സ്വയം പരിശീലിച്ച് ശിവനന്ദന്‍ നേടിയ വെങ്കലത്തിന് പൊന്‍തിളക്കം


ഒരു പരിശീലകന്റെയും സഹായമില്ലാതെ സ്വയം പരിശീലിച്ച് ഓടിയ ശിവനന്ദന് കന്നിയങ്കത്തില്‍ മൂന്നാം സ്ഥാനം. 
 
കൈപ്പുഴ സെന്റ് ജോര്‍ജ്ജ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്ന് ഒരേയൊരു വിദ്യാര്‍ത്ഥിയെ കോട്ടയം റവന്യുജില്ലാ ഒളിമ്പിക്‌സില്‍ പങ്കെടുക്കാനെത്തിയുള്ളൂ. 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ പങ്കെടുത്ത ശിവനന്ദനാണീ മിടുക്കന്‍. മുമ്പ് യാതൊരു പരിശീലനവും ലഭിച്ചിട്ടില്ല. നാലുദിവസം മുമ്പാണ് സ്വയം ഓടി നോക്കിയത്. 
 


 
ഈ ആത്മവിശ്വാസവുമായാണ് എട്ടാം ക്ലാസുകാരനായ ശിവനന്ദന്‍ പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിലേക്കെത്തിയത്. എന്നിട്ടും ഏഴ് പേര്‍ പങ്കെടുത്ത മത്സരത്തില്‍ മൂന്നാം സ്ഥാനം ശിവനന്ദന് സ്വന്തം. ജില്ലാ കായികമേളയിലെ ഈ വെങ്കലത്തിന് സ്വര്‍ണ്ണത്തേക്കാള്‍ തിളക്കം.

കട്ടച്ചിറയിലെ വര്‍ക്ക്ഷോപ്പ് ജീവനക്കാരനായ കൈപ്പുഴ കുന്നത്തേട്ട് വിനേഷിന്റേയും സുമയുടേയും മകനാണ് ഈ കൊച്ചുമിടുക്കന്‍. മൂന്നാം സ്ഥാനം ലഭിച്ചതില്‍ ശിവനന്ദിന് മത്സരശേഷം അല്‍പ്പം സങ്കടം വന്നെങ്കിലും സ്‌കൂളിലെ അഭിമാന താരമല്ലേടാ നീയെന്ന് പറഞ്ഞ്  ഒപ്പമുണ്ടായിരുന്ന മാതാപിതാക്കളും പിതൃസഹോദരനും ആശ്വസിപ്പിച്ചതോടെയാണ് കുഞ്ഞ് ശിവനന്ദിന്റെ കരച്ചില്‍ പുഞ്ചിരിയായത്. ചേട്ടന്റെ മത്സരം കാണാന്‍ നാലാം ക്ളാസ് വിദ്യാര്‍ഥിനിയായ അനിയത്തി ശിവന്യയുമുണ്ടായിരുന്നു. സ്‌കൂളില്‍ നിന്ന് അധ്യാപകരാരും വന്നിരുന്നില്ല. 
 
മാതാപിതാക്കള്‍ക്കൊപ്പമാണ് ശിവനന്ദന്‍ എത്തിയത്.  മത്സരത്തിന് ശേഷം ട്രാക്കില്‍ നിന്നും കയറിയ ഉടനെ ശിവനന്ദന്‍ ഒന്ന് വിതുമ്പിയെങ്കിലും അമ്മ സുമ ചുരിദാര്‍ ഷാളുകൊണ്ട് കണ്ണീരൊപ്പിയപ്പോള്‍ അത് പുഞ്ചിരിയായി മാറി.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments