ഓർമ്മയായത് പാലായിലെ പ്രമുഖ വ്യവസായി ....... പാലാ നഗരസഭ കണ്ട മുൻ ചെയർമാൻമാരിലെ ഭരണ തന്ത്രജ്ഞൻ.....
ബാബു മണർകാടി (78) ൻ്റെ വേർപാട് ഒരു കാലഘട്ടത്തിലെ നഗരഭരണ മികവിൻ്റേയും ദീർഘ വീക്ഷണത്തിൻ്റെയും ഓർമ്മകൾ ബാക്കിയാക്കിക്കൊണ്ട്
സുനിൽ പാലാ
കോൺഗ്രസ് രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനത്തിൽ ഇറങ്ങിയ ബാബു മണർകാട് തൻ്റെ 32-ാം വയസ്സിൽ പാലാ നഗരസഭയുടെ പിതാവായി; പാലാ നഗരസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ ചെയർമാൻ എന്ന ചരിത്രവും ഇദ്ദേഹത്തിനു സ്വന്തം .
പ്രമുഖ പ്ലാൻഡറും വ്യവസായിയും കെപിസിസി ട്രഷററും ആയിരുന്ന പാലാക്കാരുടെ പ്രിയങ്കരനായ മണർകാട് പാപ്പന്റെയും കുട്ടിച്ചൻ്റെയും സഹോദരനാണ് ബാബു മണർകാട്ട്. പാപ്പന്റെ കൈപിടിച്ചാണ് ബാബു മണ്ണാർക്കാട് രാഷ്ട്രീയത്തിലേക്കും വ്യവസായത്തിലേക്ക് എത്തിയത്.
1979 മുതൽ 84 വരെയുള്ള കാലഘട്ടത്തിലാണ് ബാബു മണർകാട് പാലാ നഗരസഭയുടെ ചെയർമാൻ പദവി വഹിച്ചത്. മികച്ച ഭരണാധികാരി കൂടിയായിരുന്നു അദ്ദേഹം.
കൊടും വേനലിലും കുടി നീരെത്തിച്ചു.......
1983ലെ വരൾച്ച കാലഘട്ടം ബാബു മണർകാടിൻ്റെ ഭരണമികവിന് ഉദാഹരണമാണ്. കൊടും വേനലിൽ തുള്ളി വെള്ളത്തിനായി ജനം നെട്ടോട്ടമോടിയ കാലം. വാഹനങ്ങൾ എല്ലാം വിരളമായിരുന്ന ഒരു കാലഘട്ടം. 5 ലോറികളിൽ ആയി നഗരസഭയിൽ എമ്പാടും ആവശ്യത്തിന് കുടിവെള്ളം എത്തിച്ചു. പോരാത്തതിന് സമീപം പഞ്ചായത്തുകളിലും ഈ സേവനം ലഭ്യമാക്കി. വരൾച്ചയെ സമൃദ്ധമായി ചെറുക്കാൻ നിരവധി പദ്ധതികൾ നടപ്പിലാക്കി.
1980കളിൽ നിരവധി ആളുകൾക്ക് ജോലി നേടാൻ കാരണമായ പാലാ ഐ.ടി.ഐ തുടങ്ങി. വർക്കിംഗ് വുമൺസ് ഹോസ്റ്റലും അദ്ദേഹത്തിന്റെ സംഭാവന ആയിരുന്നു. പാലായിലെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി കൂടി ഒഴിപ്പിക്കപ്പെട്ട പാവങ്ങളെ പരമലക്കുന്ന്, നെല്ലിത്താനം കോളനികൾ സ്ഥാപിച്ച അടച്ചുറപ്പുള്ള വീടുകൾ നിർമ്മിച്ചു നൽകിയതും ബാബു മണർകാട്ട് ആണ്. മണ്ണ് റോഡുകൾ മാത്രം ഉണ്ടായിരുന്ന നഗരസഭയിൽ, ആദ്യമായി 81 കി.മി ദൂരം ടാറിങ് നടത്തിയതും ബാബു മണർകാട്ടിന്റെ നേതൃത്വത്തിൽ ആയിരുന്നു. മികവ് കണക്കിലെടുത്ത് നഗരസഭയുടെ ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ മികച്ച മുനിസിപ്പാലിറ്റിയായി പാലായെ തെരഞ്ഞെടുത്തതും ഇദ്ദേഹത്തിൻ്റെ കാലത്തായിരുന്നു.
മികച്ച സംഘാടകനും പ്ലാന്ററും വ്യവസായിയും ആയിരുന്നു ബാബു മണർകാട്ട്. നിരവധി സാഹിത്യകാരന്മാരെയും നാടകകൃത്തുക്കളെയും സിനിമാപ്രവർത്തകരെയും പാലായിലെത്തിക്കാൻ അദ്ദേഹത്തിനായി.
എം.എം. ജെ. ട്രോഫി വോളീ ബോളും...... മീനച്ചിൽ ഫാസും....
മീനച്ചിൽ ഫാസ് പോലുള്ള സംഘടനയുടെ തുടക്കവും ഇദ്ദേഹത്തിൻറെ കാലത്തായിരുന്നു. സൗഹൃദയ സമിതിയുടെ സഹകരണത്തോടെ കിടങ്ങൂർ ഗോപാലകൃഷ്ണപിള്ള, എസ്.കെ. പൊറ്റക്കാട് തുടങ്ങിയ സാഹിത്യമണ്ഡലത്തിലെ പലരെയും ഒരേ വേദിയിൽ എത്തിച്ചു. എം എം ജെ ട്രോഫി വോളിബോൾ ടൂർണമെന്റിലൂടെ കേരളത്തിലെ മുഴുവൻ കായിക പ്രേമികളെയും ഒരുകാലത്ത് പാലായിൽ എത്തിക്കാൻ അദ്ദേഹത്തിനും സഹോദരങ്ങൾക്കുമായി. ഈ കാലഘട്ടത്തിൽ നടന്ന നാഷണൽ മീറ്റ് വിജയകരമായി സംഘടിപ്പിച്ചതിലും ബാബു മണർകാട്ടിന്റെ മികവ് വ്യക്തമാക്കുന്നതാണ്.
സി വൈ എം എല്‍ നാടകസമിതിയിലൂടെ അഭിനയരംഗത്തും തുടർന്ന് നാടക രംഗത്തും നിരവധി സേവനങ്ങൾ നൽകിയിട്ടുണ്ട്. ജോസ് പ്രകാശ്, എൻ എൻ പിള്ള, യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫ് ഭാഗവതർ തുടങ്ങിയ നിരവധി കലാകാരന്മാർ അദ്ദേഹത്തിൻ്റെ പിതാവിൻ്റെ നാടക കമ്പിനിയിൽ ഉള്ളവരായിരുന്നു.
ഇവർ ബാബു മണർകാടിന്റെ ഭവനത്തിൽ അതിഥികളും സന്ദർശകരുമായിട്ടുണ്ട്.
നാടകത്തോടുള്ള താല്പര്യം പിന്നീട് സിനിമക്ക് വഴിമാറി. 1978-ൽ ആഗോള നിലവാരത്തിൽ മണർകാട്ട് തിയേറ്റേഴ്സ് എന്ന പേരിൽ 2 സിനിമാ തിയേറ്ററുകൾ ആരംഭിച്ചു. ആ കാലഘട്ടത്തിലെ സംസ്ഥാനത്തെ മികച്ച തീയറ്ററുകളിലെ പട്ടികയിലായിരുന്നു മഹാറാണിയും, യുവറാണിയും. 45 വർഷകാലം പാലായുടെ മുഖമുദ്രയായിരുന്നു ഇവ.
കോൺഗ്രസിലെ ദേശീയ സംസ്ഥാന നേതാക്കളുമായി അടുത്തബന്ധം പുലർത്തിയിരുന്നു. അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനുമായി വലിയ ആത്മബന്ധമാണ് ഉണ്ടായിരുന്നത്. 1980ലെ തെരഞ്ഞെടുപ്പ്പ്രചരണത്തിനായി ഇന്ദിരാഗാന്ധി പാലായിൽ എത്തിയ പരിപാടിയുടെ മുഖ്യ സംഘാടകരിലുള്ള ഒരാളായിരുന്നു അദ്ദേഹം. ഇന്ത്യൻ പ്രസിഡൻ്റായിരുന്ന സെയിൽ സിംഗിന്റെ രാമപുരം സന്ദർശനത്തിലും ബാബു മണർകാട്ടിൻ്റെ പ്രവർത്തനങ്ങളുണ്ട്.
പാലാ കുരിശുപള്ളിയുടെ നിർമ്മാണം 11 വർഷക്കാല മുടങ്ങിയിരുന്ന കാലഘട്ടത്തിൽ പാപ്പനും ബാബുവും കുട്ടിച്ചനും നേരിട്ട് വന്നു നിന്ന് നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നടത്തുകയും, പള്ളി പണിക്കായി യേശുദാസിൻ്റെ ഗാനമേള നടത്തി പണം സ്വരൂപിക്കുകയും ചെയ്തിരുന്നു,
അക്കാലത്ത് യേശുദാസിന്റെ ഗാനമേള പാലാ മഹാറാണിയുടെ മുകളിലെ ആഡിറ്റോറിയത്തിൽ നടത്തുകയും ഗേറ്റ് കളക്ഷനാണ് ലഭിച്ച തുക കൈകാര്യ ചെലവ് പോലും എടുക്കാതെ കുരിശുപള്ളിയുടെ നിർമ്മാണത്തിനായി ചിലവഴിക്കുകയും ചെയ്‌തിരുന്നു.
ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു അന്ത്യം. മൃതദേഹം ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30ന് പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് മണർകാട് വസതിയിൽ എത്തിക്കും. ബുധനാഴ്ച രാവിലെ 10.30 ന് സെൻ്റ് തോമസ് കത്തീഡ്രലിൽ സംസ്കാരം നടക്കും.
കേരള രാഷ്ട്രീയത്തിലെയും സാമൂഹ്യ സാംസ്കാരിക കായിക മേഖലയിലെയും നിരവധി പ്രമുഖർ ബാബു മണർകാട്ടിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
0 Comments