ഭരണങ്ങാനം നിറയെ മഞ്ഞവസന്തമാണ്. പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ബന്ദിപ്പൂ കൃഷിയുടെ വിളവെടുപ്പ് വര്‍ണാഭമായി. ഓണത്തിന് ഒരുനാട് മുഴുവന്‍ മഞ്ഞപ്പട്ട് ചാര്‍ത്താനുള്ള പഞ്ചായത്തധികാരികളുടെ ശ്രമം വിജയംകണ്ടു.
എല്ലാവരും വീട്ടുമുറ്റത്തും പരിസരങ്ങളിലും പൂച്ചെടികള്‍ നട്ട് പരിപാലിക്കണമെന്ന ലക്ഷ്യത്തിലേക്കുള്ള ചൂണ്ടുപലകയില്‍ ഓണത്തിന് ആവശ്യമായത്ര പൂക്കള്‍ നാട്ടിലാകെ എത്തിക്കുക എന്ന ഉദ്ദേശ്യവുമാണ് വ്യാപകമായി ബന്ദിപ്പൂകൃഷി നടത്താന്‍ കാരണമെന്ന് ഭരണങ്ങാനം പഞ്ചായത്ത് സെക്രട്ടറി ഇന്‍-ചാര്‍ജ്ജ് രശ്മി മോഹന്‍ പറഞ്ഞു.
ഒന്‍പതാം വാര്‍ഡില്‍ ബൈജു തോണിക്കുഴിയുടെ പുരയിടത്തിലാണ് മൂന്നുമാസം മുമ്പ് 4000-ലധികം ബന്ദിത്തൈകള്‍ നട്ടത്. ഇതില്‍ ഭൂരിപക്ഷം തൈകളും ഇപ്പോള്‍ പൂവിട്ട് മനോഹരമായിക്കഴിഞ്ഞു.
പഞ്ചായത്തിന്റെ പൂ കൃഷിയെക്കുറിച്ച് അറിഞ്ഞു വിളിക്കുന്നവര്‍ക്കെല്ലാം പൂവ് നല്‍കുവാന്‍ കഴിയാത്തതിന്റെ വിഷമത്തിലാണ് പഞ്ചായത്ത് അധികാരികള്‍. തൈ നട്ടതും പരിപാലിച്ചതും വിളവെടുപ്പ് നടത്തിയതും കുടുംബശ്രീയുടെ നേതൃത്വത്തിലാണ്. വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയില്‍ കുടുംബശ്രീക്കാര്‍ തന്നെയാണ് ഇത് വിറ്റഴിക്കുന്നത്. കൃഷിഭവന്‍ അധികാരികളുടെകൂടി സഹായത്തോടെയായിരുന്നു പൂകൃഷി.
ബന്ദിപ്പൂന്തോട്ടത്തിലെ ആദ്യ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മാ സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് വിനോദ് ചെറിയാന്‍ വേരനാനി, മെമ്പര്‍മാരായ ജോസുകുട്ടി അമ്പലമറ്റം, രാഹുല്‍ ജി. കൃഷ്ണന്‍, സുധാ ഷാജി, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ സിന്ധു പ്രദീപ്, പഞ്ചായത്ത് സെക്രട്ടറി ഇന്‍-ചാര്‍ജ്ജ് രശ്മി മോഹന്‍, ഹെഡ് ക്ലര്‍ക്ക് അനില്‍കുമാര്‍ എ, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സിജോഷ് ജോര്‍ജ്, കുടുംബശ്രീ അക്കൗണ്ടന്റ് സന്ധ്യ, കൃഷി ഓഫീസര്‍ അഖില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മാതൃകാപരമായി കൃഷി നടത്താന്‍ സഹായിച്ച സ്ഥലമുടമ ബൈജു തോണിക്കുഴി, തൊഴിലുറപ്പ് തൊഴിലാളികള്‍, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ സിന്ധു പ്രദീപ് എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു.
0 Comments