അവളെ ഞാന്‍ തീര്‍ത്തു... ഞാനും പോകുന്നു... ഉണ്ണി മോനെ നോക്കിക്കോണം



സുനിൽ പാലാ

അവളെ ഞാന്‍ തീര്‍ത്തു... ഞാനും പോകുന്നു... മോനെ നോക്കിക്കോണം. ഇന്നലെ ഭാര്യയെ കൊലപ്പെടുത്തിയ ശേഷമാകണം കടനാട് കണങ്കൊമ്പില്‍ റോയി തൊടുപുഴയില്‍ താമസിക്കുന്ന മൂത്തസഹോദരന്‍ സെബാസ്റ്റ്യനെ ഫോണ്‍ വിളിച്ച് പറഞ്ഞു. 
 
റോയിയുടെ സംസാരത്തില്‍ പന്തികേട് തോന്നിയതിനാല്‍ ഉടന്‍ സെബാസ്റ്റ്യന്‍ അയല്‍വാസികളെ വിളിച്ച് എത്രയും വേഗം റോയിയുടെ വീട്ടിലേക്ക് ചെല്ലാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് അയല്‍വാസികള്‍ എത്തി നോക്കിയപ്പോഴാണ് മുറിയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയില്‍ ജാന്‍സിയെയും തൊട്ടപ്പുറത്ത് തൂങ്ങിനില്‍ക്കുന്ന നിലയില്‍ റോയിയെയും കണ്ടെത്തിയത്. പരിസരവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് മെമ്പര്‍ ഉഷാ രാജു സ്ഥലത്തെത്തി മേലുകാവ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
 

സംഭവമറിഞ്ഞ് വിവിധ പ്രദേശങ്ങളില്‍ നിന്നായി നിരവധിപേര്‍ കണങ്കൊമ്പില്‍ വീട്ടിലേക്കെത്തി. പാലാ ഡി.വൈ.എസ്.പി. കെ. സദന്റെ നേതൃത്വത്തില്‍ പൊലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.


ആറ്റുനോറ്റുണ്ടായ ഉണ്ണിക്ക് ഇനി ആരുണ്ട്...?

റോയിയുടെയും മീനച്ചില്‍ കാരിക്കൊമ്പില്‍ ജാന്‍സിയുടെയും വിവാഹം മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞിരുന്നതാണ്. എന്നാല്‍ നീണ്ട വര്‍ഷങ്ങളോളം ഇവര്‍ക്ക് കുട്ടികള്‍ ഉണ്ടായിരുന്നില്ല. ചികിത്സയും നേര്‍ച്ചകാഴ്ചകളുമൊക്കെയായി കാലങ്ങള്‍ കടന്നുപോയി. എട്ട് വര്‍ഷം മുമ്പാണ് ഉണ്ണി എന്ന അഗസ്റ്റ്യന്‍ ഇവര്‍ക്ക് പിറക്കുന്നത്. തുടര്‍ന്ന് സന്തോഷകരമായ ജീവിതം നയിച്ചുവരികയായിരുന്നു.
പക്ഷേ കുറേക്കാലമായുള്ള കടുത്ത ചില സാമ്പത്തിക പ്രശ്‌നങ്ങള്‍ ദമ്പതികള്‍ക്കിടയില്‍ വഴക്കിന് കാരണമായി. കുറച്ച് ഭൂസ്വത്തുക്കളും മറ്റും വിറ്റാല്‍ തീരാവുന്ന കടമേ ഉണ്ടായിരുന്നുള്ളൂവെന്ന് ബന്ധുക്കള്‍ പറയുന്നു. സ്ഥലം വിൽക്കാൻ റോയി തയ്യാറായെങ്കിലും ജാൻസി കടുത്ത എതിർപ്പ് പ്രകടിപ്പിച്ചത് വഴക്കിനു കാരണമായി.

 ഇന്നലെ രാവിലെ മകന്‍ അഗസ്റ്റ്യനെ സ്‌കൂളില്‍ കൊണ്ടുവിട്ടതും റോയിയാണ്. ഒരു സംഘടനയ്ക്ക് പൊതിച്ചോറും തയ്യാറാക്കിക്കൊടുത്തു.തുടര്‍ന്ന് 11 മണിയോടെ ഇവര്‍ തമ്മില്‍ കശപിശ ഉണ്ടായി. വഴക്ക് മൂർച്ഛിച്ചപ്പോൾ ജാന്‍സിയെ അടിച്ചു വീഴ്ത്തി കഴുത്തു ഞെരിച്ചു  കൊലപ്പെടുത്തി. ശേഷം 12 മണിയോടെയാണ് സഹോദരന്‍ സെബാസ്റ്റ്യനെ, റോയി വിളിച്ചതെന്നാണ് സൂചന.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments