ഗാനമേളക്കിടയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പുലിയന്നൂർ കെഴുവൻകുളം ലക്ഷംവീട് കോളനി ഭാഗം സ്വദേശികളായ കോട്ടയിൽ വീട്ടിൽ അശ്വിൻ സാബു (23), കുന്നേപറമ്പിൽ വീട്ടിൽ ജിനോ ജോസ് (23) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞദിവസം രാത്രിയിൽ കെഴുവൻകുളം അമ്പലത്തില്‍ ഗാനമേള കാണുവാൻ എത്തിയ യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
കെഴുവൻകുളം അമ്പലത്തിൽ നടന്ന ഗാനമേള സ്ഥലത്ത് വച്ചുണ്ടായ വാക്ക് തർക്കത്തെ തുടര്‍ന്ന് ഇവർ സമീപവാസികളായ മൂന്നോളം യുവാക്കളെ ആക്രമിക്കുകയും, ഇവിടെ നിന്നും പോയ മറ്റൊരു യുവാവിനെ ഇവർ ഓട്ടോയിൽ പിന്തുടർന്നെത്തി മാർ സ്ലീവാ ആശുപത്രി ഭാഗത്തുവെച്ച് കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇവർ ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ ജോബിൻ ആന്റണി, എസ്.ഐ ബിനു വി.എൽ, ജയൻ കെ.എസ്, സി.പി.ഓ മാരായ രഞ്ജിത്ത്,അരുൺ കുമാർ, ശങ്കർ, മോനിഷ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.
0 Comments