തകൃതിയായി കയ്യേറ്റം, തടയാതെ ഉദ്യോഗസ്ഥര്‍




സുനില്‍ പാലാ


പാലാ നഗരത്തിലെ ഫുട്പാത്തിലെ കൈയ്യേറ്റം കണ്ടു. പക്ഷേ ഉടന്‍ നടപടി സ്വീകരിക്കുന്നതിന് മുട്ടിടിച്ച് ഉദ്യോഗസ്ഥര്‍. വിവരാവകാശ പ്രകാരം കൊടുത്ത മറുപടിയിലും കൈയ്യേറ്റമുണ്ടെന്ന് തന്നെയാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.


നഗരത്തിലെ വിവിധ റോഡുകളില്‍ അനധികൃത കൈയ്യേറ്റം നടന്നുവരികയാണ്. ഉദ്യോഗസ്ഥ പ്രമാണിമാരുള്ള സിവില്‍ സ്റ്റേഷന് തൊട്ടുമുന്നില്‍ ഓട്ടോസ്റ്റാന്റിന് എതിര്‍വശം ഫുട്പാത്തിലെ ഓടയ്ക്ക് മുകളില്‍ ഒരു കോണ്‍ക്രീറ്റ് തിട്ട വച്ചിട്ടുണ്ട്. ഇതില്‍തട്ടി വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് കാല്‍നടയാത്രക്കാര്‍ക്കും പരിക്കുപറ്റുന്നത് പതിവാണ്. മാത്രമല്ല ഇവിടെയൊരു കടയുടെ ബോര്‍ഡ് വച്ചിരിക്കുന്നതും ഒന്നരമീറ്റര്‍ റോഡിലേക്ക് തള്ളിയാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പി.ഡബ്ല്യു.ഡി. അതിര്‍ത്തി കല്ലിട്ടിരിക്കുന്നതും കടന്നാണ് ഇവിടെ സ്വകാര്യ കടയുടെ ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്. 


ഫുട്പാത്ത് കൈയ്യേറിയുള്ള അനധികൃത നിര്‍മ്മാണത്തെപ്പറ്റി പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കല്‍ കഴിഞ്ഞ ഓഗസ്റ്റ് 22 ന് നഗരസഭാ ചെയര്‍മാന് പരാതി കൊടുത്തിരുന്നു. എന്നാല്‍ മറുപടി ഉണ്ടായില്ല. ഇതേ തുടര്‍ന്ന് ജോയി കളരിക്കല്‍ നഗരസഭാ സെക്രട്ടറിക്ക് വിവരാവകാശ നിയമപ്രകാരം സെപ്റ്റംബര്‍ 19 ന് അപേക്ഷ കൊടുത്തു. ഇതിനുള്ള മറുപടി ഒക്‌ടോബര്‍ 17-ാം തീയതി ലഭിച്ചു. 
 
ജോയിയുടെ പരാതിയിന്‍മേല്‍ നഗരസഭാ ആരോഗ്യവിഭാഗം ഓഗസ്റ്റ് 24 ന് സ്ഥല പരിശോധന നടത്തിയെന്നും പ്രാഥമിക പരിശോധനയില്‍ തന്നെ പാതയോരത്തിനോട് ചേര്‍ന്ന് നടപ്പാതയില്‍ യാത്രാതടസ്സം ഉണ്ടാക്കുന്ന രീതിയില്‍ സ്ലാബ് നിര്‍മ്മിച്ചതായി കണ്ടെത്തിയെന്നും പറയുന്നു. ഇതുസംബന്ധിച്ച് തുടര്‍പരിശോധനകള്‍ക്കായി പരാതി നഗരസഭാ എഞ്ചിനീയറിംഗ് വിഭാഗത്തിലേക്ക് ശുപാര്‍ശ ചെയ്‌തെന്നും പറയുന്നു. എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും ഇതിന്‍മേല്‍ യാതൊരു നടപടിയും ഉണ്ടായില്ല എന്നുള്ളതാണ് വസ്തുത. ഗുരുതരമായ നിയമലംഘനം കണ്ടിട്ടും നടപടി സ്വീകരിക്കാത്തതെന്തെന്ന് വിശദീകരിക്കാന്‍ അധികാരികള്‍ക്ക് കഴിയുന്നുമില്ല.


 
 
ധര്‍ണ്ണാസമരം നടത്തും - ജോയി കളരിക്കല്‍



 
നിയമലംഘനം കണ്ടിട്ടും നടപടി സ്വീകരിക്കാത്ത മുനിസിപ്പല്‍ ഉദ്യോഗസ്ഥരുടെ നിലപാടില്‍ പ്രതിഷേധിച്ചുകൊണ്ട് നാളെ രാവിലെ 10 ന് അനധികൃത നിര്‍മ്മാണമുള്ള സ്ഥലത്ത് ഒറ്റയാള്‍ സമരം നടത്തുമെന്ന് ജോയി കളരിക്കല്‍ പറഞ്ഞു. സമാന ചിന്താഗതിയുള്ള മറ്റുള്ളവരും സമരത്തെ പിന്തുണയ്ക്കുമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും ജോയി കളരിക്കല്‍ പറഞ്ഞു.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments