അനധികൃത മദ്യ മയക്കുമരുന്ന് മാഫിയക്കെതിരെ എക്‌സൈസ് ഉണര്‍ന്നു, ഇനി നടപടി വേഗത്തില്‍


സുനില്‍ പാലാ



മീനച്ചില്‍ താലൂക്കിലെ അനധികൃത മദ്യ-മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ ഒരുങ്ങി പാലാ എക്‌സൈസ് സര്‍ക്കിള്‍ അധികൃതര്‍. 
 
ഇതിന് മുന്നോടിയായി തദ്ദേശസ്വയംഭരണ സ്ഥാപന അധികാരികളുടെ സഹകരണത്തോടുകൂടി റെയ്ഡും മറ്റ് അന്വേഷണങ്ങളും വ്യാപിപ്പിക്കാനാണ് എക്‌സൈസ് അധികൃതര്‍ ലക്ഷ്യമിട്ടിട്ടുള്ളത്. വിവിധ നഗരസഭകളിലും പഞ്ചായത്തുകളിലും അതാത് കമ്മറ്റിയോഗങ്ങള്‍ നടക്കുന്ന ദിവസം എക്‌സൈസ് ഉദ്യോഗസ്ഥരെത്തി കാര്യങ്ങള്‍ ജനപ്രതിനിധികളെ നേരിട്ടറിയിക്കുകയാണ്. 
 
 
അവരവരുടെ വാര്‍ഡുകളില്‍ എവിടെയെങ്കിലും വ്യാജ മദ്യവില്പനയോ മയക്കുമരുന്ന്, കഞ്ചാവ് പോലുള്ള വസ്തുക്കളുടെ വിപണനമോ ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ അറിയിക്കണമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടും. പ്രധാനപ്പെട്ട ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പരുകളും ജനപ്രതിനിധികള്‍ക്കും അവര്‍വഴി പൊതുജനങ്ങള്‍ക്കും ലഭ്യമാക്കും. വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ എക്‌സൈസ് അധികൃതര്‍ രഹസ്യമായി സൂക്ഷിക്കും. രഹസ്യാന്വേഷണങ്ങളിലൂടെ ഉറപ്പിച്ചശേഷമാകും റെയ്ഡും മറ്റ് തുടര്‍നടപടികളും സ്വീകരിക്കുക.

മീനച്ചില്‍ താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ അനധികൃത മദ്യവില്പനയും മയക്കുമരുന്ന് വിപണനവും ഉപയോഗവും വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പാലാ ടൗണ്‍ ബസ് സ്റ്റാന്റില്‍ പോലും വിദ്യാര്‍ത്ഥികള്‍ മദ്യപിച്ചും ലഹരിമരുന്നുകള്‍ ഉപയോഗിച്ചും നടക്കുന്നതായും വ്യക്തമായിരുന്നു.

അടുത്തിടെ പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ കായികമേളക്കിടെ മദ്യപിച്ചെത്തിയ നാലംഗ കുട്ടിക്കൂട്ടം സ്റ്റേഡിയം സൂക്ഷിപ്പുകാരനെ ഉള്‍പ്പെടെ മര്‍ദ്ദിച്ചതും വിവാദമായിരുന്നു.

തിങ്കളാഴ്ച ചേര്‍ന്ന പാലാ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥരെത്തി കൗണ്‍സിലര്‍മാരെ അഭിസംബോധന ചെയ്യുകയും മദ്യ-മയക്കുമരുന്ന് മാഫിയയെ പിടികൂടാന്‍ സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. പാലാ എക്‌സൈസ് സി.ഐ. ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെക്‌സി ജോസഫ് എത്തിയാണ് കാര്യങ്ങള്‍ വിശദീകരിച്ചത്.


 
മദ്യ-മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ആര്‍ക്കും വിവരം നല്‍കാം

മീനച്ചില്‍ താലൂക്കില്‍ എവിടെയെങ്കിലും മദ്യ-മയക്കുമരുന്ന് മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ജനപ്രതിനിധികള്‍ക്കും പൊതുജനങ്ങള്‍ക്കുമൊക്കെ വിവരം നല്‍കാം. ലഭിക്കുന്ന വിവരങ്ങള്‍ രഹസ്യാന്വേഷണം നടത്തി ഉറപ്പിച്ചശേഷം ശക്തമായ നടപടികള്‍ സ്വീകരിക്കും. 
- എം.കെ. പ്രസാദ്, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, പാലാ 



രഹസ്യവിവരങ്ങള്‍ കൈമാറാനുള്ള ഫോണ്‍ നമ്പര്‍  
9400069511 (എക്‌സൈസ് സി.ഐ., പാലാ), 
 
9495444802 (ജെക്‌സി ജോസഫ്, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, സി.ഐ. ഓഫീസ്, പാലാ)







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments