റവന്യുവകുപ്പ് പാലാ സബ് രജിസ്ട്രാര്‍ ഓഫീസിലേക്ക് എത്തേണ്ട ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും കൊടുത്തത് എട്ടിന്റെ പണി. സബ് രജിസ്ട്രാര്‍ ഓഫീസിലേക്കുള്ള കവാടം അടച്ചും രജിസ്ട്രാര്‍ ഓഫീസിന്റെ പൂമുഖത്തുമെല്ലാം പിടിച്ചെടുത്ത വാഹനങ്ങള്‍ തള്ളിയായിരുന്നു പൊതുജനങ്ങള്‍ക്കുള്ള റവന്യുവകുപ്പിന്റെ ''ശിക്ഷ''.
കഴിഞ്ഞ ദിവസം മൂന്നിലവില്‍ നിന്നും പാറക്കല്ലുകള്‍ അനധികൃതമായി കൊണ്ടുപോയതിന്റെ പേരില്‍ എട്ട് ടിപ്പറുകളാണ് മീനച്ചില്‍ അഡീഷണല്‍ തഹസില്‍ദാര്‍ സുനിലിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടിച്ചെടുത്തത്. ഈ വാഹനങ്ങള്‍ പാലാ സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ സബ് രജിസ്ട്രാര്‍ ഓഫീസിന് മുന്നിലുള്ള വീതി കുറഞ്ഞ സ്ഥലത്ത് കൊണ്ടുവന്നിടുകയായിരുന്നു.
ഇതുമൂലം ജീവനക്കാര്‍ക്കും സബ് രജിസ്ട്രാര്‍ ഓഫീസിലേക്കെത്തിയ നിരവധി പൊതുജനങ്ങള്‍ക്കും ഏറെ ബുദ്ധിമുട്ടായി. അടുത്തയാഴ്ച ഓഫീസ് അവധിയായതിനാല്‍ ശനിയാഴ്ച സബ് രജിസ്ട്രാര്‍ ഓഫീസില്‍ പതിവിലും അധികം ജനത്തിരക്കുമുണ്ടായിരുന്നു. ഇവര്‍ക്കെല്ലാം കൂനിന്‍മേല്‍ കുരുവായി വാഹനങ്ങളുടെ ഈ പാര്‍ക്കിംഗ് തടസ്സം. ചെറിയൊരു വഴിയുണ്ടായിരുന്നിടത്താകട്ടെ റവന്യു റിക്കവറി തഹസില്‍ദാരുടെ ജീപ്പിട്ട് അവിടവും അടച്ചു. ഇതോടെ സബ് രജിസ്ട്രാര്‍ ഓഫീസിലേക്കെത്തിയ ജനങ്ങള്‍ക്ക് ഇരട്ടി ദുരിതമായി.
സിവില്‍ സ്റ്റേഷന്റെ പിറകുഭാഗത്തുള്ള ഇടുങ്ങിയ സ്ഥലത്താണ് ലോറികള്‍ കൂട്ടത്തോടെ കൊണ്ടുവന്നിട്ടത്. തങ്ങളുടെ അധീനതയിലുള്ള സ്ഥലത്താണ് വാഹനങ്ങളിട്ടതെന്നായിരുന്നു മീനച്ചില്‍ താലൂക്ക് ഓഫീസ് അധികാരികളുടെ നിലപാട്. മീനച്ചില്‍ തഹസില്‍ദാര്‍ ജോസുകുട്ടി അവധിയിലാണ്. മറ്റൊരു വനിതാ ജീവനക്കാരിക്കാണ് തഹസില്‍ദാരുടെ അധികചുമതല. ഇതെല്ലാം മറികടന്നുകൊണ്ടാണ് ഒരു അഡീഷണല്‍ തഹസില്‍ദാരുടെ നിര്‍ദ്ദേശപ്രകാരം ലോറികളെല്ലാം ഇടുങ്ങിയ സ്ഥലത്ത് കൊണ്ടുവന്നിട്ടത് എന്നാണാരോപണം.
വൃദ്ധരെ എടുത്തുകൊണ്ടുപോകേണ്ട ഗതികേടും കണ്ടു.
റവന്യു അധികാരികള്‍ പിടിച്ചെടുത്ത ലോറികള്‍ കൂട്ടത്തോടെ സബ് രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ തള്ളിയതോടെ ആധാരം രജിസ്റ്റര്‍ ചെയ്യാനും മറ്റുമായി എത്തിയ വൃദ്ധജനങ്ങളാണ് ഏറെ കഷ്ടപ്പെട്ടത്. 98 വയസ്സുള്ള ഒരു മുത്തശ്ശിയേയും ഒരു 75 കാരനെയും വാഹനങ്ങള്‍ക്കിടയിലൂടെ വീല്‍ചെയറില്‍ ഏറെ ബദ്ധപ്പെട്ടാണ് സബ് രജിസ്ട്രാര്‍ ഓഫീസില്‍ എത്തിച്ചത്. ഇതൊന്നും കാണാന്‍ പക്ഷേ തൊട്ടടുത്തുള്ള റവന്യു ഉദ്യോഗസ്ഥര്‍ക്ക് ''കാഴ്ച''യുമുണ്ടായില്ല.
0 Comments