ഇത്തവണയും പാലാ നഗരസഭാ ബജറ്റ് വൈസ് ചെയര്‍പേഴ്‌സണ് അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് വരില്ല.
ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഒഴികെയുള്ളവര്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാരാണ്. തങ്ങളുടെ കസേര ഭരണപക്ഷാംഗങ്ങള്‍ കൈയ്യേറിയതില്‍ പ്രതിഷേധിച്ചും തങ്ങളുടെ വാര്‍ഡുകളില്‍ പദ്ധതി വിഹിതം നല്‍കിയത് കുറഞ്ഞുപോയി എന്ന് ആരോപിച്ചും പ്രതിപക്ഷാംഗങ്ങള്‍ അമര്‍ഷത്തിലാണ്. ഈ സാഹചര്യത്തില്‍ ഇന്ന് ചേര്‍ന്ന ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയില്‍ ഇത്തവണത്തെ ബജറ്റ് തങ്ങള്‍ പാസാക്കില്ലെന്ന നിലപാടാണ് ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയിലുള്ള പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ സ്വീകരിച്ചത്. ഇത് സംബന്ധിച്ച് നഗരസഭാ പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി, ജോസ് ഇടേട്ട്, മായ രാഹുല്‍, സിജി ടോണി എന്നീ കൗണ്‍സിലര്‍മാര്‍ തങ്ങളുടെ അഭിപ്രായം കൃത്യമായി ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കൂടിയായ വൈസ് ചെയര്‍പേഴ്‌സണ്‍ ലീനാ സണ്ണിയെ അറിയിച്ചു.
പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാമെന്നും ബജറ്റ് പാസാക്കാനും അവതരിപ്പിക്കാനും സഹകരിക്കണമെന്നും ലീനാ സണ്ണി സ്റ്റാന്റിംഗ് കമ്മറ്റിയിലെ സഹ കൗണ്‍സിലര്‍മാരോട് അഭ്യര്‍ത്ഥിച്ചെങ്കിലും പ്രശ്‌ന പരിഹാരമുണ്ടാകാതെ സഹകരിക്കില്ലെന്ന നിലപാടാണവര്‍ സ്വീകരിച്ചിട്ടുളളത്. മുന്‍വര്‍ഷവും അന്നത്തെ വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദിനും ബജറ്റ് അവതരിപ്പിക്കാനായിരുന്നില്ല. ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയില്‍ പാസാകാതെ വന്ന ബജറ്റ് പിന്നീട് അന്നത്തെ ചെയര്‍മാന്‍ ജോസിന്‍ ബിനോയാണ് അവതരിപ്പിച്ചത്. ഇത്തവണയും ഇതേ സ്ഥിതിയാണിപ്പോള്‍ സംജാതമായിരിക്കുന്നത്.
0 Comments