മലയാളദിനം, ഭരണഭാഷാ വാരാഘോഷത്തിൻ്റെ ജില്ലാതല ഉദ്ഘാടനം നാളെ ( നവംബർ ഒന്ന്) രാവിലെ ഒൻപതുമണിക്കു കളക്ട്രേറ്റിലെ വിപഞ്ചിക കോൺഫറൻസ് ഹാളിൽ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. ജില്ലാ ഭരണകേന്ദ്രത്തിന്റെയും വിവര-പൊതുജനസമ്പർക്ക വകുപ്പിന്റെയും വിവിധ വകുപ്പുകളുടേയും നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. വിശിഷ്ടാതിഥിയാകും. കവി കുരീപ്പുഴ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു 'എന്റെ വാക്ക്' കുറിക്കൽ നടത്തും. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ജില്ലാ
കളക്ടർ ജോൺ വി. സാമുവൽ, നഗരസഭാംഗം റീബ വർക്കി, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എൻ. രാജേഷ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ജില്ലാ മെഡിക്കൽ ഓഫീസർ. ഡോ. എൻ. പ്രിയ, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ആർ. ജയചന്ദ്രൻ, വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ,
പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീലേഖ, ആർടിഒ : കെ. അജിത്കുമാർ, സാക്ഷരതാമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.വി. രതീഷ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺകുമാർ എന്നിവർ പങ്കെടുക്കും.
വാരാഘോഷത്തിന്റെ ഭാഗമായി വിവര-പൊതുജനസമ്പർക്ക വകുപ്പിന്റെ നേതൃത്വത്തിൽ കളക്ട്രേറ്റ് വിപഞ്ചിക ഹാളിൽ നവംബർ രണ്ടിന് (ശനി) രാവിലെ 11 മണിക്ക് കഥാരചന, ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് കവിതാരചനാ മത്സരങ്ങൾ നടക്കും. പങ്കെടുക്കാൻ താൽപര്യമുള്ള ജീവനക്കാർ കളക്ട്രേറ്റ് വിപഞ്ചിക ഹാളിൽ നിശ്ചിത സമയത്തിനു മുമ്പേ എത്തി രജിസ്റ്റർ ചെയ്യണം.
വാരാഘോഷത്തോടനുബന്ധിച്ചു നവംബർ ഒന്നിന് സർക്കാർ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഓഫീസ് തലവന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ഭരണഭാഷാ പ്രതിജ്ഞയെടുക്കും. സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർഥികളും അധ്യാപകരും മലയാളഭാഷാ പ്രതിജ്ഞയെടുക്കും. ഓഫീസുകളിൽ ഭരണരംഗത്ത് ഉപയോഗിക്കുന്ന ആംഗലേയ പദങ്ങളുടെ സമാനമലയാള പദങ്ങൾ എഴുതി എല്ലാദിവസവും പ്രദർശിപ്പിക്കും.
0 Comments