സുബ്രഹ്മണ്യ ക്ഷേത്രങ്ങളില്‍ സ്‌കന്ദഷഷ്ഠി മഹോത്സവം 7 ന്





പ്രമുഖ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രങ്ങളില്‍ സ്‌കന്ദഷഷ്ഠി മഹോത്സവത്തിന് ഒരുക്കങ്ങളായി.


ശ്രീനാരായണ ഗുരുദേവ തൃക്കരങ്ങളാല്‍ വേല്‍ പ്രതിഷ്ഠ നടത്തിയ ഇടപ്പാടി ആനന്ദ ഷണ്‍മുഖ ക്ഷേത്രത്തില്‍ സ്‌കന്ദഷഷ്ഠി മഹോത്സവം വ്യാഴാഴ്ച നടക്കും.

ഷഷ്ഠി ദിവസം  മഹാകാര്യസിദ്ധിപൂജ നടക്കുന്ന കേരളത്തിലെ തന്നെ ഏക ക്ഷേത്രമാണ് ഇത്. ഉദ്ദിഷ്ഠ കാര്യസിദ്ധിക്കായി ദൂരെ ദേശങ്ങളില്‍ നിന്ന് പോലും ആയിരങ്ങള്‍ അന്ന് പൂജയില്‍ പങ്കെടുക്കുന്നതിനായി ക്ഷേത്രത്തില്‍ എത്തിച്ചേരും. പഴനിയിലെ പോലെ രാജാലങ്കാരത്തില്‍ ഭഗവാന്‍ എല്ലാ ദിവസവും ദര്‍ശനം നല്‍കുന്ന ക്ഷേത്രമാണ് ഇടപ്പാടി. സ്‌കന്ദഷഷ്ഠി ദിവസം രാവിലെ  6ന് ഗണപതിഹോമം,  6.30 ന് ഉഷപൂജ,10ന് കലശപൂജ, തുടര്‍ന്ന് മഹാകാര്യസിദ്ധിപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, രാജാലങ്കാരദര്‍ശന മഹാഷഷ്ഠിപൂജ,ഷഷ്ഠി ഊട്ട് ഇവ നടക്കും. ചടങ്ങുകള്‍ക്ക് മേല്‍ ശാന്തി സനീഷ് വൈക്കം മുഖ്യ കാര്‍മ്മികത്വം വഹിക്കും.


ഷഷ്ഠി കാര്യസിദ്ധി പൂജയില്‍ പങ്കെടുക്കുന്നതിനായി എത്തിച്ചേരുന്ന ഭക്തര്‍ക്ക് വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതായി ദേവസ്വം സെക്രട്ടറി സുരേഷ് ഇട്ടിക്കുന്നേല്‍,  പ്രസിഡന്റ് ഷാജി മുകളേല്‍ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: സെക്രട്ടറി - 9447137706, മേല്‍ശാന്തി - 9947610 795, ഓഫീസ് - 9961400476

സ്‌കന്ദഷഷ്ഠി ഉത്സവത്തിന് കിടങ്ങൂര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ തയാറെടുപ്പുകള്‍ പൂര്‍ത്തിയായി.  7 നാണ് ദര്‍ശന പ്രധാനമായ സ്‌കന്ദഷഷ്ഠി.  ഇതോടനുബന്ധിച്ചുള്ള പ്രത്യേക പൂജകള്‍ക്ക് പുലര്‍ച്ചെ നാലിനു തുടക്കമാകും. നിര്‍മാല്യ ദര്‍ശനത്തോടെ ആരംഭിക്കുന്ന ചടങ്ങുകള്‍ ഉച്ചയ്ക്ക് സ്‌കന്ദഷഷ്ഠി പൂജയോടെയാണു സമാപിക്കുക.

നിര്‍മാല്യ ദര്‍ശനത്തിനുശേഷം അഞ്ചിന് ഗണപതി ഹോമവും  ഉഷഃപൂജയും നടക്കും. ആറിന് എതൃത്ത പൂജയും എതൃത്ത ശ്രീബലിയും. പന്തീരടി പൂജയ്ക്കു ശേഷം 12 മുതല്‍ ദര്‍ശനപ്രധാനമായ നവകാഭിഷേകവും പാലഭിഷേകവും പഞ്ചഗവ്യാഭിഷേകവും നടക്കും. ഉച്ചയ്ക്ക് 12.30നാണ് ഏറെ പ്രധാനമായ സ്‌കന്ദഷഷ്ഠി പൂജ. സുബ്രഹ്മണ്യ പ്രീതിക്കായുള്ള ഷഷ്ഠിവ്രതങ്ങളില്‍ ഏറ്റവും പ്രധാനമാണ് സ്‌കന്ദഷഷ്ഠി വ്രതമെന്നാണ് വിശ്വാസം. ഒരു സ്‌കന്ദഷഷ്ഠി വ്രതം ആറു വ്രതത്തിനു തുല്യമാണ്. പുതുതായി ഷഷ്ഠിവ്രതം അനുഷ്ഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതിനു തുടക്കമിടുന്നതും തുലാമാസ ഷഷ്ഠിയായ സ്‌കന്ദ ഷഷ്ഠിയിലാണ്. ഷഷ്ഠിപൂജ തൊഴുതശേഷം ക്ഷേത്രത്തില്‍ നിന്നുള്ള നിവേദ്യം സ്വീകരിച്ചാണു ഭക്തര്‍ വ്രതം അവസാനിപ്പിക്കുന്നത്.  രാവിലെ മുതല്‍ ക്ഷേത്രത്തില്‍ അഖണ്ഡനാമജപം, പുരാണപാരായണം, ഭഗവദ് കഥാകഥനം എന്നിവയുണ്ടാകും. കിടങ്ങൂര്‍ തേവര്‍ക്ക് പ്രധാനമായ നെയ്യമൃത് സമര്‍പ്പണം , ഒരു കൂടം പാല്‍ സമര്‍പ്പണം, വേല്‍ സമര്‍പ്പണം എന്നീ വഴിപാടുകളും ഭക്തര്‍ക്ക് നടത്താവുന്നതാണ്.  ക്ഷേത്രക്കടവില്‍ പോയി ദേഹശുദ്ധി വരുത്തി ഭക്തര്‍ നെയ്യ്, പാല്‍ എന്നിവ നിറച്ച് ഭഗവാന് നാമജപത്തോടെ പ്രദീക്ഷിണം വച്ച് ഭഗവാന് സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാവുന്നതാണ്.
 

പഞ്ചാമൃതവും കടുംപായസവും നിവേദ്യവുമടക്കം പ്രസാദവിതരണത്തിന് പുലര്‍ച്ചെ മുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്  ദേവസ്വം അധികൃതര്‍ അറിയിച്ചു. കുടിവെള്ള വിതരണത്തിനുള്ള സംവിധാനങ്ങളും വിശ്രമിക്കാനുള്ള പ്രത്യേക പന്തലുകളും ഒരുക്കിയിട്ടുണ്ട്.

എസ്.എന്‍.ഡി.പി യോഗം 157-ാം നമ്പര്‍ അരീക്കര ശാഖാവക ശ്രീനാരായണ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ സ്‌കന്ദഷഷ്ഠി ആഘോഷം വ്യാഴാഴ്ച നടക്കും. 7ന്  രാവിലെ സ്‌കന്ദഷഷ്ഠി പൂജകള്‍ ആരംഭിക്കും. മഹാഗണപതിഹോമം, സ്‌കന്ദഹോമം, മഹാസ്‌കന്ദഷഷ്ഠിപൂജ, കലശാഭിഷേകം, മഹാഗുരുപൂജ, പുഷ്പാഭിഷേകം, ഷഷ്ഠി ഊട്ട് എന്നിവയുണ്ട്.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments