ഭരണങ്ങാനം ഗ്രാമപഞ്ചായത്തില്‍ വ്യത്യസ്തമായി ഓണച്ചന്തയുടെ ഉദ്ഘാടനം... മാലിന്യമില്ലാത്ത ഹരിത ഓണം നിര്‍ബന്ധമാക്കണമെന്ന ലഘുലേഖയുമായി മാവേലി മന്നന്‍ ഭരണങ്ങാനം ടൗണില്‍ പ്രജകളെ കാണാനെത്തി... മാവേലി മന്നനായുള്ള വേഷപ്പകര്‍ച്ചയിലൂടെ ശ്രദ്ധേയയായി അംഗനവാടി അദ്ധ്യാപിക മിനിമോള്‍... രണ്ട്‌ വീഡിയോകള്‍ ഈ വാര്‍ത്തയോടൊപ്പം.



പതിവുവിട്ട് മാവേലിമന്നന് പകരം ഇത്തവണ ഭരണങ്ങാനത്തെത്തിയത് ''മാവേലിമന്നി''...! ഭരണങ്ങാനം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ''മാലിന്യമില്ലാ ഓണം ഹരിത ഓണം'' പദ്ധതിപ്രകാരമുള്ള ഓണച്ചന്തയുടെ ഉദ്ഘാടനവും ബോധവല്‍ക്കരണ പര്യടനവും നടത്താന്‍ മാവേലി മന്നന് പകരം മന്നിയായി വന്നത് അംഗനവാടി അദ്ധ്യാപിക മിനിമോള്‍ സി.എ. 

 

വീഡിയോ ഇവിടെ കാണാം👇👇👇
 


 

മാവേലി മന്നന്റെ വേഷം കെട്ടാന്‍ തനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ലെന്ന് മിനിടീച്ചര്‍ പറഞ്ഞു.

 

 വീഡിയോ ഇവിടെ കാണാം👇👇👇


സ്ത്രീപുരുഷ സമത്വം നിലനില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ കുടുംബശ്രീ പ്രവര്‍ത്തക കൂടിയായ മിനിടീച്ചര്‍ കപ്പടാ മീശയും കിരീടവും വര്‍ണ്ണവസ്ത്രങ്ങളുമൊക്കെ അണിഞ്ഞ് ഓലക്കുടയുമേന്തി മാവേലിയായി മാറിയപ്പോള്‍ എല്ലാവര്‍ക്കുമതിശയമായി. 



രാവിലെ പഞ്ചായത്ത് അങ്കണത്തിലെത്തിയ വനിതാ മാവേലി മന്നനെ പഞ്ചായത്ത് പ്രസിഡന്റ് ലിസി സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്റ് വിനോദ് വേരനാനി, സെക്രട്ടറി ഇന്‍ചാര്‍ജ്ജ് രശ്മി മോഹന്‍, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ സിന്ധു പ്രദീപ്, പഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരെയും വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയവരെയും അനുഗ്രഹിച്ച് നടന്ന മാവേലി മന്നന്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള ഓണച്ചന്തയുടെ ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് ലിസി സെബാസ്റ്റ്യനോടൊപ്പം ചേര്‍ന്ന് നിര്‍വ്വഹിച്ചു. 



ഓണച്ചന്ത ഉദ്ഘാടനത്തിന് ശേഷം പഞ്ചായത്ത് ഭരണാധികാരികള്‍ക്കും ജീവനക്കാര്‍ക്കുമൊപ്പം മാവേലിമന്നി ഭരണങ്ങാനം ടൗണിലെ കടകളില്‍ ബോധവല്‍ക്കരണ സന്ദേശ റാലി നയിച്ചെത്തി. ഓണം ഹരിതചട്ടം പാലിക്കണമെന്നും പായ്ക്കിംഗിനും മറ്റും നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കരുതെന്നും മാലിന്യമുറവിടത്തില്‍തന്നെ ശാസ്ത്രീയമായി സംസ്‌കരിക്കണമെന്നും അജൈവ മാലിന്യം ഹരിതകര്‍മ്മസേനയ്ക്ക് കൈമാറണമെന്നും മറ്റും പ്രിന്റ് ചെയ്ത ലഘുലേഖ മാവേലിമന്നി വ്യാപാരികള്‍ക്ക് വിതരണം ചെയ്തു. 

 

ഭരണങ്ങാനം കുന്നനാകുഴി പതിമൂന്നാം വാര്‍ഡ് അംഗനവാടിയിലെ അദ്ധ്യാപികയായ മിനി ടീച്ചര്‍ കുടുംബത്തിന്റെകൂടി പരിപൂര്‍ണ്ണ പിന്തുണയോടെയാണ് മാവേലിയായി വേഷപ്പകര്‍ച്ച നടത്തിയത്. ഭര്‍ത്താവ് ബിജുവും മക്കളായ സൗമ്യയും സ്വേതയും സ്‌നേഹയും സവ്യയും മിനിടീച്ചറിന്റെ മാവേലിമന്നന് എല്ലാവിധ പ്രോത്സാഹനവുമേകി. ഭരണങ്ങാനം കുന്നനാകുഴി ചാലില്‍കോട്ടയില്‍ കുടുംബാംഗമാണ് മിനി ടീച്ചര്‍.

ഓണച്ചന്ത ഉദ്ഘാടനത്തിനും ബോധവല്‍ക്കരണ സന്ദേശ റാലിക്കും മാവേലി മന്നനൊപ്പം പഞ്ചായത്ത് നേതാക്കളായ ലിസി സെബാസ്റ്റ്യന്‍, വിനോദ് ചെറിയാന്‍ വേരനാനി, മെമ്പര്‍മാര്‍, സെക്രട്ടറി ഇന്‍ചാര്‍ജ്ജ് രശ്മി മോഹന്‍, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ സിന്ധു പ്രദീപ്, ഹെഡ് ക്ലര്‍ക്ക് അനില്‍കുമാര്‍, പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments