തന്റെ ഡ്രൈവറായിരുന്ന തോമാച്ചന്‍ എന്നയാള്‍ തനിക്കൊരു സ്ഥലത്തേക്ക് പോകുന്നതിന് വാഹനമോടിക്കാന്‍ മടി കാണിച്ചെന്നും ഇയാളെ ജോലിയില്‍ നിന്ന് മാറ്റണമെന്നും പാലാ നഗരസഭാ മുന്‍ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോയുടെ പരാതി.
കഴിഞ്ഞ ദിവസം ചേര്‍ന്ന നഗരസഭാ ഇടതുമുന്നണി കൗണ്‍സിലര്‍മാരുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് സി.പി.എം. പ്രതിനിധിയായ ജോസിന്‍ ബിനോ പരാതി ഉന്നയിച്ചത്. പാലാ നഗരസഭയുടെ ചരിത്രത്തിലെ ആദ്യ സി.പി.എം. ചെയര്‍പേഴ്‌സണായ ജോസിന്‍ ബിനോയുടെ ഈ പരാതിക്ക് പക്ഷേ ഘടകക്ഷിയായ കേരളാ കോണ്‍ഗ്രസ് (എം) ലെ കൗണ്‍സിലര്‍മാര്‍ വേണ്ടത്ര പിന്തുണ കൊടുത്തില്ല. ഡ്രൈവറെ മാറ്റണമെന്ന ജോസിന്‍ ബിനോയുടെ ആവശ്യം അംഗീകരിക്കപ്പെട്ടുമില്ല. ഇന്നലെയും ചെയര്‍മാന്‍ ഷാജു തുരുത്തന്റെ ഔദ്യോഗിക വാഹനം ഓടിച്ചത് തോമാച്ചനായിരുന്നു.
ചെയര്‍പേഴ്‌സണായിരുന്ന ജോസിന്‍ ബിനോ രാജിവയ്ക്കുന്നതിന്റെ തലേ ദിവസത്തെ സംഭവങ്ങളാണ് പരാതിക്കടിസ്ഥാനം. അന്ന് ചെയര്‍പേഴ്‌സന്റെ പതിവ് ഡ്രൈവറായിരുന്ന ആള്‍ എത്താതിരുന്നതിനെ തുടര്‍ന്നാണ് തോമാച്ചനെ വിളിച്ചുവരുത്തിയത്. അരമണിക്കൂര്‍ യാത്രയ്‌ക്കെന്ന് പറഞ്ഞാണ് വിളിച്ചതെങ്കിലും അന്ന് വൈകുന്നേരം വരെ ഓട്ടമുണ്ടായിരുന്നു. സന്ധ്യയോടെ വീണ്ടും ചങ്ങനാശ്ശേരിയില്‍ ബന്ധുവീട്ടില്‍ പോകണമെന്ന് ഡ്രൈവര്‍ തോമാച്ചനോട് ചെയര്‍പേഴ്‌സണ്‍ ആവശ്യപ്പെട്ടുവത്രെ.
ഭര്‍ത്താവ് ബാബുവുമൊത്ത് ഔദ്യോഗിക കാറില്‍ ചങ്ങനാശ്ശേരിക്ക് യാത്ര തിരിച്ചെങ്കിലും ചേര്‍പ്പുങ്കല്‍ ഭാഗത്തെത്തിയപ്പോള്‍ തനിക്ക് തിരക്കുണ്ടെന്നും മടങ്ങിപ്പോകണമെന്നും ഡ്രൈവര്‍ തോമാച്ചന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അവിടെനിന്നും വാഹനം തിരിച്ച് ചെയര്‍പേഴ്‌സന്റെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇത് ഇഷ്ടപ്പെടാതെ വന്ന ജോസിന്‍ ബിനോ കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്. സി.പി.എം. പ്രതിനിധിയായ ബിന്ദു മനുവും ജോസിന്‍ ബിനോയെ പിന്തുണച്ചെങ്കിലും തല്‍ക്കാലം ഒരു നടപടിയും വേണ്ട എന്ന നിലപാടില്‍ കേരളാ കോണ്‍ഗ്രസ് (എം)ലെ കൗണ്‍സിലര്‍മാര്‍ ഉറച്ചുനിന്നു.
പരാതിയില്ലെന്ന് ഡ്രൈവറെക്കൊണ്ട് ഒപ്പിട്ടുവാങ്ങി
ഇതേസമയം മുന്‍ ചെയര്‍പേഴ്‌സണ്‍ ആക്ഷേപം ഉന്നയിച്ചെങ്കിലും പിന്നീട് തനിക്ക് പരാതിയില്ലെന്ന് ഡ്രൈവറില്‍ നിന്ന് മുനിസിപ്പല്‍ അധികാരികള്‍ ഒപ്പിട്ട രേഖ എഴുതി വാങ്ങിയെന്നാണ് അറിയുന്നത്. ഔദ്യോഗികമല്ലാത്ത യാത്രയ്ക്ക് പോകാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ നടപടിയെടുത്താല്‍ പരാതിപ്പെടുമെന്ന് ഡ്രൈവറും മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് ഇങ്ങനെ എഴുതി വാങ്ങിയതെന്ന് പറയപ്പെടുന്നു. സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഡ്രൈവര്‍ക്കെതിരെ പരാതി പറഞ്ഞ മുന്‍ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ പക്ഷേ ഇന്നലെ ചേര്‍ന്ന സി.പി.എം. കൗണ്‍സിലര്‍മാരുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഇതേപ്പറ്റി ''മിണ്ടിയതേയില്ല''.
മുന്‍ചെയര്‍പേഴ്‌സണിനെതിരെ പരാതിക്ക് നീക്കം
നഗരസഭയുടെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തു എന്നു കാണിച്ച് മുന്‍ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോയ്‌ക്കെതിരെ പരാതി നല്‍കാന്‍ നഗരസഭാ ഭരണപക്ഷത്തുനിന്നു തന്നെ നീക്കമുള്ളതായി സൂചന. ബന്ധുവീടുകളില്‍ തുടര്‍ച്ചയായി ഔദ്യോഗിക വാഹനത്തില്‍ സന്ദര്‍ശനം നടത്തിയെന്നാണ് പരാതിക്ക് തുനിയുന്നവരുടെ ആക്ഷേപം. ഇതേസമയം ജോസിന്‍ ബിനോയുടെ പ്രതികരണത്തിന് പലതവണ ഫോണില്‍ വിളിച്ചെങ്കിലും പ്രയോജനമുണ്ടായില്ല.
0 Comments