സീറോമലബാർസഭയുടെ സഭൈക്യത്തിനുവേണ്ടിയുള്ള കമ്മീഷന്റെ (Commission for Ecumenism) സെക്രട്ടറിയായി പാലാ രൂപതാംഗമായ റവ. ഫാ. തോമസ് (സിറിൽ) തയ്യിൽ നിയമിതനായി. ഈ ചുമതല വഹിച്ചിരുന്ന റവ. ഫാ. ചെറിയാൻ കറുകപ്പറമ്പിൽ സേവന കാലാവധി പൂർത്തിയാക്കിയതിനെത്തുടർന്നുണ്ടായ ഒഴിവിലേക്കാണ് ഫാ. തയ്യിലിനെ നിയമിച്ചിരിക്കുന്നത്. പാലാ രൂപതയിലെ ചോലത്തടം സെന്റ് മേരീസ് ഇടവക വികാരിയായി സേവനം ചെയ്യുന്ന ഫാ. തയ്യിൽ കൂട്ടിക്കൽ സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂളിലെ ഹിന്ദി അധ്യാപകനുമാണ്. സുറിയാനി ഭാഷയിൽ പ്രാവീണ്യമുള്ള അദ്ദേഹം സുറിയാനി വിശുദ്ധ കുർബാനയർപ്പണത്തിലൂടെ ഏവർക്കും പരിചിതനാണ്.
സീറോമലബാർസഭയുടെ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള കമ്മിറ്റിയുടെ (Committee for Education) സെക്രട്ടറിയായി പാലാ സെന്റ് തോമസ് ടീച്ചേഴ്സ് ട്രെയിനിങ് കോളേജിന്റെ വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ടി.സി. തങ്കച്ചൻ നിയമിതനായി. ഈ ചുമതല വഹിച്ചിരുന്ന റവ. ഫാ. ബെർക്കുമൻസ് കുന്നുംപുറം സേവന കാലാവധി പൂർത്തിയാക്കിയതിനെത്തുടർന്നുണ്ടായ ഒഴിവിലേക്കാണ് പ്രൊഫ. ഡോ. ടി.സി. തങ്കച്ചനെ നിയമിച്ചിരിക്കുന്നത്.
അധ്യാപക പരിശീലനത്തിൽ 24 വർഷമായി സേവനം ചെയ്തുകൊണ്ടിരിക്കുന്ന പ്രൊഫ. ഡോ. തങ്കച്ചൻ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും അനേകം പുരസ്‌കാരങ്ങൾക്ക് അർഹനുമായ ഒരു വിദ്യാഭ്യാസ വിചക്ഷണനാണദ്ദേഹം.
സീറോമലബാർസഭയുടെ സഭൈക്യത്തിനുവേണ്ടിയുള്ള കമ്മീഷന്റെ ചെയർമാനും വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള കമ്മിറ്റിയുടെ കൺവീനറുമായ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവാണ് നിയമനങ്ങൾ നടത്തിയത്.
0 Comments