കരൂര്‍ ഗ്രാമപഞ്ചായത്തിലെ പയപ്പാര്‍ കവറുമുണ്ട-ചീമ്പനാല്‍-ചെക്ക്ഡാം റോഡിന്റെ ദുരവസ്ഥ പരിഹരിക്കുന്നതില്‍ അധികൃതര്‍ കാണിക്കുന്ന അവഗണന എത്രയുംവേഗം അവസാനിപ്പിക്കണമെന്ന് പയപ്പാര്‍ ചീമ്പനാല്‍ പൗരസമിതി യോഗം ആവശ്യപ്പെട്ടു.
രണ്ടാഴ്ചയ്ക്കുള്ളില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ ധര്‍ണ്ണ നടത്തുമെന്ന് ചീമ്പനാല്‍ പൗരസമിതി കണ്‍വീനര്‍ സണ്ണി കൂന്താനം അറിയിച്ചു.
കവറുമുണ്ട-ചീമ്പനാല്‍-ചെക്ക്ഡാം റോഡിന്റെ വക്കുകള്‍ പലയിടത്തായി തോട്ടിലേക്ക് ഇടിഞ്ഞുവീണിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സംരക്ഷണഭിത്തി കെട്ടാനോ റോഡിന്റെ സുരക്ഷ ഉറപ്പുവരുത്താനോ പഞ്ചായത്ത് മെമ്പറും കരൂര്‍ പഞ്ചായത്ത് ഭരണസമിതിയും ഒരുനടപടിയും സ്വീകരിച്ചിട്ടില്ല എന്നതാണ് പൗരസമിതിയുടെ പരാതി.
പയപ്പാര്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിന് സമീപം ളാലം തോടിന്റെ സൈഡിലൂടെ ഒരു കിലോമീറ്ററോളം ദൂരമുള്ള കവറുമുണ്ട റോഡ് കരൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡിലാണ് സ്ഥിതി ചെയ്യുന്നത്. 40-ഓളം കുടുംബങ്ങള്‍ ഉപയോഗിക്കുന്ന വഴിയാണിത്. റോഡ് ആകെ തകര്‍ന്നതോടെ സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് യാത്രചെയ്യാന്‍ വളരെയധികം ബുദ്ധിമുട്ടാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
0 Comments