ഇടപ്പാടി ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളിന്റെ പരിസരത്ത് നില്‍ക്കുന്ന ആറ് മരങ്ങള്‍ അപകടഭീഷണിയിലെന്ന് സ്‌കൂള്‍ അധികൃതര്‍.... ഈ മരങ്ങള്‍ കൂട്ടത്തോടെ മുറിക്കേണ്ട ആവശ്യമില്ലെന്നാണ് നാട്ടുകാരില്‍ ചിലര്‍....




ഇടപ്പാടി ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളിന്റെ പരിസരത്ത് നില്‍ക്കുന്ന ആറ് മരങ്ങള്‍ അപകടഭീഷണിയിലെന്ന് സ്‌കൂള്‍ അധികൃതര്‍. 

മരങ്ങള്‍ കൂട്ടത്തോടെ വെട്ടിനീക്കാനുള്ള തീരുമാനവുമായിക്കഴിഞ്ഞു. ഇതിന് വനംവകുപ്പിന്റെയും ഭരണങ്ങാനം പഞ്ചായത്ത് അധികാരികളുടെയും അനുമതി ലഭിച്ചതായും സ്‌കൂള്‍ അധികൃതര്‍ പറയുന്നു. ഇതേ സമയം ഈ മരങ്ങള്‍ കൂട്ടത്തോടെ മുറിക്കേണ്ട ആവശ്യമില്ലെന്നാണ് നാട്ടുകാരില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. മരങ്ങളൊന്നടങ്കം മുറിക്കുന്നത് ചില തത്പരകക്ഷികളുടെ ചരടുവലികളുടെ ഭാഗമായിട്ടാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. 



പാലാ വിദ്യാഭ്യാസ ജില്ലയിലെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന എല്‍.പി. സ്‌കൂളാണ് ഇടപ്പാടി ഗവ. എല്‍.പി. സ്‌കൂള്‍. എല്‍.കെ.ജി. മുതല്‍ നാലുവരെ ക്ലാസുകളിലായി അന്‍പതോളം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. പൊതുവിദ്യാലയങ്ങള്‍ക്ക് മാതൃകയാക്കാവുന്ന വിവിധ പഠന-പാഠ്യേതര പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ സ്‌കൂളാണിത്.

സ്‌കൂള്‍ വളപ്പിലും പരിസരത്തുമായി നില്‍ക്കുന്ന ആറ് മരങ്ങള്‍ അപകടഭീഷണിയിലാണെന്ന് ചൂണ്ടിക്കാട്ടി സ്‌കൂള്‍ പി.ടി.എ.യുമായി ബന്ധപ്പെട്ട ചിലര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ വനംവകുപ്പ് അധികാരികള്‍ക്കും ഭരണങ്ങാനം പഞ്ചായത്ത് അധികാരികള്‍ക്കും ജില്ലാതല വിദ്യാഭ്യാസ അധികാരികള്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ പല മരങ്ങളും സ്‌കൂളിന് തണലേകുന്നതും തണുപ്പേകുന്നതുമാണെന്നും നാട്ടുകാരില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നു. 



സ്‌കൂള്‍ അധികാരികളില്‍ ചിലര്‍ മരങ്ങള്‍ വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ കൊടുത്തതിനെ തുടര്‍ന്ന് വനംവകുപ്പ് അധികാരികള്‍ സ്ഥലത്തെത്തി മരങ്ങള്‍ക്ക് വിലയിട്ടിരുന്നു. എന്നാല്‍ ഇത് അടിയന്തിരമായി മുറിച്ചുമാറ്റേണ്ടതാണോ എന്ന കാര്യത്തില്‍ വ്യക്തമായ നിര്‍ദ്ദേശം കൊടുക്കാന്‍ വനംവകുപ്പ് അധികാരികള്‍ക്ക് കഴിഞ്ഞില്ല. മരങ്ങള്‍ മുറിച്ചില്ലെങ്കിലുണ്ടാകുന്ന ''റിസ്‌ക്'' ഏറ്റെടുക്കാന്‍ വിദ്യാഭ്യാസ അധികാരികളും ഭരണങ്ങാനം പഞ്ചായത്ത് അധികാരികളും തന്റേടം കാട്ടാതെ വന്നതോടുകൂടി മരങ്ങളുടെ കടയ്ക്കല്‍ കോടാലി വീഴുമെന്നുറപ്പായിട്ടുണ്ട്. തേക്ക്, പൊങ്ങല്യം, ആഞ്ഞിലി, വാക എന്നീ മരങ്ങളാണ് മുറിച്ചുമാറ്റാന്‍ നീക്കം നടക്കുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നാട്ടുകാരും പൂര്‍വ്വവിദ്യാര്‍ത്ഥികളും മുന്‍ അധ്യാപകരുമൊക്കെ ചേര്‍ന്ന് നട്ടുപരിപാലിച്ച് വളര്‍ത്തി വലുതാക്കിയ മരങ്ങളാണ് നിസാര വിലയ്ക്ക് ലേലം ചെയ്യാന്‍ നീക്കം നടത്തുന്നത് എന്നാണാരോപണം. 




മരങ്ങള്‍ വെട്ടിമാറ്റും; സെപ്റ്റംബര്‍ 5 ന് ലേലം - ഹെഡ്മിസ്ട്രസ്

സ്‌കൂളിന്റെ പരിസരത്ത് കുട്ടികള്‍ക്കും ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ വെട്ടിമാറ്റാന്‍ തീരുമാനിച്ചതായും ഇതിനായുള്ള ലേലം സെപ്റ്റംബര്‍ 5 ന് വൈകിട്ട് 3.30 ന് സ്‌കൂള്‍ ഹാളില്‍ നടത്തുമെന്നും ഹെഡ്മിസ്ട്രസ് ജെസിമോള്‍ ജോര്‍ജ്ജ് അറിയിച്ചു.






 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments