കോൺഗ്രസ് പാലാ ടൗൺ മണ്ഡലം പ്രസിഡൻ്റ് തോമസ് നെച്ചിക്കാടൻ്റെ ചില നിലപാടുകൾക്കെതിരെ പാർട്ടിയിൽ അമർഷം പുകയുന്നു...
പാലാ നഗരസഭാ ബഡ്ജറ്റ്, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ പാസാക്കാതിരിക്കാനുള്ള പ്രതിപക്ഷ നീക്കത്തിന് തടയിടാൻ പ്രതിപക്ഷ നേതാവ് പ്രൊഫ സതീഷ് ചൊള്ളാനി നഗരസഭാ യു. ഡി. എഫ് കൗൺസിലർമാരുടെ യോഗം വിളിച്ച അതേ സമയത്തു തന്നെ നഗരസഭ കൗൺസിലർമാരുടെ യോഗം വിളിച്ചുചേർക്കാൻ ശ്രമം; അമിതാധികാരം ഉപയോഗിച്ച മണ്ഡലം പ്രസിഡന്റിന് മുതിർന്ന നേതാക്കളുടെ ശാസനയും താക്കീതും കിട്ടിയെന്നും സൂചന......
സ്വന്തം ലേഖകൻ
പാലാ ടൗൺ കോൺഗ്രസ് മണ്ഡലത്തിൽ ഗ്രൂപ്പ് പോര് മൂർച്ഛിക്കുന്നു. അനാവശ്യ പ്രശ്നങ്ങളുണ്ടാക്കി മണ്ഡലം പ്രസിഡൻറ് തന്നെയാണ് ഗ്രൂപ്പ് കളിക്കും മുൻകൈയെടുക്കുന്നത് എന്നാണ് ഒരു വിഭാഗത്തിൻ്റെ ആക്ഷേപം. അതേ സമയം ഇപ്പോഴും തോമസ് നെച്ചിക്കാടനെ മണ്ഡലം പ്രസിഡൻ്റായി അംഗീകരിക്കാൻ തയ്യാറാകാത്ത ചിലർ മനപ്പൂർവ്വം പ്രശ്നങ്ങളുണ്ടാക്കുകയാണെന്നാണ് നെച്ചിക്കാടനോട് ഒപ്പമുള്ളവർ ആരോപിക്കുന്നത്.
ഇന്ന് പാലാ നഗരസഭയിലെ ബഡ്ജറ്റ് സമ്മേളനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പ്രൊഫ. സതീഷ് ചൊള്ളാനി പാർലമെന്ററി പാർട്ടിയോഗം വിളിച്ചുചേർത്തിട്ടുണ്ടായിരുന്നു. ഇത് അട്ടിമറിക്കാൻ ഇതേസമയത്ത് തന്നെ മണ്ഡലം പ്രസിഡന്റ് നഗരസഭ കൗൺസിലർമാരുടെ യോഗം വിളിച്ചു കൂട്ടി കത്ത് നൽകിയെന്നാണ് പ്രധാന ആക്ഷേപം.
പ്രതിപക്ഷ നേതാവിന്റെ യോഗത്തിൽ പങ്കെടുത്ത ശേഷം കൗൺസിലർമാരിൽ ചിലർ മണ്ഡലം പ്രസിഡണ്ടിന് യോഗം വിളിച്ചു ചേർക്കാനുള്ള അധികാരം ഉണ്ടോ എന്ന കാര്യത്തിൽ വ്യക്തത ആവശ്യപ്പെട്ട് പാർട്ടി ഓഫീസിൽ എത്തുകയായിരുന്നു. ഓഫീസിൽ ഉണ്ടായിരുന്ന മുതിർന്ന നേതാക്കളായ ജോസഫ് വാഴക്കനും ടോമി കല്ലാനിയും കൗൺസിലർമാരോട് സംസാരിച്ചതോടെയാണ് മണ്ഡലം പ്രസിഡൻ്റ് വെട്ടിലായി. പ്രതിപക്ഷ നേതാവിനോട് കൂടിയാലോചിക്കാതെ ഇത്തരം ഒരു യോഗം നിശ്ചയിച്ചതും ഇതേ സമയത്ത് മറ്റൊരു യോഗം ഉണ്ടെന്ന് അറിഞ്ഞിട്ടും സമയം മാറ്റാൻ തയ്യാറാവാതിരുന്നതും ഗ്രൂപ്പുകളി ലക്ഷ്യമിട്ടുള്ള ഗൂഡനീക്കം ആണെന്നാണ് ആക്ഷേപം.
ഇതു തിരിച്ചറിഞ്ഞ നേതാക്കൾ മണ്ഡലം പ്രസിഡന്റിന് ശക്തമായ താക്കീത് നൽകി എന്നാണ് സൂചന. മേലിൽ പ്രതിപക്ഷ നേതാവിനോട് യോഗം വിളിച്ചു ചേർക്കുന്ന കാര്യം ആവശ്യപ്പെടുക മാത്രമേ ചെയ്യാവുകയുള്ളൂ എന്നും നേരിട്ട് യോഗം വിളിക്കരുതെന്നും നേതാക്കൾ നിർദേശവും നൽകിയതായി അറിയുന്നു. നഗരസഭയിലെ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിൽ പ്രതിപക്ഷത്തിനാണ് ഭൂരിപക്ഷം. അതുകൊണ്ടുതന്നെ ധനകാര്യ കമ്മിറ്റിയിൽ ബഡ്ജറ്റ് പാസായില്ലെങ്കിൽ നഗരസഭാ വൈസ് ചെയർപേഴ്സണ് ബഡ്ജറ്റ് അവതരിപ്പിക്കാൻ കഴിയില്ല, പകരം ചെയർമാൻ ബഡ്ജറ്റ് അവതരിപ്പിക്കേണ്ടി വരും. ഇതുമായി ബന്ധപ്പെട്ട നിലപാട് ചർച്ച ചെയ്യാൻ ആണ് ഇന്ന് പ്രതിപക്ഷ നേതാവ് യോഗം വിളിച്ചു ചേർത്തത്.
ഈ യോഗം അട്ടിമറിക്കാൻ ശ്രമിച്ചത് നഗര ഭരണനേതൃത്വത്തെ സഹായിക്കാനാണ് എന്നാണ് ഒരു വിഭാഗം കോൺഗ്രസ്സ് നേതാക്കളുടെ ആക്ഷേപം. .
വൈസ് ചെയർപേഴ്സൺ ലീന സണ്ണിക്ക് ബഡ്ജറ്റ് അവതരിപ്പിക്കാനുള്ള സാഹചര്യം ഒരുക്കുന്നതിന് വേണ്ടിയാണ് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ശ്രമിച്ചത് എന്നാണ് ആരോപണം. പ്രതിപക്ഷ കൗൺസിലർമാർക്ക് അനുവദിച്ച വാർഡ് വിഹിതം ഭരണപക്ഷ കൗൺസിലർമാരുടെതിനെ അപേക്ഷിച്ച് വളരെ തുച്ഛമാണ്. അതുകൊണ്ടുതന്നെ ധനകാര്യ കമ്മിറ്റിയിൽ ബഡ്ജറ്റ് പാസാക്കരുത് എന്ന പൊതു വികാരം പ്രതിപക്ഷമായ യു.ഡി.എഫി ലുണ്ട് ഇത്തരത്തിലൊരു തീരുമാനം ഉണ്ടാവാതിരിക്കാൻ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അട്ടിമറി നീക്കം നടത്തി എന്നാണാ ക്ഷേപം.
വർഷങ്ങളായി ഗ്രൂപ്പ് കളിച്ചുള്ള ശീലം നിർണായക പദവിയിൽ എത്തിയിട്ടും പ്രസിഡന്റ് കൈവിട്ടില്ല എന്നാണ് ആക്ഷേപം. ഇദ്ദേഹം ചുമതല ഏറ്റെടുത്തതിനു ശേഷം പാർട്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷമോ, ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനമോ ആചരിച്ചില്ല എന്നും ചില നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
തൃശ്ശൂരിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉദ്ഘാടനം ചെയ്ത മഹാസമ്മേളനത്തിലേക്ക് പ്രവർത്തകരെയും ബൂത്ത് പ്രസിഡന്റുമാരെയും അയക്കാനുള്ള ക്രമീകരണങ്ങൾ പോലും നടത്തിയില്ല എന്ന പരാതിയും പാർട്ടി നേതൃത്വത്തിന് മുന്നിലെത്തിയിട്ടുണ്ട്. തൃശ്ശൂരിലെ യോഗവുമായി ബന്ധപ്പെട്ട ആലോചനകൾക്കായി മണ്ഡലം കമ്മിറ്റി വിളിക്കണം എന്ന നിർദ്ദേശവും പാലിക്കപ്പെട്ടില്ലത്രേ.
നഗരസഭയിലെ ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കുന്ന നിരവധി വിഷയങ്ങൾ ഇദ്ദേഹം മണ്ഡലം പ്രസിഡണ്ടായി വന്നതിനുശേഷം ഉണ്ടായെങ്കിലും ഈ വിഷയങ്ങളിൽ ഒന്നും ഇടപെടാൻ ഇദ്ദേഹം താൽപര്യം പ്രകടിപ്പിച്ചില്ല എന്നും ആക്ഷേപമുയർന്നിട്ടുണ്ട്. ഭരണപക്ഷത്തെ പ്രതിരോധത്തിൽ ആക്കുന്ന ഒരു നീക്കങ്ങൾക്കും കോൺഗ്രസ് മുൻകൈ എടുത്തില്ല എന്നതും രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായി.
0 Comments