സിനിമകളിലും സീരിയലുകളിലും മാത്രം കണ്ടിട്ടുള്ളതും പുസ്തകങ്ങളിലൂടെ വായിച്ചറിയുകയും ചെയ്തിട്ടുള്ള കോടതികളും കോടതി നടപടികളും നേരില്‍ കണ്ടപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ഒന്നമ്പരന്നു.
കോടതി മുറിക്കുള്ളിലെ ചൂടേറിയ വാദ പ്രതി വാദങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുക കൂടി ചെയ്തപ്പോള്‍ കുട്ടികള്‍ക്ക് അതൊരു പുത്തന്‍ അനുഭവമായി.
കോടതികളെയും കോടതി നടപടികളെയും വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്താന്‍ രാജ്യത്ത് അടുത്തിടെ ആരംഭിച്ച 'സംവാദ' പരിപാടിയുടെ ഭാഗമായി ഈരാറ്റുപേട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ തെരഞ്ഞെടുക്കപ്പെട്ട 30 വിദ്യാര്‍ത്ഥികള്‍ പാലായിലെ വിവിധ കോടതികള്‍ സന്ദര്‍ശിക്കുകയായിരുന്നു.
കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ മീനച്ചില്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി നടത്തിയ സംവാദയുടെ ആദ്യ പരിപാടിയായിരുന്നു ഇത്.
പാലാ കോടതി സമുച്ചയത്തില്‍ നടന്ന പരിപാടി കുടുംബ കോടതി ജഡ്ജിയും മീനച്ചില്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാനുമായ അയ്യൂബ് ഖാന്‍ ഉദ്ഘാടനം ചെയ്തു. ജഡ്ജിയുമായി വിദ്യാര്‍ത്ഥികള്‍ സംവദിച്ചു. പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് ബാഡ്ജുകളും നിയമ പഠന പുസ്തകങ്ങളും വിതരണം ചെയ്തു.
അഡ്വ.തോമസ് ജോസഫ് തൂങ്കുഴി നിയമ ബോധവല്‍കരണ ക്ലാസ്സിനും റൂണിയ ഏബ്രഹാം മോട്ടിവേഷന്‍ ക്ലാസ്സിനും നേതൃത്വം നല്‍കി. ലീഗല്‍ സര്‍വീസസ് കമ്മിറ്റി സെക്രട്ടറി സോണിയ ജോസഫ്, ലീഗല്‍ സര്‍വീസസ് കമ്മിറ്റി പ്രതിനിധികള്‍ വി.എം. അബ്ദുള്ള ഖാന്‍, പ്രൊഫ. കെ.പി. ജോസഫ്, അധ്യാപകരായ സിന്ധു മോള്‍ കെ.എസ്., ജോബിന്‍ സി എന്നിവര്‍ പ്രസംഗിച്ചു.
0 Comments