ചേര്‍പ്പുങ്കല്‍ സമാന്തരപാലം സുരക്ഷാനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു .....പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ പുതിയ പാലത്തിന്റെ ഉദ്ഘാടനത്തിന് നേരിട്ട് ക്ഷണിച്ചതായി മോൻസ് ജോസഫും മാണി സി. കാപ്പനും അറിയിച്ചു.
മീനച്ചിലാറിനു കുറുകേ പുതിയതായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച ചേര്‍പ്പുങ്കല്‍ സമാന്തരപാലത്തിന്റെ ഇരുവശങ്ങളിലുമുള്ള അപ്രോച്ച് റോഡില്‍ ഏര്‍പ്പെടുത്താനുള്ള സുരക്ഷാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതയായി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ., മാണി സി. കാപ്പന്‍ എം.എല്‍.എ. എന്നിവര്‍ അറിയിച്ചു.
ചേര്‍പ്പുങ്കല്‍ പാലത്തിന്റെ ഹാന്‍ഡ്‌റൈവില്‍ നിന്ന് അപ്രോച്ച് റോഡിന്റെ ഇരുവശങ്ങളിലേക്കും ക്രാഷ് ബാരിയറുകളും സുരക്ഷാതൂണുകളും സ്ഥാപിക്കുന്ന ജോലിയാണ് ആരംഭിച്ചിട്ടുള്ളത്. ഇതോടനുബന്ധിച്ച് നടപ്പാക്കാനുള്ള സൈഡ് കോണ്‍ക്രീറ്റിംഗ് ഉള്‍പ്പെടെയുള്ള വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് എം.എല്‍.എ.മാരുടെ സാന്നിദ്ധ്യത്തില്‍ പി.ഡബ്ല്യു.ഡി. റോഡ്‌സ് വിഭാഗത്തിലേയും ബ്രിഡ്ജസ് വിഭാഗത്തിലേയും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഉള്‍പ്പെടെയുള്ള പ്രധാന ഉദ്യോഗസ്ഥര്‍മാര്‍ ചര്‍ച്ച നടത്തി. ഇതിന്‍ പ്രകാരം അടിയന്തിരമായി ചെയ്തു തീര്‍ക്കേണ്ട ജോലികള്‍ പരമാവധി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു.
പുതിയതായി പണിത ചേര്‍പ്പുങ്കല്‍ സമാന്തരപാലത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതിനുവേണ്ടി പി.ഡബ്ല്യു.ഡി. മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ നേരിട്ടുകണ്ട് ക്ഷണിച്ചതായി മോന്‍സ് ജോസഫ് എം.എല്‍.എ.യും, മാണി സി. കാപ്പന്‍ എം.എല്‍.എ.യും അറിയിച്ചു. നിയമസഭാ സമ്മേളനം സമാപിച്ചതിനുശേഷം ചേര്‍പ്പുങ്കല്‍ പാലം ഉദ്ഘാടനം ചെയ്ത് ഗതാഗത്തിന് തുറന്നുകൊടുക്കാമെന്ന് പി.ഡബ്ല്യു.ഡി. മന്ത്രി ഉറപ്പുനല്‍കിയതായി എം.എല്‍.എ. മാര്‍ വ്യക്തമാക്കി.
കടുത്തുരുത്തി - പാലാ അസംബ്ലി മണ്ഡലങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് മീനച്ചിലാറിനു കുറുകേ യാഥാര്‍ത്ഥഅയമാക്കാന്‍ നിശ്ചയിച്ച ചേര്‍പ്പുങ്കല്‍ സമാന്തരപാലം എല്ലാ പ്രതിസന്ധികളേയും അതിജീവിച്ചുകൊണ്ട് സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതില്‍ തികഞ്ഞ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ.യും മാണി സി. കാപ്പന്‍ എം.എല്‍.എ.യും വ്യക്തമാക്കി.
2023 ഡിസംബറിനുമുന്നെ പാലം നിര്‍മ്മാണം പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യം നിറവേറ്റാന്‍ കഴിഞ്ഞതില്‍ നാടിന്റെ വികസനരംഗത്ത് തികഞ്ഞ അഭിമാനകരമാണ്. പി.ഡബ്ല്യു.ഡി. തയ്യാറാക്കിയ എസ്റ്റിമേറ്റില്‍ പിശകുകളും പാളിച്ചകളും സംഭവിച്ചതാണ് പാലം നിര്‍മ്മാണത്തിന് മുഖ്യപ്രതിസന്ധി ഉണ്ടാക്കിയത്. ഇക്കാര്യങ്ങള്‍ പരിഹരിക്കുന്നതു സംബന്ധിച്ച് എം.എല്‍.എ.മാര്‍ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന്റെ തുടര്‍ച്ചയായിട്ടാണ് പ്രശ്‌ന പരിഹാരത്തിന് പി.ഡബ്ല്യു.ഡി. മന്ത്രി ഉന്നതതലയോഗം വിളിച്ചുചേര്‍ത്തത്. ഇതില്‍ കൈക്കൊണ്ട തീരുമാനപ്രകാരമാണ് പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി പാലം നിര്‍മ്മാണം പുനരാരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചത്. ഇതേ തുടര്‍ന്ന് ഓരോ മാസവും രണ്ട് എം.എല്‍.എ.മാരുടേയും സാന്നിദ്ധ്യത്തില്‍ നിരന്തരമായ മോണിട്ടറിംഗ് യോഗങ്ങള്‍ നടത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ കഴിഞ്ഞതാണ് പ്രധാനമായും നേട്ടമായതെന്ന് ഇരുവരും ചൂണ്ടിക്കാട്ടി .
ഓരോ സമയങ്ങളിലും ഉണ്ടാകുന്ന തടസ്സങ്ങളും സാങ്കേതിക പ്രശ്‌നങ്ങളും എം.എല്‍.എ. മാര്‍ ഇടപെട്ട് സമയോചിതമായി പരിഹരിച്ചുപോകുന്ന പ്രവര്‍ത്തന രീതി ചേര്‍പ്പുങ്കല്‍ സമാന്തരപാലം നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതില്‍ ഏറ്റവും ഉപകരിച്ച കാര്യമാണെന്ന് കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡോ. മേഴ്‌സി ജോണ്‍ മൂലക്കാട്ട് എന്നിവര്‍ വ്യക്തമാക്കി.
പി.ഡബ്ല്യു.ഡി. മന്ത്രിയായി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. പ്രവര്‍ത്തിച്ച 2008 - 2009 കാലഘട്ടത്തിലാണ് സംസ്ഥാനസര്‍ക്കാരിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചേര്‍പ്പുങ്കല്‍ പാലത്തിനുവേണ്ടി 9 കോടി രൂപ അനുവദിച്ചുകിട്ടിയത്. ആ കാലഘട്ടത്തില്‍ പാലായെ പ്രതിനിധീകരിച്ചിരുന്ന കെ.എം. മാണി എം.എല്‍.എ.യുടെ അദ്ധ്യക്ഷതയില്‍ മന്ത്രി അഡ്വ. മോന്‍സ് ജോസഫ് ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ച് പാലം നിര്‍മ്മാണത്തിന്റെ പ്രഥാമിക നടപടികള്‍ ആരംഭിച്ചെങ്കിലും ഹൈക്കോടതിയില്‍ കേസും സ്റ്റേയും വന്നതിനെ തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിപ്പോവുകയായിരുന്നു. ഹൈക്കോടതിയില്‍ കേസ് വര്‍ഷങ്ങള്‍ക്കുശേഷം വിജയിച്ചെങ്കിലും പിന്നീട് സുപ്രീംകോടതിയില്‍ നിന്നും സ്റ്റേ വരികയായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം സപ്രീംകോടതിയിലെ കേസ് തീര്‍പ്പാക്കുകയും അനുകൂല വിധി ലഭിക്കുകയും ചെയ്തു. കോടതി വ്യവഹാരം അവസാനിപ്പിച്ച് ചേര്‍പ്പുങ്കല്‍ പാലം യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികള്‍ വീണ്ടും ആരംഭിച്ചപ്പോഴാണ് പി.ഡബ്ല്യു.ഡി.യുടെ എസ്റ്റിമേറ്റില്‍ പാളിച്ചകള്‍ സംഭവിച്ചത്. പിന്നീട് അത് തിരുത്തിയെടുക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ തലത്തില്‍ ജനപ്രതിനിധികള്‍ നടത്തിയത്. 2009 ല്‍ കടുത്തുരുത്തി മണ്ഡലത്തില്‍ അനുവദിച്ച ചെമ്പിളാവ് പാലാ സ്ഥലവാസികള്‍ മുന്‍കൂര്‍ ഭൂമി വിട്ടുനല്‍കിയതുകൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഇതോടൊപ്പം ഫണ്ട് അനുവദിച്ചതാണെങ്കിലും വിവിധങ്ങളായ പ്രശ്‌നങ്ങളില്‍ കുടുങ്ങിപ്പോയ ചേര്‍പ്പുങ്കല്‍ സമാന്തരപാലവും എല്ലാവിധ തടസ്സങ്ങളും പരിഹരിച്ചുകൊണ്ട് അവസാനം നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ പോകുന്നത് ജനങ്ങള്‍ക്ക് ഏറ്റവും അനുഗ്രഹപ്രദമാണ്.
ചേര്‍പ്പുങ്കല്‍ സമാന്തരപാലം ഗതാഗതത്തിന് തുറന്നുകൊടുത്താലുടനെ പഴയ പാലത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ.യും മാണി സി. കാപ്പന്‍ എം.എല്‍.എ.യും അറിയിച്ചു. പഴയ പാലം തൃപ്തികരമായും സുരക്ഷിതമായും പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറ്റവും സൗകര്യപ്രദമായി ഉപയോഗിക്കുന്നവിധത്തില്‍ നവീകരിച്ചുകൊടുക്കാന്‍ നടപടി സ്വീകരിച്ചതായി എം.എല്‍.എ. മാര്‍ വ്യക്തമാക്കി.
0 Comments