മേലുകാവ് കാഞ്ഞിരം കവലയിൽ നിയന്ത്രണം വിട്ട കെ എസ് ആർ ടി സി ബസ് ക്രെയിനിലിടിച്ച സംഭവത്തിൽ ക്രെയിൻ ഡ്രൈവറെ പ്രതിയാക്കി പൊലീസ് കേസ്... !! മേലുകാവ് പൊലീസിനെതിരെ ജില്ലാ പൊലീസ് മേധാവിക്കു പരാതി.
നിയന്ത്രണം വിട്ട കെ എസ് ആർ ടി സി ബസ് ക്രെയിനിൽ ഇടിച്ച് അപകടമുണ്ടാക്കിയിട്ടും പോലീസ് ക്രെയിൻ ഡ്രൈവരെ പ്രതിയാക്കി കേസെടുത്തതായി പരാതി.
ഇതു സംബന്ധിച്ച് മേലുകാവ് പോലീസിനെതിരെ ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകിയതായി ക്രെയിൻ ഉടമ വിപിൻ ശശി, ക്രെയിൻ ഡ്രൈവർ വെള്ളികുളം വലിയമംഗലം മനോജ് സെബാസ്റ്റ്യൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇക്കഴിഞ്ഞ ജനുവരി 19നാണ് പരാതിക്കടിസ്ഥാനമായ സംഭവം. മുട്ടം - ഈരാറ്റുപേട്ട റോഡിൽ ക്രെയിനുമായി വരുമ്പോൾ മേലുകാവ് കാത്തിരംകവല ഭാഗത്ത് വച്ച് അമിത വേഗതയിലും അശ്രദ്ധമായും വരുന്നതു കണ്ട് നിർത്തിയിട്ട ക്രെയിനിൽ രണ്ടു കാറുകളെ മറികടന്നു വന്ന ബസ് ഇടിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. അപകടത്തിൽ പരുക്കേറ്റ ഡ്രൈവർ മനോജ് തൊടുപുഴ ജില്ലാ സഹകരണ ആശുപത്രിയിൽ ചികിത്സയിലുമായിരുന്നു. കെ എസ് ആർ ടി സി യുടെ സ്വാധീനത്തിനു വഴങ്ങിയാണ് പോലീസ് കേസ് തനിക്കെതിരെ എടുത്തതെന്നും മനോജിൻ്റെ പരാതിയിൽ തുടരുന്നു. അതേ സമയം മേലുകാവ് പൊലിസ് തയ്യാറാക്കിയ എഫ് ഐ ആറിലും നിയന്ത്രണം നഷ്ടമായ ബസ് ക്രെയിനിൽ ഇടിക്കുകയായിരുന്നുവെന്നുവെന്ന് പറയുന്നുണ്ട്.
സംഭവത്തിനു ദൃക്സാക്ഷികളായവരോട് പൊലീസ് മൊഴി എടുത്തെങ്കിലും പിന്നീട് മറ്റൊരാളെ സാക്ഷിയാക്കുകയാരുന്നുവെന്നും പോലീസ് മൊഴി രേഖപ്പെടുത്തിയ ദൃക്സാക്ഷി ജോസഫ് മാത്യു പറഞ്ഞു. അപകടത്തിനിടയാക്കിയ ബസ് മേലുകാവ് പോലീസ് സ്റ്റേഷനു സമീപം അലക്ഷ്യമായി പാർക്കു ചെയ്തതിനെത്തുടർന്നു ബസ്സിൽ കാറ് പാഞ്ഞുകയറി അപകടം ഉണ്ടാകുകയും ചെയ്തതായി പരാതിക്കാർ ചൂണ്ടിക്കാട്ടി. സംഭവത്തെക്കുറിച്ച് ശരിയായ രീതിയിൽ അന്വേഷണം നടത്തി നിയമാനുസൃത നടപടികൾ സ്വീകരിക്കണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു. അപ്പുക്കുട്ടൻ, പി ജെ ജോസഫ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
0 Comments