ആയിരങ്ങളുടെ സാന്നിധ്യത്തില്‍ ഭക്തിനിര്‍ഭരമായ പ്രാര്‍ത്ഥനയുടെ അകമ്പടിയോടെ ചങ്ങനാശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായി മാർ തോമസ് തറയിൽ അഭിഷിക്തനായി. കത്തീഡ്രൽ ദേവാലയാങ്കണത്തിൽ പ്രത്യേകം ഒരുക്കിയ ദേവാലയത്തിൽ നടന്ന സ്ഥാനാരോഹണ ശുശ്രൂഷയിൽ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികനായി.
മാർ ജോസഫ് പെരുന്തോട്ടം, മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ സഹകാർമികരായിരിന്നു. രാവിലെ 8.45ന് അരമനയിൽനിന്ന് നിയുക്ത ആർച്ച് ബിഷപ്പും ബിഷപ്പുമാരും കത്തീഡ്രൽ ദേവാലയാങ്കണത്തിൽ എത്തി. തുടർന്ന് അവർ തിരുവസ്ത്രങ്ങളണിഞ്ഞ് ഘോഷയാത്രയായി സ്ഥാനാരോഹണ ശുശ്രൂഷ വേദിയിലേക്ക് ആഗതരായി. ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം എല്ലാവരെയും സ്വാഗതം ചെയ്തു. മാര്‍ റാഫേല്‍ തട്ടില്‍ നടത്തിയ പ്രഖ്യാപനത്തിനുശേഷം അംശവടിയും മോതിരവും പുതിയ ആര്‍ച്ച് ബിഷപ്പിന് നല്കി.
തുടര്‍ന്നു മാർ തോമസ് തറയിലിനെ മദ്ബഹയിൽ ഉപവിഷ്ടനാക്കി. സ്ഥാനാരോഹണ ശുശ്രൂഷകളെ തുടർന്ന് ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലിൻ്റെ മുഖ്യ കാർമിത്വത്തിൽ കുർബാന അർപ്പണം നടന്നു. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസഫ് പെരുന്തോട്ടം എന്നിവർ സഹകാർമികരായി.
പതിനായിരത്തോളം പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള പന്തൽ നിറഞ്ഞുകവിഞ്ഞ നിലയിലായിരിന്നു.തുടര്‍ന്നു നടന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. അതിരൂപതയുടെ അധ്യക്ഷസ്ഥാനത്തുനിന്നു വിരമിക്കുന്ന ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിനുള്ള നന്ദിപ്രകാശനച്ചടങ്ങും സമ്മേളനത്തിൻ്റെ ഭാഗമായി നടന്നു.
സമ്മേളനത്തിൽ സിബിസിഐ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് തൃതീയൻ കാതോലിക്കാ
ബാവാ, മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത എന്നിവർ അനുഗ്രഹപ്രഭാഷണം
നടത്തി. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി.എൻ. വാസവൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ പ്രസംഗിച്ചു.
0 Comments