വെള്ളപ്പൊക്കം ഒഴിവാക്കാന്‍ മീനച്ചില്‍ തോട്ടില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.... കുമ്പാനി മുതല്‍ പാലക്കയം വരെ പദ്ധതി വ്യാപിപ്പിക്കും - ജോസ് കെ. മാണി എം.പി.


മീനച്ചിലാറിന്റെ പ്രധാന കൈവഴിയായ മീനച്ചില്‍ തോട്ടിലെ തുടര്‍ച്ചയായുള്ള വെള്ളപ്പൊക്കമൊഴിവാക്കാന്‍ സത്വര നടപടികള്‍ തുടങ്ങി. 

തോട്ടിലെ മാലിന്യങ്ങള്‍ കോരിനീക്കി ആഴംകൂട്ടി ഒഴുക്ക് സുഗമമാക്കാനുള്ള നടപടികളാണ് ആരംഭിച്ചിട്ടുള്ളത്. ഇതിനായി ജോസ് കെ. മാണി എം.പി.യുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങളാണ് ഫലംകണ്ടത്.

ആദ്യഘട്ടമായി കുറ്റില്ലാം മുതല്‍ കടയം സ്‌കൂള്‍ വരെയുള്ള ഭാഗത്താണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. തോട്ടില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മണ്‍തിട്ടകള്‍ നീക്കുകയും വീണുകിടക്കുന്ന വലിയ മരങ്ങള്‍ നീക്കം ചെയ്യുകയുമാണ് ആദ്യഘട്ടത്തില്‍ ആരംഭിച്ചിരിക്കുന്നത്.

വെള്ളപ്പൊക്ക സമയത്ത് ഈ ഭാഗത്തുള്ള നിരവധി വീടുകളില്‍ മീനച്ചില്‍ തോട്ടില്‍നിന്നുള്ള വെള്ളം കയറാറുണ്ട്. മാത്രമല്ല പുനലൂര്‍ മൂവാറ്റുപുഴ ഹൈവേയുടെ ഭാഗമായ കടയം മുതല്‍ പൂവരണി വരെയുള്ള ഭാഗത്ത് വര്‍ഷത്തില്‍ പലതവണ മീനച്ചില്‍ തോട് കരകവിഞ്ഞ് ഗതാഗതം തടസ്സപ്പെടാറുമുണ്ട്. 



മണ്ണും ചെളിയുംമറ്റും അടിഞ്ഞുകൂടി തോടിന്റെ പലഭാഗത്തും മണ്‍തിട്ടകള്‍ രൂപപ്പെട്ടതും ഇതുമൂലം തോടിന്റെ ആഴം കുറഞ്ഞതും തോട് കരകവിയാന്‍ പ്രധാന കാരണമായിരുന്നു. ശബരിമല റൂട്ടിലെ പ്രധാന പാതകൂടിയായ ഈ ഭാഗത്ത് റോഡിലെ വെള്ളക്കെട്ടും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.

കഴിഞ്ഞ ദിവസം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വീക്ഷിക്കാന്‍ ജോസ് കെ. മാണി എം.പി. സ്ഥലത്തെത്തിയിരുന്നു. കുമ്പാനി മുതല്‍ പാലാക്കയം വരെയുള്ള ഭാഗത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് നാട്ടുകാര്‍ എം.പി.യോട് ആവശ്യപ്പെട്ടു. എത്രയുംവേഗം ഇക്കാര്യത്തില്‍ പരിഹാരമുണ്ടാക്കുമെന്ന് ജോസ് കെ. മാണി പരാതിക്കാര്‍ക്ക് ഉറപ്പുനല്‍കി. 



ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റൂബി ജോസ്, ടോബിന്‍ കെ. അലക്‌സ്, രണ്‍ദീപ് ജി. മീനാഭവന്‍, സതീഷ് വളയത്തില്‍, സിബി ഓടയ്ക്കല്‍, സുമോദ് എസ്. വളയത്തില്‍, സന്തോഷ് ചിറമുഖത്ത്, വിനയകുമാര്‍ മാനസ, മാത്തുക്കുട്ടി ചേന്നാട്ട്, അര്‍ജുന്‍ കൊമ്പനാല്‍ എന്നിവരും ജോസ് കെ. മാണിയോടൊപ്പമുണ്ടായിരുന്നു.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments