ഞായറാഴ്ച നടക്കുന്ന രാമപുരം സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ അക്രമങ്ങളും അനിഷ്ടസംഭവങ്ങളും ഒഴിവാക്കുന്നതിനായി ആവശ്യമായ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്താന്‍ കോടതി നിര്‍ദ്ദേശിച്ചതായി യു.ഡി.എഫ്. നേതാക്കള്‍ പാലായില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇതോടൊപ്പം പോളിംഗ് ബൂത്തുകളും പരിസരങ്ങളും വോട്ടെടുപ്പ് നടപടിക്രമങ്ങളും പോളിംഗ് പ്രദേശവും പൂര്‍ണ്ണമായും വീഡിയോയില്‍ പകര്‍ത്താനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വീഡിയോ ഇവിടെ കാണാം👇👇👇
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബാങ്ക് നല്‍കിയ വോട്ടേഴ്‌സ് ലിസ്റ്റില്‍ കൃത്രിമം നടത്തുകയും 276 പേരെ അനധികൃതമായി ഉള്‍പ്പെടുത്തുകയും യഥാര്‍ത്ഥ വോട്ടര്‍മാരായ 103 പേരെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നതായി യു.ഡി.എഫ്. പരാതിപ്പെട്ടിരുന്നു.
എന്നാല്‍ ഈ 103 പേരെ വോട്ട് ചെയ്യിപ്പിക്കുന്നതിനും വോട്ട് എണ്ണി കോടതിയെ അറിയിക്കുന്നതിനും അഡ്മിനിസ്‌ട്രേറ്റര്‍ ചേര്‍ത്ത 276 പേരുടെ വോട്ടുകള്‍ പ്രത്യേകം പെട്ടിയിലിട്ട് സീല്‍ ചെയ്ത് സൂക്ഷിക്കാനും കോടതി ഉത്തരവിട്ടതായി യു.ഡി.എഫ്. നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇലക്ഷന്‍ അട്ടിമറിക്കുന്നതിനുവേണ്ടി വോട്ടേഴ്‌സ് ലിസ്റ്റില്‍ കൃത്രിമം നടത്തുകയും നിലവിലുള്ള ബോര്‍ഡ് മെമ്പറിന്റെ പേരുള്‍പ്പെടെ നോമിനേഷന്‍ തള്ളുകയും നിക്ഷേപക വിഭാഗത്തില്‍ മത്സരിച്ച സഹകരണ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശപത്രിക സ്വീകരിക്കുകയും ചെയ്തത് ക്രമവിരുദ്ധമായ നടപടിയാണെന്നും ഇത് ഇലക്ഷന്‍ അട്ടിമറിക്കാനാണെന്നും യു.ഡി.എഫ്. നേതാക്കള്‍ ആരോപിക്കുന്നു.
പത്രസമ്മേളനത്തില്‍ യു.ഡി.എഫ്. നേതാക്കളായ രാമപുരം സി.റ്റി. രാജന്‍, തോമസ് ഉഴുന്നാലില്‍, വി.എ. ജോസ് എന്നിവര്‍ പങ്കെടുത്തു.
0 Comments