സോമേശ്വരയിലുള്ള സ്വകാര്യ റിസോർട്ടിലെ സ്വിമ്മിങ് പൂളില്‍ 3 പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 2 പേർ അറസ്റ്റില്‍. വാസ്‌കോ ബീച്ച് റിസോർട്ട് ഉടമ മനോഹർ, മാനേജർ ഭരത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരേ ബിഎൻഎസ് 106 വകുപ്പ് പ്രകാരം കേസെടുത്തതായി മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. ഇതോടൊപ്പം, സുരക്ഷാക്രമീകരണങ്ങള്‍ ഇല്ലാതെയാണ് നീന്തല്‍കുളം പ്രവർത്തിപ്പിച്ചതെന്നും പൊലീസ് കണ്ടെത്തി.
തുടർന്ന് റിസോർട്ടിന്‍റെ ട്രേഡ് ലൈസൻസും ടൂറിസം പെർമിറ്റും റദ്ദാക്കി. ഞായറാഴ്ച രാവിലെയാണ് മൈസൂരു സ്വദേശികളും എൻജിനിയറിംഗ് വിദ്യാർഥികളുമായ എം.ഡി. നിഷിത (21), എസ്. പാർവതി (20), എൻ. കീർത്തന (21) എന്നിവരെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വാരാന്ത്യ അവധി ആഘോഷിക്കുന്നതിനായി എത്തിയതായിരുന്നു ഇവർ.
നീന്തല്‍ക്കുളത്തിന്‍റെ ഒരു വശം ആറടി താഴ്ചയുള്ളതായിരുന്നു. കുളത്തിന്‍റെ ഈ ഭാഗത്ത് ഒരാള്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ മറ്റ് രണ്ടുപേർ രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും അവരും മുങ്ങിപോവു കയായിരുന്നു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. യുവതികള്‍ രക്ഷാസഹായം അഭ്യർഥിച്ചു നിലവിളിച്ചിട്ടും ആരും രക്ഷയ്ക്കെത്തി യിരുന്നില്ല.
നീന്തല്‍ക്കുളത്തിനു സമീപം ഒരുക്കിവയ്ക്കേണ്ട ജീവൻരക്ഷാ സംവിധാനങ്ങള്‍ ഒന്നും തന്നെ ഈ റിസോർട്ടില്‍ ഉണ്ടായിരുന്നില്ലെന്നും റിസോർട്ട് നടത്തിപ്പുകാരുടെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ചയുണ്ടായതായും എഫ്‌ഐആറില്‍ പറയുന്നു.
0 Comments