സുനില്‍ പാലാ
കോട്ടയം കളക്ടറുടെ മേശപ്പുറത്ത് അലങ്കാരമായി ഇനി അനുഗ്രഹ് എന്ന കൊച്ചുമിടുക്കിയുടെ കരവിരുതിരിക്കും. കളക്ടര്‍ വി. വിഗ്നേശ്വരി തന്നെയാണ് ഫേസ്ബുക്കില്‍ ഈ അറിയിപ്പിട്ടത്.
പാലാ പന്തത്തല കളരിക്കല്‍ ശ്രീകുമാറിന്റെയും ആശയുടെയും ഇളയമകളായ അനുഗ്രഹ് പാലാ കര്‍മ്മല്‍ പബ്ലിക് സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
കഴിഞ്ഞ ദിവസം ശുചിത്വമിഷന്‍ സംഘടിപ്പിച്ച ജില്ലാ മത്സരത്തില്‍ കളക്ടറില്‍ നിന്ന് സമ്മാനമേറ്റുവാങ്ങാന്‍ എത്തിയപ്പോഴാണ് അനുഗ്രഹ് താന്‍ നിര്‍മ്മിച്ച കൊച്ചുകൗതുക വസ്തു കളക്ടര്‍ക്ക് സമ്മാനിച്ചത്. ചിരട്ടയും പിസ്തയുടെ തൊണ്ടും ചേര്‍ത്ത് നിര്‍മ്മിച്ച കുഞ്ഞുടുപ്പിന്റെ മാതൃകയിലുള്ള അലങ്കാര വസ്തുവാണ് അനുഗ്രഹ് കളക്ടര്‍ക്ക് സമ്മാനിച്ചത്.
അനുഗ്രഹിന്റെ സമ്മാനത്തെപ്പറ്റി കളക്ടര്‍ ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു; ''അനുഗ്രഹ് എസ്. കളരിക്കല്‍ എന്ന ഒരു കൊച്ചുമിടുക്കി എനിക്കൊരു വലിയ സമ്മാനം തന്നു. ചിരട്ട, പിസ്തയുടെ തൊണ്ട് എന്നിവ കൊണ്ട് നിര്‍മിച്ച കുഞ്ഞുടുപ്പിന്റെ മാതൃകയിലുള്ള ഭംഗിയേറിയ അലങ്കാരവസ്തു. എന്റെ മേശയെ ഇതിനി അലങ്കരിക്കും.
നമ്മള്‍ പാഴ്വസ്തുക്കളെന്ന് കരുതുന്നവയെല്ലാം പാഴല്ലെന്നും കരവിരുതില്‍ മനംമയക്കും വസ്തുക്കളാക്കി മാറ്റാമെന്നും മനസിലാക്കി തരുന്നതാണ് എനിക്കു ലഭിച്ച സമ്മാനം. എല്ലാ കുട്ടികള്‍ക്കും ഈ മാതൃക അനുകരിക്കാവുന്നതാണ്. അനുഗ്രഹിനും കുടുംബത്തിനും ഹൃദ്യമായ ആശംസകള്‍''... കളക്ടര്‍ വിഗ്നേശ്വരി കുറിച്ചു.
മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി ശുചിത്വ മിഷന്‍ സംഘടിപ്പിച്ച 'ഈ ഓണം വരുംതലമുറയ്ക്ക്' എന്ന വിഷയത്തിലുള്ള ആശംസ കാര്‍ഡ് ജില്ലാതല മത്സരത്തില്‍ യു.പി. സ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടിയപ്പോഴാണ് ജില്ലാ കളക്ടറില്‍ നിന്നും സമ്മാനം വാങ്ങാന്‍ അനുഗ്രഹിന് അവസരം ലഭിച്ചത്.
പ്രകൃതിദത്ത വസ്തുക്കള്‍ക്കൊണ്ട് അലങ്കാരവസ്തുക്കള്‍ നിര്‍മിക്കുന്നതിനോടൊപ്പം ബോട്ടില്‍ ആര്‍ട്ട്, സംഗീതം, നീന്തല്‍ എന്നിവയിലും അനുഗ്രഹ് കഴിവു തെളിയിച്ചിട്ടുണ്ട്. ശ്രീകുമാര്‍ - ആശാ ദമ്പതികളുടെ ഇളയ മകളാണ്. മാതാപിതാക്കളും സഹോദരങ്ങളായ അണിമയും അക്ഷയ്ശ്രീയും അനുഗ്രഹിന്റെ കലാപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയുമേകുന്നു.
0 Comments