ട്രാന്‍സ്ജെന്‍ഡേഴ്സിനൊപ്പം ഓണം ആഘോഷിച്ച് നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി. ഓണാഘോഷത്തില്‍ പങ്കെടുത്ത മുഴുവന്‍ വ്യക്തികള്‍ക്കും അദ്ദേഹം ഓണക്കോടി സമ്മാനിക്കുകയും ചെയ്തു. കൂടാതെ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് മുന്നില്‍ തലകുനിച്ച് അനുഗ്രഹം തേടുകയും ചെയ്തു.
മുംബൈ ആസ്ഥാനമായ പ്രതീക്ഷ ഫൗണ്ടേഷന്റേയും നിലാ ചാരിറ്റബിള്‍ സൊസൈറ്റിയുടേയും ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ട്രാന്‍സ് വ്യക്തികള്‍ക്ക് ഓണസദ്യ വിളമ്പി നല്‍കുകയും ചെയ്തു. താന്‍ ആദ്യമായാണ് ഇവരുമായി ഇത്രയും ചേര്‍ന്ന് നില്‍ക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു.
'എന്റെ ഗുരു എനിക്ക് പറഞ്ഞ് തന്നതാണ് ഞാന്‍ ഇവിടെ ചെയ്തത്. ഇതാദ്യമായാണ് ഇവരുമായി ഇത്രയും ചേര്‍ന്ന് നില്‍ക്കുന്നതും ചേര്‍ത്തു പിടിക്കുന്നതും. ഇവരുടെ കൈകളിലേക്ക് സന്തോഷം പകര്‍ത്തുന്നതിന് വേണ്ടി എന്താണ് ഇവരുടെ ഹൃദയത്തിലേക്ക് പകര്‍ന്നു നല്‍കാന്‍ പറ്റുക. അവരുടെ പാദം തൊട്ട് നമസ്‌കരിച്ചതും അതുകൊണ്ടാണ്. എല്ലാവര്‍ക്കും ഇവിടെ തുല്യത വേണം. അവിടെ ജാതി, മതം ഒന്നും ഇടകലര്‍ത്തരുത്. ആ തത്വം ഇവിടെ ആഘോഷിക്കപ്പെടുകയാണ്.''സുരേഷ് ഗോപി പറഞ്ഞു.
ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടിയുളള എല്ലാ സഹായവും നല്‍കുമെന്ന് തൃശൂര്‍ കൗസ്തുഭം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സുരേഷ് ഗോപി പറഞ്ഞു. സിവില്‍ സര്‍വീസ് സ്വപ്നം കാണുന്ന അഭിരാമി എന്ന വിദ്യാര്‍ഥിക്ക് അതിന്റെ പഠനത്തിനായുളള സഹായവും സുരേഷ്‌ഗോപി പ്രഖ്യാപിച്ചു.
0 Comments