുകളോടെ ലീല പറഞ്ഞു. പാലാ താലൂക്ക് ആശുപത്രിയില്‍ നിന്നും നഴ്‌സിംഗ് സൂപ്രണ്ടായി വിരമിച്ച ആളാണ് ലീല. ഭര്‍ത്താവ് കെ.എം. കുമാരന്‍ പാലാ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്നും കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടറായി വിരമിച്ചു. ദീര്‍ഘകാലം എസ്.എന്‍.ഡി.പി. ശാഖയുടെ പ്രസിഡന്റും വൈസ് പ്രസിഡന്റുമായിരുന്നു. മക്കളായ ദീപയും ദിലീപും ദീപ്തിയും മരുമക്കളായ പ്രദീപും അനുവും അനീഷും ദുബായില്‍ ഉയര്‍ന്ന ജോലിയിലിരിക്കുന്നു.


''വയല്‍വാരത്തപ്പന്‍'' എന്ന പേരിട്ടത് ഉല്ലല തങ്കമ്മ

കോഴയില്‍ വയലേലകള്‍ക്ക് നടുവിലുള്ള പ്രാര്‍ത്ഥനാമന്ദിരത്തില്‍ റിക്ഷയില്‍ ഉപവിഷ്ടനായിരിക്കുന്ന മഹാഗുരുവിന് ''വയല്‍വാരത്തപ്പന്‍'' എന്ന് പേരിട്ടത് പ്രമുഖ ഗുരുദേവപ്രഭാഷക ഉല്ലല തങ്കമ്മയാണ്. ഇവിടെ എല്ലാ മാസവും തങ്കമ്മയുടെ നേതൃത്വത്തില്‍ വിശേഷാല്‍ പൂജകളും പ്രഭാഷണവുമുണ്ട്.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments