ആപ്തവാക്യം അന്വര്‍ത്ഥമാക്കി പാലാ അല്‍ഫോന്‍സ കോളേജ് അറുപതാം വര്‍ഷത്തിലേക്ക്. പരിപൂര്‍ണ്ണയും പര്യാപ്തയുമായ വനിതയെ രൂപപ്പെടുത്തുക എന്ന കുലീന ദൗത്യം അതിന്റെ പൂര്‍ണ്ണതയില്‍ പാലിച്ചു പോരുന്നതിന്റെ ചാരിതാര്‍ത്ഥ്യത്തോടെയാണ് അല്‍ഫോന്‍സിയന്‍ സമൂഹം പ്രിയ കലാലയത്തിന്റെ ജൂബിലിയെ വരവേല്‍ക്കുന്നത്.
അറുപത് വര്‍ഷം മുന്‍പ് ഒരു വനിതാ കോളേജ് എന്ന ആശയം ഏറെ വെല്ലുവിളികളെ അതിജീവിച്ച് മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ തിരുമേനി മുന്നോട്ടു വയ്ക്കുമ്പോള്‍ ലോകം നേരിടാനിടയുള്ള വെല്ലുവിളികള്‍ക്ക് ക്രിയാത്മകമായ ഉത്തരം നല്കാന്‍ കഴിയുന്ന അനേകായിരം വനിതകളെയും അദ്ദേഹം സ്വപ്നം കണ്ടിരിന്നിരിക്കാം. ക്രാന്തദര്‍ശിയായ തങ്ങളുടെ വിലയ പിതാവിന്റെ സ്വപ്നങ്ങള്‍ക്ക് മഴവില്‍ വര്‍ണ്ണങ്ങള്‍ ചാര്‍ത്തുന്നു കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി അല്‍ഫോന്‍സയുടെ പടിയേറിയ വനിതകള്‍.
ജീവിതത്തിനായി കൊളുത്തിവയ്ക്കപ്പെട്ട ദീപം എന്നത് അല്‍ഫോന്‍സാ കോളേജിനെ സംബന്ധിച്ച് ഒരു ആപ്തവാക്യത്തേക്കാളുപരി ഒരു ജീവിതചര്യയാണ് എന്നതിന് അറുപത് വര്‍ഷക്കാലമായി നാടിനും സമൂഹത്തിനും ഈ കലാലയം നല്കിക്കൊണ്ടിരിക്കുന്ന സംഭാവനകള്‍ സാക്ഷ്യം നല്കുന്നു. അക്കാദമിക ,കലാകായിക സാമൂഹിക രാഷ്ട്രീയ മേഖലകളിലെ മികവിന്റെ പകരം വയ്ക്കാനില്ലാത്ത അടയാളമായി അല്‍ഫോന്‍സ കോളേജ് മാറിയതിനു പിന്നില്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങളോടുള്ള വിശ്വസ്തതയും വിദ്യാര്‍ത്ഥി സമൂഹത്തോട് പുലര്‍ത്തുന്ന ഉത്തരവദിത്വവും ആണെന്ന് നിസംശയം പറയാം.
1964ല്‍ 400 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച ഈ കലാലയത്തില്‍ ഇന്ന് പതിമൂന്ന് ബിരുദ കോഴ്‌സുകളിലും ഏഴ് ബിരുദാനന്തര കോഴ്‌സുകളിലുമായി 2000-ല്‍പരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജേക്കബ് മുരിക്കന്‍ എന്നിവരുടെ പൈതൃക പരിപാലനയില്‍ വളര്‍ന്ന ഈ കലാലയത്തെ ഏറിയ കാലവും നയിച്ചിട്ടുള്ളത് അല്‍ഫോന്‍സായുടെ തന്നെ മക്കളാണ് എന്നതും ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുള്ളവരും ഇപ്പോള്‍ സേവനം ചെയ്യുന്നവരുമായ അധ്യാപകരില്‍ ഭൂരിഭാഗവും അല്‍ഫോന്‍സിയന്‍സ് ആണ് എന്നതും ജൂബിലി വര്‍ഷത്തെ കൂടുതല്‍ മധുരിതമാക്കുന്നു.
സാമൂഹിക ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഒരു അല്‍ഫോന്‍സിയന്‍ സാന്നിധ്യം കണ്ടെത്താനാവും എന്നത് ഏറെ അഭിമാനാര്‍ഹമായ നേട്ടമാണ്. ഷൈനി വിത്സണ്‍, പ്രീജാ ശ്രീ ധരന്‍, സിനി ജോസ് എന്നിവരിലൂടെ മൂന്ന് ഒളിമ്പ്യരെയും ഷൈനി, പ്രീജാ, പത്മിനി തോമസ് എന്നിവരിലൂടെ മൂന്ന് അര്‍ജുന അവാര്‍ഡ് ജേതാക്കളെയും രാജ്യത്തിന് സമ്മാനിക്കാന്‍ കഴിഞ്ഞ ഏക കലാലയമെന്ന അഭിമാനം അല്‍ഫോന്‍സയ്ക്കുമാത്രം സ്വന്തമാണ്. സുമി, സൗമി, സോണി, സോമി എന്നിങ്ങനെ ജലറാണികളും കേരളത്തിന്റെ സുവര്‍ണ്ണകുമാരി കെ.എം. സെലിന്‍, സിനി ജോസ്, രശ്മി ബോസ്, പ്രസീത പ്രസന്നന്‍, കെ.എസ്. ബിജിമോള്‍, ആര്‍. ശ്രീകല, ആശ സെ ബാസ്റ്റ്യന്‍ എന്നിവരും ഉള്‍പ്പെടുന്ന അല്‍ഫോന്‍സിയന്‍ കായിക നിര രാജ്യത്തിന്റെ കായിക മേഖലക്ക് നല്ല കുന്ന സംഭാവന പ്രശംസാവഹമാണ്. നിസ്തുലമായ ഈ നേട്ടങ്ങള്‍ക്ക് മികച്ച സംഭാവനകള്‍ക്കുള്ള കേരള സര്‍ക്കാരിന്റെ ജി.വി.രാജ അവാര്‍ഡ് കോളേജിനെ തേടിയെത്തിയത് ജൂബിലിയെ കൂടുതല്‍ വര്‍ണ്ണാഭമാക്കുന്നു.
കലയിലും സാഹിത്യത്തിലും കായികമേഖലയിലെന്ന പോലെ അല്‍ഫോന്‍ സയുടെ മിടുക്കികളുണ്ട്. ആഷാ ജയിംസ് ഐഎഎസ്, ആനീസ് മാത്യു ഐഎഎസ്, സുനിത ജേക്കബ് ഐഎഎസ്, സി.എച്ച്. ഹണി ഐഎഎസ്, ബി. സന്ധ്യ ഐ പി സ് എന്നിങ്ങനെ നീളുന്ന ഭരണത്തലപ്പത്തെ അല്‍ഫോന്‍സിയന്‍ ടച്ച്. യുവ ശാസ്ത്രജ്ഞ ഡോ. ലിജി മോള്‍ ജയിംസ്, ഗായിക റിമി ടോമി, നടി മിയ എ ന്നിങ്ങനെ കലാരംഗത്തെയും ശാസ്ത്രലോകത്തെയും സജീവ സാന്നിധ്യ നിര നീളുന്നു.
അക്കാദമിക് മേഖലയിലും മിന്നുന്ന വിജയം
അക്കാദമിക് മേഖലയിലെ അല്‍ഫോന്‍സ കോളേജിന്റെ പകരം വയ്ക്കാനില്ലാത്ത മികവിന് ഇക്കുറിയും കേരളം സാക്ഷ്യം വഹിച്ചു. ഇകഴിഞ്ഞ എം ജി യൂണിവേഴ്സിറ്റി ഡിഗ്രി പരീക്ഷയില്‍36 റാങ്കുകളും 99 എ പ്ലസ് ഗ്രേഡുകളും 110 എ ഗ്രേഡുകളും ഡയമണ്ട് ജൂബിലി വര്‍ഷത്തെ വജ്രശോഭിതമാക്കി അല്‍ഫോന്‍സയുടെ മിടുക്കികള്‍.
സാമൂഹിക പ്രതിബദ്ധതയുള്ള, കാലാനുസൃതമായ മാറ്റങ്ങളിലേക്ക് സമൂഹത്തെ നയിക്കാന്‍ പ്രാപ്തിയുള്ള ഒരു യുവ തലമുറയെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തെ മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കുന്ന ഒരു ഉന്നത വിദ്യാഭാസ സ്ഥാപനം എന്ന നിലയില്‍, സാമൂഹിക-വ്യക്തി ജീവിതത്തിന്റെ നാനാവിധ തലങ്ങളിലും തനതായ ഒരു മുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞു എന്നത് കോളേജിന്റെ വജ്ര ശോഭയെ കൂടുതല്‍ തെളിവുള്ളതാക്കുന്നു . സാമൂഹികവും സാമ്പത്തികവും ലിംഗപരവുമായ അസമത്വങ്ങള്‍ നിലനിന്നിരുന്ന , പുതിയ ഭാവങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന, ഇന്നിന്റെ സാമൂഹിക അന്തരീക്ഷത്തിന് ക്രൈസ്തവ മൂല്യങ്ങളില്‍ അടിസ്ഥാനമുറപ്പിക്കുന്ന വിശ്വമാനവികതയുടെ പുതിയ ഭാഷ പരിചയപ്പെടുത്തുന്നതില്‍ ഈ കലാലയം വഹിക്കുന്ന പങ്ക് നിസ്സാരമല്ല.
ഗാന്ധിയന്‍ പഠന കേന്ദ്രം, എന്‍.സി.സി, എന്‍.എസ്.എസ്, ഉന്നത് ഭാരത് അഭിയാന്‍, യൂത്ത് റെഡ് ക്രോസ്, ജീസസ് യൂത്ത്, സി.എസ്.എം. എന്നിങ്ങനെ വിവിധങ്ങളായ യുവജന സംഘടനകള്‍ ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജൂബിലി വര്‍ഷത്തില്‍ ഭവന രഹിതര്‍ക്കായ് 60 വീടുകളാണ് കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വീട് പുതുക്കിപ്പണിയുന്നതിനും മറ്റുമുള്ള സാമ്പത്തിക സഹായം റെഡ് ക്രോസ് വര്‍ഷം തോറും നല്കി വരുന്നു. പിന്നാക്കാവസ്ഥയിലുള്ള പ്രദേശങ്ങളെ ദത്ത് ഗ്രാമങ്ങളായി സ്വീകരിച്ച് അവരുടെ സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന യുബിഎ, സാമ്പത്തിക പരാധീനതകള്‍ അനുഭവിക്കുന്നവര്‍ക്ക് വിദ്യാഭ്യാസ-ചികിത്സാ സഹായം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന എന്‍.സി.സി,ചാരിറ്റി സെല്‍, ഗാന്ധിയന്‍ പഠന കേന്ദ്രത്തിന്റെ മേല്‍നോട്ടത്തിലുള്ള ജയില്‍ മിനിസ്ട്രി, വര്‍ഷത്തില്‍ പലപ്പോഴായി നടത്തപ്പെടുന്ന രക്തദാന ക്യാമ്പുകള്‍, സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍, ദുരന്ത നിവാരണ,ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഇവയെല്ലാം അല്‍ഫോന്‍സയുടെ സാമൂഹിക പ്രതിബന്ധതയുടെ ഒളിമങ്ങാത്ത അടയാളങ്ങളാണ്.
ജീവിതത്തിനായ് കൊളുത്തി വയ്ക്കപ്പെട്ട ദീപം എന്ന ആപ്തവാക്യം അന്വര്‍ത്ഥമാക്കി, ലക്ഷക്കണക്കിന് ജീവിതങ്ങള്‍ക്ക് പ്രകാശമായി നിന്നുകൊണ്ട് അല്‍ഫോന്‍സ പ്രകാശിതമായ അറുപത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ കൂടുതല്‍ ക്രിയാത്മകമായ പുത്തന്‍ വഴിത്താരകളെ സ്വപനം കാണുന്നു ഓരോ അല്‍ഫോന്‍സിയനും. ഇനിയുമുണ്ടേറെ നേടാനും നല്കാനും വളരാനും വളര്‍ത്താനും .
സെപ്റ്റംബര്‍ 5 ന് കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിക്കും. കോളേജ് മാനേജര്‍ മോണ്‍ ഡോ. ജോസഫ് തടത്തില്‍ അധ്യക്ഷത വഹിക്കും. കോളജ് പ്രിന്‍സിപ്പാള്‍ ഡോ. ഷാജി ജോണ്‍, ബര്‍സാര്‍ ഡോ.ജോസ് ജോസഫ്, അധ്യാപക അനധ്യാപക വിദ്യാര്‍ത്ഥി പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
0 Comments