റോഡരികില്‍ മാലിന്യം നിക്ഷേപിച്ച പ്രവാസിയില്‍ നിന്നും 5000 രൂപ പിഴ ഈടാക്കിയും മാലിന്യം തിരികെ എടുപ്പിച്ചും ഉടുമ്പന്നൂര്‍ പഞ്ചായത്ത്. അവധിക്ക് നാട്ടിലെത്തിയ ഉടുമ്പന്നൂര്‍ പരിയാരം സ്വദേശിയായ പ്രവാസി വീട്ടിലെ മാലിന്യങ്ങള്‍ കവറിലാക്കി ചീനിക്കുഴി – മലയിഞ്ചി റോഡരികില്‍ നിക്ഷേപിക്കുകയായിരുന്നു.
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി മലയിഞ്ചി ചാരിറ്റബള്‍ ട്രസ്റ്റ്, ആള്‍ക്കല്ല് മഹാത്മ വോളിബോള്‍ ക്ലബ്ബ് എന്നീ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ റോഡിന്റെ വശങ്ങള്‍ വൃത്തിയിക്കുന്നതിനിടയിലാണ് മാലിന്യനിക്ഷേപം കണ്ടെത്തിയത്. മാലിന്യം പരിശോധിച്ചതില്‍
നിന്നും ലഭ്യമായ വിവരങ്ങള്‍ സംഘടനാ പ്രവര്‍ത്തകര്‍ പഞ്ചായത്തിനെ അറിയിക്കുകയും നിക്ഷേപിച്ചയാളെ പഞ്ചായത്തില്‍ വിളിച്ച് വരുത്തി പിഴയടപ്പിച്ച് മാലിന്യം തിരികെ എടുപ്പിക്കുകയുമായിരുന്നു. മാലിന്യനിക്ഷേപകനെ കണ്ടെത്താന്‍
സഹായിച്ച സംഘടനാ പ്രവര്‍ത്തകരെ പഞ്ചായത്ത് ഭരണസമിതി അഭിനന്ദിച്ചു. ഇവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് പ്രസിഡന്റ് എം. ലതീഷ് അറിയിച്ചു. പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ തുടരുമെന്ന് സെക്രട്ടറി കെ.പി യശോധരന്‍ പറഞ്ഞു.
0 Comments