കടനാട് ഗ്രാമപഞ്ചായത്തിലെ നീലൂരില്‍ റോഡ് പുനര്‍നിര്‍മ്മാണത്തിന്റെ മറവില്‍ ലക്ഷങ്ങളുടെ കല്ലും മണ്ണും കടത്തിയ സംഭവത്തില്‍ മുന്‍പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ഏഴ് പേരില്‍ നിന്നായി അഞ്ചരലക്ഷത്തോളം രൂപാ നഷ്ടപരിഹാരം ഈടാക്കാന്‍ ജിയോളജി വകുപ്പ് രംഗത്ത്.
എത്രയുംവേഗം പിഴത്തുക അടയ്ക്കണമെന്നാവശ്യപ്പെട്ട് ഏഴുപേര്‍ക്ക് ജിയോളജി വകുപ്പ് നോട്ടീസ് നല്‍കിക്കഴിഞ്ഞു.
റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ ലക്ഷങ്ങളുടെ കരിങ്കല്ല് കടത്തിയ സംഭവം കേരള കൗമിദിയാണ് പുറംലോകത്തെത്തിച്ചത്. 2019 ഒക്‌ടോബര്‍ 28 മുതല്‍ ഇത് സംബന്ധിച്ച് എക്‌സ്‌ക്ല്യൂസീവായ പത്തോളം വാര്‍ത്തകളാണ് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്തത്. ഇതേ തുടര്‍ന്നാണ് മൈനിംഗ് ആന്റ് ജിയോളജി വകുപ്പും പോലീസ് വിജിലന്‍സ് സംഘവും മേലുകാവ് പോലീസുമൊക്കെ ഇത് സംബന്ധിച്ച അന്വേഷണം ആരംഭിച്ചത്.
പഞ്ചായത്തിന്റെ അനുമതിയില്ലാതെ നീലൂര്‍ പൊട്ടന്‍പ്ലാക്കല്‍ ഞള്ളിക്കുന്ന് റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ കല്ലും മണ്ണും വന്‍തോതില്‍ കടത്തുകയായിരുന്നു.
കടനാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ മെമ്പറുമായ ഇടതുമുന്നണി പ്രതിനിധി ജയ്‌സണ്‍ പുത്തന്‍കണ്ടം, മുന്‍ മെമ്പര്‍മാരായ തൂമ്പമറ്റത്തില്‍ സാലി ജോസഫ്, പൂവത്തുങ്കല്‍ ട്രീസമ്മ ടീച്ചര്‍ എന്നിവരും കല്ലും മണ്ണും കടത്താന്‍ കൂട്ടുനിന്ന ആണ്ടൂര്‍ ചെറിയോടിമറ്റത്തില്‍ ദീപുരാജ്, വാളികുളം മനു മാത്യു, മറ്റത്തിപ്പാറ തീക്കുഴിവേലില്‍ ടെന്‍സണ്‍, മറ്റത്തിപ്പാറ ഇളമ്പാശ്ശേരി ജോസ് എന്നിവരോട് തുകയടയ്ക്കാനാണ് ജിയോളജി വകുപ്പ് ആവശ്യപ്പെട്ടിട്ടുള്ളത്. മേലുകാവ് പോലീസിന്റെയും വിജിലന്‍സിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജിയോളജി വകുപ്പ് പിഴയടയ്ക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുള്ളത്.
റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ 2621 ക്യുബിക് മീറ്റര്‍ (6500 ല്‍പരം ടണ്‍) കരിങ്കല്ലും 374.4 ക്യുബിക് മീറ്റര്‍ (748 ടണ്‍) മണ്ണും കടത്തിയെന്നാണ് ജിയോളജി വകുപ്പിന്റെ കണ്ടെത്തല്‍.
ഒറ്റ ഫോണ്‍കോള്‍ ലക്ഷങ്ങളുടെ കരിങ്കല്ല് കടത്തിന്റെ രഹസ്യം പുറത്ത്
2019 ഒക്‌ടോബര്‍ 26-ാം തീയതി ഉച്ചതിരിഞ്ഞ് ''കേരള കൗമുദി''യിലേക്ക് വന്ന ഒറ്റ ഫോണ്‍കോളാണ് റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ നടക്കുന്ന ലക്ഷങ്ങളുടെ കരിങ്കല്ല് കടത്തിന്റെ രഹസ്യം പുറത്താകാന്‍ കാരണം. ഇത് സംബന്ധിച്ച് രഹസ്യമായും പരസ്യമായും പലവിധ അന്വേഷണങ്ങള്‍ നടത്തിയശേഷം കൃത്യമായ തെളിവുകളോടെ ഒക്‌ടോബര്‍ 28-ാം തീയതി ആദ്യ വാര്‍ത്ത ''കേരള കൗമുദി'' പ്രസിദ്ധീകരിക്കുകയായിരുന്നു. കടനാട്ടില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച മറ്റ് പത്തോളം വാര്‍ത്തകളും ഇതുമായി ബന്ധപ്പെട്ട് കേരള കൗമുദി പ്രസിദ്ധീകരിച്ചു. സ്വാഭാവികമായും ചില കേന്ദ്രങ്ങളില്‍ നിന്നും പലവിധ സ്വാധീനങ്ങള്‍ ചെലത്താന്‍ ശ്രമം നടന്നെങ്കിലും വാര്‍ത്തകള്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചുകൊണ്ടേയിരുന്നു. തുടര്‍ വാര്‍ത്തകള്‍ വന്നതോടെ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കും ഇരിക്കപ്പൊറുതിയില്ലാതായി. അങ്ങനെയാണ് അവര്‍ രേഖാമൂലം പോലീസിലും പഞ്ചായത്ത് വകുപ്പ് ഉന്നത അധികാരികള്‍ക്കും പരാതി നല്‍കിയത്.
നീലൂര്‍ പൊട്ടന്‍പ്ലാക്കല്‍ റോഡിന്റെ കയറ്റം കുറയ്ക്കണമെന്ന ജനകീയ ആവശ്യമാണ് നടപ്പാക്കിയതെന്നായിരുന്നു അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് ജയ്‌സണ്‍ പുത്തന്‍കണ്ടത്തിന്റെ വിശദീകരണം.
കല്ലുകടത്തല്‍ സംബന്ധിച്ച് തുടര്‍ വാര്‍ത്തകള വന്നതോടെ ഈ റോഡുപണി പഞ്ചായത്ത് പ്ലാന്‍ പദ്ധതിയില്‍ പെടുത്താനും നീക്കം നടന്നിരുന്നു. ഒരു പ്ലാനുമില്ലാതെയായിരുന്നു അന്ന് റോഡ് പണിക്ക് തുടക്കം കുറിച്ചതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. നിയമപ്രകാരം മാത്രമേ റോഡ് പണിയാവൂ എന്ന് പഞ്ചായത്ത് കമ്മറ്റിയില്‍ ആവശ്യപ്പെട്ട അന്നത്തെ മൂന്നാം വാര്‍ഡ് മെമ്പര്‍ ട്രീസമ്മ ടീച്ചര്‍ക്കും പിഴയടയ്ക്കാന്‍ ജിയോളജി വകുപ്പില്‍ നിന്നും ഉത്തരവ് കിട്ടിയെന്നുള്ളതാണ് ഏറെ വിരോധാഭാസം.
0 Comments