ഓൺലൈൻ ഇടപാടിലൂടെ ലക്ഷങ്ങൾ നഷ്ടമായ മാനസിക സമ്മർദ്ദത്തിൽ നാടുവിട്ട വിദ്യാർത്ഥി ഗോവയിൽ കണ്ടെത്തി. 13 മുതലാണ് വിദ്യാർത്ഥിയെ കാണാതായത്. താൻ നാടുവിടുകയാണെന്നു കുറിപ്പെഴുതി വച്ചശേഷമായിരുന്നു വിദ്യാർത്ഥി ഗോവയ്ക്ക് പോയത്. സ്ഥലം വാങ്ങാൻ സ്വരൂപിച്ച പണമാണ് ഓൺലൈൻ ഇടപാടിലൂടെ നഷ്ടമായത്.
ഗോവയിൽ നിന്നും കുട്ടി പിതാവിനെ ഫോണിൽ വിദേശത്തു പിതാവിനെ ബന്ധപ്പെട്ടു താൻ ഗോവയിലാണെന്ന് അറിയിക്കുകയായിരുന്നു. തുടർന്നു ബന്ധുക്കൾ ഇടപെട്ട് നാട്ടിലേയ്ക്ക് വരാൻ നിർദ്ദേശിക്കുകയായിരുന്നു. ഇതേത്തുടർന്ന് ഇന്ന് ഉച്ചയോടെ കുട്ടി എറണാകുളത്ത് എത്തുമെന്നാണ് സൂചന.
ഓൺലൈൻ ഗെയിമിലൂടെ പണം നഷ്ടപ്പെട്ടുവെന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരങ്ങൾ. ഓൺലൈനിൽ ട്രേഡിംഗ് നടത്തി പണം നഷ്ടമായതാണെന്നും പറയപ്പെടുന്നു. വിദ്യാർത്ഥി നാട്ടിലെത്തിയശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിവാകൂ.
പോലീസ് മൊബൈൽ ലൊക്കേഷൻ കണ്ടെത്താൻ ശ്രമിച്ചെങ്കിലും ഫോൺ ഓഫായിരുന്നതിനാൽ ശ്രമം വിജയിച്ചിരുന്നില്ല. പിന്നീട് ഗോവയിൽ ലൊക്കേഷൻ സ്ഥിരീകരിച്ചു. വൈകിട്ടതോടെ വീണ്ടും ഫോൺ സ്വിച്ച് ഓഫായതോടെ ലൊക്കേഷൻ കണ്ടെത്താൻ സാധിച്ചിരുന്നില്ല. എറണാകുളത്തുള്ള ബന്ധുവാണ് കുട്ടിയെ കൂട്ടാൻ എത്തുന്നതെന്നാണ് അറിയുന്നത്.
ഓൺലൈനിൽ സാമ്പത്തിക തട്ടിപ്പു നടത്തുന്നവർ വിദ്യാർത്ഥിയെ കരുവാക്കി പണം തട്ടിയെടുത്തതാണെന്നാണ് സൂചന. ആദ്യഘട്ടത്തിൽ ചെറിയ തുക നൽകി വിശ്വാസമാർജ്ജിച്ചശേഷം വൻതുകകൾ തട്ടിയെടുക്കകയും അവ തിരിച്ചുപിടിക്കാൻ കൂടുതൽ കൂടുതൽ തുക നൽകേണ്ടി വരികയും ചെയ്യേണ്ട അവസ്ഥയിലെത്തിക്കുകയാണ് തട്ടിപ്പുകാരുടെ പതിവ്. ഇതിൽ വിദ്യാർത്ഥി വീണുപോയതാവാണ് സാധ്യതയെന്ന് കരുതപ്പെടുന്നു. 12 ലക്ഷത്തോളം രൂപയാണ് നഷ്ടപ്പെട്ടിട്ടുള്ളതെന്നാണ് പ്രാഥമിക വിവരം. കുട്ടി സുരക്ഷിതമാണെന്നറിയാൻ കഴിഞ്ഞതിൻ്റെ ആശ്വാസത്തിലാണ് പാലാ പോലീസ്.
0 Comments