ഓൺലൈൻ തട്ടിപ്പ് വഴി മധ്യവയസ്കനിൽ നിന്നും 31 ലക്ഷത്തിൽപരം രൂപ തട്ടിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കൊണ്ടോട്ടി ചെവിട്ടാണി കുന്ന് ഭാഗത്ത് പാലകുഴി വീട്ടിൽ ഷിബിലി ജവ്ഹര്‍(25) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. കറുകച്ചാൽ സ്വദേശിയായ മധ്യവയസ്കനെ വാട്സാപ്പിലൂടെ ബന്ധപ്പെട്ട്
ഷെയർ ട്രേഡിങ് ബിസിനസ് ചെയ്ത് ലാഭം സമ്പാദിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് മധ്യവയസ്കനിൽ നിന്നും പലതവണകളായി 31, 24,000 (മുപ്പത്തിയൊന്ന് ലക്ഷത്തി ഇരുപത്തി നാലായിരം) രൂപ തട്ടിപ്പു സംഘം തട്ടിയെടുക്കുകയായിരുന്നു. പണം തിരികെ ലഭിക്കാതിരുന്നതിനെ തുടർന്ന് മധ്യവയസ്കൻ കറുകച്ചാൽ
പോലീസിൽ പരാതി നൽകുകയായിരുന്നു. കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ പണം ഇയാളുടെ അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തുകയും തുടർന്ന് കറുകച്ചാൽ സ്റ്റേഷൻ എസ്.എച്ച്.ഓ
പ്രശോഭ് കെ.കെ യുടെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി. ഈ കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്. മറ്റു പ്രതികൾക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കി.
0 Comments