കള്ളുഷാപ്പിൽ കയറി അതിക്രമം നടത്തിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് വട്ടമുകൾ ലക്ഷംവീട് കോളനി വീട്ടിൽ കുഞ്ഞുമോൻ (48), ഇയാളുടെ മകൻ കെനസ് (18) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരും സുഹൃത്തുക്കളും ചേർന്ന് അഞ്ചാം തീയതി രാത്രി 7:30 മണിയോടുകൂടി ഏറ്റുമാനൂർ കുഴിയാലിപ്പടിക്ക് സമീപമുള്ള ഷാപ്പിൽ വച്ച് ജീവനക്കാരനെ ചീത്തവിളിക്കുകയും, ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇവർ കള്ളുകുടിച്ചതിന്റെ പണം ജീവനക്കാരൻ ചോദിച്ചതിനെ തുടർന്ന് ഇവർ സംഘം ചേർന്ന് ഷാപ്പിനുള്ളിൽ ഉണ്ടായിരുന്ന കള്ളുകുപ്പികളും, പാത്രങ്ങളും നിലത്തെറിഞ്ഞ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ജീവനക്കാരനെ ചീത്ത വിളിക്കുകയും തുടർന്ന് കള്ള് സൂക്ഷിച്ചിരുന്ന മുറിയിൽ കയറി അവിടെനിന്ന് കള്ള് നിറച്ചുവച്ചിരുന്ന കുപ്പികൾ എടുത്തുകൊണ്ട് കടന്നുകളയുകയുമായിരുന്നു.
പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരിച്ചിലിൽ ഇരുവരെയും പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.ഐ സൈജു, സുനിൽകുമാർ, എ.എസ്. ഐ സജി, സി.പി.ഓ മാരായ ഡെന്നി, അനീഷ് വി.കെ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവർക്കും ഗാന്ധിനഗർ സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
0 Comments