തൊടുപുഴ – പുളിയന്‍മല സംസ്ഥാന പാതയോരത്തെ മുട്ടം കോടതി കവലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ സ്ഥാപിച്ച കിയോസ്‌കിനെച്ചൊല്ലി മുട്ടത്ത് രാഷ്ട്രീയ വിവാദം ശക്തമായി. കിയോസ്‌ക് പൊളിച്ച് മാറ്റണമെന്ന് എല്‍ഡിഎഫും പഞ്ചായത്തിലേക്ക് വരുമാനം ഉറപ്പാക്കുന്നതിനാല്‍ മാര്‍ക്കറ്റിംഗ് കിയോസ്‌ക് വാടകയ്ക്ക് കൊടുക്കണമെന്ന ആവശ്യം ഉന്നയിച്ച് യുഡിഎഫും നാളുകള്‍ക്ക് മുമ്പ് തന്നെ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ 100 ദിന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മുട്ടത്തെ കുടുംബശ്രീ സംരംഭങ്ങള്‍ക്കായാണ് കിയോസ്‌ക് സ്ഥാപിച്ചത്. ജില്ലയ്ക്ക് അനുവദിച്ച മൂന്ന് സംരംഭങ്ങളില്‍ ഒന്നായിരുന്നു മുട്ടത്തേത്.
ഈ കിയോസ്‌ക് പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം എല്‍ഡിഎഫ് മെമ്പര്‍മാര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയതോടെയാണ് ഇപ്പോള്‍ വീണ്ടും വിവാദമുയര്‍ന്നത്. പി.ടി.തോമസ് എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നുള്ള ആറ് ലക്ഷം രൂപ ഉപയോഗിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മുട്ടം കോടതി കവലയില്‍ രണ്ട് മുറികളായി ഒരു ബസ് കാത്തിരുപ്പ് കേന്ദ്രം നിര്‍മ്മിച്ചത്.
വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ ജില്ലാ കോടതി ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ – സ്വകാര്യ സ്ഥാപനങ്ങളിലെ നൂറ് കണക്കിനാളുകള്‍ക്ക് മഴയും വെയിലുമേല്‍ക്കാതെ ബസ് കാത്ത് നില്‍ക്കാന്‍ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് പൂര്‍ത്തീകരിച്ചത്. എന്നാല്‍ കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നില്‍ ബസുകള്‍ നിര്‍ത്താത്തതിനാല്‍ ഇവിടേക്ക് ആരും കയറാതായി. ഇതേ തുടര്‍ന്ന് അന്നത്തെ എല്‍.ഡി.എഫിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണ സമിതി ഇതില്‍ ഒരു ഭാഗം കട മുറിയാക്കി മാറ്റി. ഈ മുറിയിലാണ് കിയോസ്‌ക് സ്ഥാപിച്ചത്. ഇവിടെ കുടുംബശ്രീ സംരംഭം പ്രവര്‍ത്തിക്കുകയും ചെയ്തു.
0 Comments